| Sunday, 20th July 2025, 9:32 am

ചെറുകിട ബോട്ടുകൾക്ക് വൻതുക ലൈസൻസ് ഫീസ്; മത്സ്യ തൊഴിലാളികൾ പ്രതിസന്ധിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്തെ ചെറുകിട ബോട്ടുകൾക്ക് വൻ തുക ലൈസൻസ് ഫീസ് ചുമത്തുന്നു. വലിയ ബോട്ടുകൾക്ക് നൽകേണ്ട ഫീസ് ചെറുകിട ബോട്ടുകൾക്കും ചുമത്തുന്നത് മത്സ്യ തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്നുവെന്ന് ന്യൂസ് മലയാളം റിപ്പോർട്ട് ചെയ്തു.

വലിയ ബോട്ടുകൾക്കുള്ള ഭീമമായ ഫീസ് നിരക്ക് ചെറിയ ബോട്ടുകൾക്കും ഏർപ്പെടുത്തുന്നത് തങ്ങളുടെ തൊഴിൽ തന്നെ ഇല്ലാതാക്കുന്നുവെന്ന് തൊഴിലാളികൾ പറയുന്നു. നിരക്ക് കുറക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ഏഴ് വർഷത്തിനിടെ പലതവണ നിവേദനങ്ങൾ നൽകിയിട്ടും സർക്കാരിൽ നിന്നും അനുകൂലമായ മറുപടി ലഭിച്ചില്ലെന്ന് മത്സ്യ തൊഴിലാളികൾ പറയുന്നു.

ബോട്ടുകളുടെ നീളവും, വീതിയും, എഞ്ചിന്റെ പവറും അനുസരിച്ച് ലൈസൻസ് ഫീസ് നിശ്ചയിച്ച് ഈ നിരക്കിൽ മാറ്റം കൊണ്ടുവരണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം.

2018ലാണ് എല്ലാ മത്സ്യബന്ധന ബോട്ടുകൾക്കും ഒരേ ലൈസൻസ് ഫീസ് നിരക്ക് ഏർപ്പെടുത്തിയത്. 100 എച്ച്‌.പി മുതൽ 120 എച്ച്‌.പി വരെയുള്ള എഞ്ചിൻ പവർ ഉപയോഗിച്ച് പരമാവധി 10 നോട്ടിക്കൽ മൈൽ ദൂരം പോയി മത്സ്യബന്ധനം നടത്തുന്ന ചെറിയ ബോട്ടുകാർക്ക് ഇത് തിരിച്ചടിയായി.

പുതിയ ഫീസ് നിരക്കിൽ ഇവരുടെ ലൈസൻസ് ഫീസ് 2,120 രൂപയിൽ നിന്നും 12 ഇരട്ടി വർധിച്ച്, 26,250 രൂപയായി മാറി. 450 എച്ച്‌.പി 500 എച്ച്.പി വരെ എഞ്ചിൻ ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്ന വലിയ ബോട്ടുകളും ഇതേ ഫീസ് അടച്ചാൽ മതി. പരമാവധി ആറ് പേർ മാത്രം ജോലിക്കുപോകുന്ന ചെറിയ ബോട്ടുകൾക്ക് വൻകിട ബോട്ടുകളുടെ ഫീസ് നൽകേണ്ടി വരുന്നതോടെ മത്സ്യ തൊഴിലാളികൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുകയാണ്.

വലിയ ബോട്ടുകൾ ഉപയോഗിച്ച് ഏഴ് മുതൽ എട്ട് ദിവസം വരെ കടലിൽ ജോലി ചെയ്യാൻ സാധിക്കുമെന്നും എന്നാൽ ചെറിയ ബോട്ടുകാർക്ക് ഒരു ദിവസം 13 മണിക്കൂറിൽ കൂടുതൽ കടലിൽ ജോലി ചെയ്യാൻ അനുവാദമില്ലെന്നും തൊഴിലാളികൾ പറയുന്നു.

‘നിലവിൽ കേരളത്തിൽ ഒരു ടാങ്കർ ലോറിക്കുള്ള പെർമിട്ടല്ല സാധാരണ ടൂ വീലറിനുള്ളത്. എഞ്ചിനനുസരിച്ച് പെർമിറ്റ് ഫീസിൽ മാറ്റം വരും. പക്ഷേ ഞങ്ങളുടെ കടലോര മേഖലയിൽ അങ്ങനെയല്ല. 105 അടിയുള്ള വലിയ ബോട്ടിനും 35 അടിയുള്ള ബോട്ടിനും ഒരേ ലൈസൻസ് ഫീസാണ് ഈടാക്കുന്നത്. 26,250 രൂപ. വലിയ ബോട്ടുകാർക്ക് 10 മാസത്തെ പണി ഉണ്ടാകും. ഞങ്ങൾക്കാകട്ടെ ഏഴ് മാസത്തെ പണിയേ ഉണ്ടാകു. അവരെയും ഞങ്ങളെയും ഒരേ കാറ്റഗറിയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്,’ തൊഴിലാളികൾ പറയുന്നു.

മാത്രമല്ല ട്രോളിങ് നിരോധനം കഴിഞ്ഞാൽ വലിയ ബോട്ടുകാർക്ക് പത്തരമാസം ജോലിയുണ്ട്. ചെറിയ ബോട്ടുകാർക്ക് ആറുമാസം വരെയെ ജോലിയുണ്ടാവുകയേയുള്ളു.

ലൈസൻസ് ഫീസ് അടയ്ക്കാൻ ദിവസങ്ങൾ മാത്രം വൈകിയാൽ പോലും ഫിഷറീസ് വകുപ്പ് ഭീമമായ പിഴ ചുമത്തുന്നതായും ആരോപണം ഉണ്ട്. മത്സ്യബന്ധന സാമഗ്രിയായ സ്ക്വയർ മെഷ് ക്വാഡ്രന്റിന് 4200 രൂപയും, ക്ഷേമ നിധിയിലേക്ക് കൊടുക്കേണ്ട 5400 രൂപയുമടക്കം മൊത്തം 35,850 രൂപയാണ് ബോട്ടുകൾ അടക്കേണ്ടത്. വർഷത്തിൽ ഏഴ് മാസം മാത്രം മത്സ്യബന്ധനം നടത്തുന്ന ചെറിയ ബോട്ടുകൾക്ക് ഇത്രയും തുക അടക്കാൻ ബുദ്ധിമുട്ടാണെന്ന് തൊഴിലാളികൾ പറയുന്നു.

ഡീസൽ സബ്‌സിഡി നിർത്തലാക്കിയതിൽ നേരത്തെ മത്സ്യതൊഴിലാളികൾ കടുത്ത പ്രതിഷേധം ഉയർത്തിയിരുന്നു. ഫിഷറീസ് വകുപ്പിന്റെ നടപടികൾക്കെതിരെ നിയമ നടപടികൾക്കും, പ്രക്ഷോഭങ്ങൾക്കും ഒരുങ്ങാനാണ് ബോട്ടുടമകളുടെ തീരുമാനം.

Content Highlight: Huge license fees for small boats; Fishermen in crisis

We use cookies to give you the best possible experience. Learn more