പത്തനംതിട്ട: ശബരിമലയിലെ വന്‍ ഭക്തജന തിരക്ക് നിയന്ത്രിക്കാനായി കേന്ദ്ര ദുരന്ത നിവാരണ സേന (എന്‍.ഡി.ആര്‍.എഫ്) എത്തുന്നു. രണ്ട് എന്‍.ഡി.ആര്‍.എഫ് സംഘങ്ങളാണ് ശബരിമലയിലേക്ക് നാളെ (ബുധനാഴ്ച) എത്തുക. 32 പേരുടെ ആദ്യ സംഘം രാവിലെയും വൈകിട്ട് മറ്റൊരു സംഘവും എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.
വൃശ്ചിക മാസം ആരംഭിച്ചതോടെ ശബരിമലയില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. മണിക്കൂറുകള്‍ ക്യൂവില്‍നിന്ന് അവശരായ പലരും തിരികെ മടങ്ങിയെന്ന റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു.
നട തുറന്ന് രണ്ടാം ദിവസമുണ്ടായത് അപ്രതീക്ഷിതമായ തിരക്കാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍ പ്രതികരിച്ചിരുന്നു.
ഈ തിരക്ക് അപകടകരമായ രീതിയിലുള്ളതായിരുന്നെന്നും ഭക്തര്‍ പലരും ക്യൂ നില്‍ക്കാതെ തള്ളിക്കയറിയതിനാലാണ് തിരക്ക് കൂടിയതെന്നും ആളുകള്‍ ക്യൂ കോംപ്ലക്‌സുകളില്‍ കയറാന്‍ തയ്യാറായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം, വന്‍ തിരക്ക് നിയന്ത്രിക്കാനായി സ്‌പോട്ട് ബുക്കിങ് 20,000 പേര്‍ക്ക് മാത്രമായി വെട്ടിക്കുറയ്ക്കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിരുന്നു. അധികമായി എത്തുന്നവര്‍ക്ക് അടുത്ത ദിവസം ദര്‍ശനം നടത്താനായി ക്രമീകരണം ഏര്‍പ്പെടുത്തും.
അതുവരെ ഭക്തര്‍ക്ക് തങ്ങാനായി നിലയ്ക്കലില്‍ സൗകര്യമൊരുക്കും. പമ്പയില്‍ കൂടുതല്‍ സ്‌പോട്ട് ബുക്കിങ് കൗണ്ടറുകള്‍ തുറക്കാനും തീരുമാനമായി.
മരക്കൂട്ടം, ശരംകുത്തി, സന്നിധാനം എന്നിങ്ങനെയുള്ള പാതയില്‍ ക്യൂ കോംപ്ലക്‌സുകള്‍ കൂടുതല്‍ പ്രവര്‍ത്തനക്ഷമമാക്കാനും ഇവിടെ കുടിവെള്ളവും ലഘുഭക്ഷണവും ചുക്ക് കാപ്പിയും ലഭ്യമാക്കാനും തീരുമാനിച്ചിട്ടുണ്ട്. അധിക ജീവനക്കാരെയും ഇതിനായി നിയമിച്ചിട്ടുണ്ട്.
കൂടാതെ പമ്പയില്‍ എത്തുന്നവര്‍ക്ക് എത്രയും പെട്ടെന്ന് ദര്‍ശനം പൂര്‍ത്തിയാക്കി നിശ്ചിത സമയത്തിനുള്ളില്‍ മടങ്ങാന്‍ സാഹചര്യമൊരുക്കും.
സന്നിധാനത്ത് കാര്യങ്ങള് കൈവിട്ടുപോയിട്ടില്ലെന്നും കൂടുതല്‍ ഭക്തരെത്തിയത് നിയന്ത്രിക്കുന്നതിലുള്ള പ്രായോഗിക ബുദ്ധിമുട്ട് മാത്രമാണ് ഉണ്ടായതെന്നും എ.ഡി.ജി.പി എസ്. ശ്രീജിത്ത് പ്രതികരിച്ചിരുന്നു.
Content Highlight: Huge crowd at Sabarimala: Two NDRF teams sent to the shrine