ന്യൂദല്‍ഹി: വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കാനുള്ള ശ്രമത്തിനെതിരെ ആര്‍.എസ്.എസ് ആസ്ഥാനത്തേക്ക് അംബേദ്കറൈറ്റുകളുടെ കൂറ്റന്‍ പ്രതിഷേധ റാലി.
വഞ്ചിത് ബഹുജന്‍ അഘാഡി (വി.ബി.എ)യുടെ നേതൃത്വത്തിലാണ് മാര്‍ച്ച് നടന്നത്. ഇന്നലെ (വെള്ളി) മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലാണ് (ഔറംഗബാദ്) ആയിരക്കണക്കിന് അംബേദ്കറൈറ്റുകള്‍ ആര്‍.എസ്.എസിനെതിരെ തടിച്ചുകൂടിയത്.
ആര്‍.എസ്.എസ് നേതാക്കളെ നേരില്‍ കാണാന്‍ ശ്രമിച്ച വി.ബി.എ പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞത് സംഘര്‍ഷത്തില്‍ കലാശിച്ചു. ക്രാന്തി ചൗക്കില്‍ നിന്ന് ആരംഭിച്ച പ്രതിഷേധത്തില്‍ ഇന്ത്യന്‍ ഭരണഘടനയുടെ പകര്‍പ്പുകളും ദേശീയ പതാകകളും വഹിച്ചുകൊണ്ടായിരുന്നു അംബേദ്കറൈറ്റുകള്‍ പങ്കെടുത്തത്.
ആര്‍.എസ്.എസ് രജിസ്റ്റര്‍ ചെയ്ത സംഘടനയല്ലെന്ന് അംബേദ്കറൈറ്റുകള്‍ ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ ഒരു സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളേജില്‍ ആര്‍.എസ്.എസ് നടത്തിയ മെമ്പര്‍ഷിപ്പ് ക്യാമ്പയിനെ ചോദ്യം ചെയ്ത യുവാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് അംബേദ്കറൈറ്റുകള്‍ തെരുവിലിറങ്ങിയത്.
ഒക്ടോബര്‍ 17ന് ആര്‍.എസ്.എസ് ക്യാമ്പയിനെ ചോദ്യം ചെയ്ത രാഹുല്‍ മകസാരെ, വിജയ് വാഹുല്‍ എന്നീ രണ്ട് യുവാക്കള്‍ അറസ്റ്റിലായിരുന്നു. യുവാക്കള്‍ക്കെതിരെ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. യുവാക്കള്‍ക്കെതിരെ ആര്‍.എസ്.എസ് ഔദ്യോഗികമായി പരാതി നല്‍കിയിട്ടില്ലെന്ന് അംബേദ്കറൈറ്റുകളും പ്രതികരിച്ചു.
പ്രധാനമായും ആര്‍.എസ്.എസ് നേതാക്കളെ നേരില്‍ കണ്ട് ഇന്ത്യന്‍ ഭരണഘടന, ദേശീയ പതാക, മഹാരാഷ്ട്ര പബ്ലിക് ട്രസ്റ്റ് ആക്ട് എന്നീ സമ്മാനങ്ങള്‍ കൈമാറാനാണ് ആഗ്രഹിച്ചിരുന്നതെന്ന് വി.ബി.എ പറഞ്ഞു. എന്നാല്‍ ആര്‍.എസ്.എസ് നേതാക്കള്‍ ഓടിപോകുകയായിരുന്നുവെന്നും വി.ബി.എ നേതാക്കള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
നിലവില്‍ അംബേദ്കറൈറ്റുകളുടെ പ്രതിഷേധ റാലി എക്സില്‍ ചര്‍ച്ചയായിരിക്കുകയാണ്. മഹാരാഷ്ട്രയില്‍ ഇത് ആദ്യത്തെ സംഭവമായിരിക്കുമെന്നാണ് പലരുടെയും പ്രതികരണം.
നമ്മുടെ രാജ്യം മനുവാദ് അല്ലെന്നും അംബേദ്കറുടെയും ഫുലെയുടെയും പ്രത്യയശാസ്ത്രങ്ങള്‍ കൊണ്ട് നയിക്കപ്പെടുമെന്നും ആര്‍.എസ്.എസ് ആസ്ഥാനത്തെ പ്രതിഷേധ റാലിയെ പിന്തുണച്ച് പ്രകാശ് അംബേദ്കര്‍ പറഞ്ഞു. ആര്‍.എസ്.എസിന് വലിയ സ്വാധീനമുള്ള സംസ്ഥാനമായിരുന്നിട്ട് കൂടി മഹാരാഷ്ട്രയില്‍ ഇതാണ് അവസ്ഥയെന്നും ചിലര്‍ പ്രതികരിക്കുന്നുണ്ട്.
Content Highlight: Huge protest rally of Ambedkarites at Maharashtra RSS headquarters