| Thursday, 11th June 2026, 9:06 pm

അറിഞ്ഞിട്ട പേര് മല്ലു അര്‍ജുന്‍; റീ റിലീസില്‍ തിയേറ്റര്‍ തൂക്കി ഹാപ്പി

അശ്വിന്‍ രാജേന്ദ്രന്‍

സമീപകാലത്തായി വലിയ സ്വീകാര്യതയാണ് പഴയ ചിത്രങ്ങളുടെ റീ റിലീസുകള്‍ക്ക് കേരളത്തിലെ തിയേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. മലയാളികളുടെ സ്വന്തം മോഹന്‍ലാല്‍ നായകനായ ഛോട്ടാ മുംബൈയ്ക്ക് വര്‍ഷങ്ങള്‍ക്ക് ശേഷം തിയേറ്ററുകളില്‍ കിട്ടിയ വരവേല്‍പ് വലിയ രീതിയില്‍ സിനിമാ മേഖലയില്‍ ചര്‍ച്ചയായിരുന്നു. ചിത്രമിറങ്ങിയ സമയത്ത് ജനിച്ചിട്ടില്ലാത്തവര്‍ക്കും കുഞ്ഞായിരുന്നവര്‍ക്കും വീണ്ടും തിയേറ്ററുകളില്‍ ആഘോഷിക്കാന്‍ കിട്ടിയ അവസരത്തെ അതിന്റെ പൂര്‍ണതയില്‍ എത്തിച്ചായിരുന്നു ഛോട്ടാ മുംബൈ തിയേറ്റര്‍ വിട്ടത്.

ഛോട്ടാ മുംബൈ. Photo: Book My Show

ഇതിന് പിന്നാലെ മോഹന്‍ലാലിന്റെ തന്നെ രാവണപ്രഭുവിനും ദേവദൂതനും വലിയ സ്വീകാര്യത ലഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഏവരെയും അമ്പരപ്പിച്ചുകൊണ്ടാണ് മല്ലു അര്‍ജുന്‍ എന്ന വിളിപ്പേരില്‍ മലയാളികള്‍ വിളിക്കുന്ന തെലുങ്ക് സൂപ്പര്‍ താരം അല്ലു അര്‍ജുന്റെ ഹാപ്പി, ഇന്ന് (വ്യാഴം) തിയേറ്ററുകളിലേക്കെത്തിയിരിക്കുന്നത്. വര്‍ഷമെത്ര കഴിഞ്ഞാലും താരത്തിനോടും അദ്ദേഹത്തിന്‍രെ ചിത്രങ്ങളോടുമുള്ള മലയാൡകളുടെ ഇഷ്ടത്തില്‍ മാറ്റമില്ലെന്നതിന് തെളിവാണ് ഇപ്പോള്‍ തിയേറ്ററുകളില്‍ നിന്നും പുറത്തുവരുന്ന വീഡിയോകള്‍.

2006ല്‍ എ.കരുണാകരന്‍ സംവിധാനം ചെയ്ത് അല്ലു അര്‍ജുനും ജനീലിയയും പ്രധാനവേഷത്തിലെത്തിയ ഹാപ്പി മൊഴിമാറ്റ ചിത്രമായിരുന്നിട്ട് കൂടി വലിയ സ്വീകാര്യതയായിരുന്നു അന്ന് മലയാളത്തില്‍ നിന്നും ലഭിച്ചിരുന്നത്. 2006ല്‍ കേരളത്തിലെ തിയേറ്ററുകളില്‍ 175 ദിവസം പ്രദര്‍ശനം നടത്തി വലിയ വിജയമായി മാറിയ ചിത്രത്തിലെ ഗാനങ്ങളും കേരളത്തിലെ യുവാക്കള്‍ക്കിടയില്‍ തരംഗം സൃഷ്ടിച്ചിരുന്നു.

ഹാപ്പി. Photo: Book My Show

ഇപ്പോഴിതാ അതേ ഗാനങ്ങള്‍ക്ക് പുതിയ തലമുറ തിയേറ്ററില്‍ നൃത്തം വെക്കുന്ന കാഴ്ചയ്ക്കാണ് സിനിമാ ലോകം സാക്ഷ്യം വഹിക്കുന്നത്. പുഷ്പ എന്ന സുകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തിലൂടെ അല്ലു അര്‍ജുന് പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ഡം ലഭിക്കുന്നതിന് മുമ്പ് തന്നെ മലയാളികള്‍ താരത്തെ സ്വന്തം നാട്ടുകാരനായി സ്വീകരിച്ചിരുന്നു എന്നതിന്റെ ഓര്‍മപ്പെടുത്തലാണ് ഇപ്പോള്‍ ഹാപ്പിയ്ക്ക് കിട്ടുന്ന പ്രതികരണമെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. വലിയ ആവേശത്തില്‍ ചിത്രത്തെ ആരാധകര്‍ ഏറ്റെടുത്തതോടെ വരാനിരിക്കുന്ന ദിവസങ്ങളില്‍ ഹാപ്പിയുടെ ഷോ വര്‍ധിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.

Content Highlight: Huge response for Allu Arjun movie Happy be Happy Re release in kerala

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more