| Saturday, 13th April 2019, 7:55 am

മയക്കുമരുന്നു കേസ്: ഹുഗോ ഷാവേസിന്റെ അടുത്ത അനുയായി ഹുഗോ കര്‍ജാവാളെ പൊലീസ് പിടിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മാഡ്രിഡ്: വെനസ്വേലന്‍ സൈനിക രഹസ്യാന്വേഷണ വിഭാഗം മുന്‍ മേധാവി ഹുഗോ കര്‍ജാവാളെ സ്പാനിഷ് പൊലീസ് അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് കടത്തുകേസിലാണ് അറസ്റ്റ്. കേസില്‍ ഇയാള്‍ക്കെതിരെ യു.എസ് നീതിന്യായ വിഭാഗം അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

കൊളംബിയയിലെ ഫാര്‍ക്ക് വിമതരെ സഹായിച്ചെന്നും യു.എസ് വഴിയുള്ള മയക്കുമരുന്ന് കയറ്റുമതി സംരക്ഷിച്ചെന്നും ആരോപിച്ച് 2008ല്‍ കര്‍ജാവാളിനെതിരെ യു.എസ് ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. 2006ല്‍ വെനസ്വേലയില്‍ നിന്ന് മെക്‌സിക്കോയിലേക്ക് 5,600കിലോ കൊക്കേയ്ന്‍ കടത്താന്‍ ഹുഗോ കര്‍ജാവാളെ മുന്‍കൈ എടുത്തെന്നും ആരോപണമുണ്ടായിരുന്നു.

മുന്‍ വെനസ്വേലന്‍ പ്രസിഡന്റ് ഹുഗോ ഷാവേസിന്റെ അടുത്ത അനുയായിയായിരുന്നു ഹുഗോ കര്‍ജാവാള്‍.

ഡച്ച് കരീബിയന്‍ ദ്വീപ് അരൂബയില്‍ വച്ച് കര്‍ജാവാള്‍ അറസ്റ്റിലായിരുന്നു. എന്നാല്‍ അദ്ദേഹത്തെ കൈമാറണമെന്ന യു.എസ് ആവശ്യം നിരസിക്കപ്പെട്ടതോടെ മോചിപ്പിക്കുകയായിരുന്നു. ശനിയാഴ്ച്ച സ്പാനിഷ് ഹൈക്കോടതിയില്‍ കര്‍ജാവാളിനെ ഹാജരാക്കും. കര്‍ജാവാളെ കൈമാറണമെന്ന യു.എസ് അപേക്ഷ കോടതി പരിഗണിക്കും.

കഴിഞ്ഞ ഫെബ്രുവരിയില്‍ നിലവിലെ പ്രസിഡന്റ് നിക്കോളാസ് മഡുറോയ്‌ക്കെതിരെ കര്‍ജാവാള്‍ രംഗത്തെത്തിയിരുന്നു. ഇടക്കാല പ്രസിഡന്റായി സ്വയം പ്രഖ്യാപിച്ച ഹുവാന്‍ ഗ്വായിഡോയ്ക്കാണ് കര്‍ജാവാള്‍ പിന്തുണ അറിയിച്ചത്.

Latest Stories

We use cookies to give you the best possible experience. Learn more