| Tuesday, 20th October 2026, 6:00 pm

ഇയാളെ വെച്ച് ഔട്ട് ആന്‍ഡ് ഔട്ട് മാസ് പടം ചെയ്യാന്‍ ആരുമില്ലേയെന്ന് സിനിമാപ്രേമികള്‍, ജയിലര്‍ 2ല്‍ തലൈവര്‍ക്കൊപ്പം സ്‌ക്രീന്‍ കത്തിച്ച് ഹൃതിക് റോഷന്‍

അമര്‍നാഥ് എം.

കണ്മുന്നിലുള്ള റെക്കോഡുകള്‍ ഒന്നുവിടാതെ തകര്‍ത്ത് മുന്നേറുകയാണ് ജയിലര്‍ 2. റിലീസ് ചെയ്ത് നാല് ദിവസം കൊണ്ട് 400 കോടിയിലേറെ ചിത്രം നേടിക്കഴിഞ്ഞു. എല്ലാം ഒത്തുവന്നാല്‍ തമിഴിലെ ആദ്യ 1000 കോടി ചിത്രമായി ജയിലര്‍ 2 മാറുമെന്നാണ് ട്രാക്കര്‍മാരുടെ കണക്കുകൂട്ടല്‍. 75ാം വയസിലും തന്റെ സ്വാഗും സ്‌റ്റൈലും കണ്ട് ആരാധകരെ ആവേശത്തിലാക്കാന്‍ രജിനിക്ക് സാധിക്കുമെന്ന് ജയിലര്‍ 2 തെളിയിച്ചു.

രജിനിക്ക് പുറമെ വലിയൊരു താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ചെറുതും വലുതുമായ വേഷങ്ങളില്‍ ഇന്ത്യന്‍ സിനിമയിലെ വമ്പന്മാര്‍ ചിത്രത്തിന്റെ ഭാഗമാണ്. ആദ്യഭാഗത്തേത് പോലെ രണ്ടാം ഭാഗത്തിലും കാമിയോ റോളില്‍ പലരും എത്തുന്നുണ്ട്. മോഹന്‍ലാല്‍, ശിവരാജ്കുമാര്‍, ജാക്കി ഷ്‌റോഫ് എന്നിവര്‍ ചെറിയ സ്‌ക്രീന്‍ ടൈമില്‍ തിയേറ്ററുകളെ പൂരപ്പറമ്പാക്കി മാറ്റി.

കാമിയോകളില്‍ ഇത്തവണ പുതിയ എന്‍ട്രിയായി ഹൃതിക് റോഷനും എത്തുന്നുണ്ട്. മുത്തുവേല്‍ പാണ്ഡ്യനെ രക്ഷിക്കാനെത്തുന്ന റോഡി എന്ന കഥാപാത്രമായാണ് ഹൃതിക് വേഷമിടുന്നത്. ഇരുവരും ഒന്നിച്ചുള്ള സീന്‍ തിയേറ്ററുകളെ ഇളക്കിമറിച്ചു. ബോളിവുഡില്‍ സ്‌ക്രീന്‍ പ്രസന്‍സിന്റെ തമ്പുരാനെന്ന് പറയപ്പെടുന്ന ഹൃതിക് പോലും രജിനിയുടെ ഓറക്ക് മുന്നില്‍ നിഷ്പ്രഭമായെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്.

വെറും അഞ്ച് മിനിറ്റ് റോളില്‍ മാസിന്റെ അങ്ങേയറ്റം പ്രസന്റ് ചെയ്യാന്‍ ഹൃതിക്കിന് സാധിച്ചു. വാറിന് ശേഷം ഹൃതിക്കിന്റെ സ്‌ക്രീന്‍ പ്രസന്‍സും മാസ് ഓറയും ഉപയോഗിച്ച ചിത്രമാണിതെന്ന് ആരാധകര്‍ കമന്റ് പങ്കുവെക്കുന്നുണ്ട്. എന്നാല്‍ ഹൃതിക്കിനെ നായകനാക്കി ഒരു ഔട്ട് ആന്‍ഡ് ഔട്ട് മാസ് പടം ചെയ്യാന്‍ ആരുമില്ലേ എന്നും ചോദ്യങ്ങള്‍ ഉയരുന്നു.

അപാര പൊട്ടന്‍ഷ്യലുണ്ടായിരുന്നിട്ടും അതിനെ കൃത്യമായി ഉപയോഗിക്കാന്‍ താരത്തിന് സാധിച്ചിരുന്നില്ല. അടുത്തിടെ നടന്ന സര്‍ജറിയെല്ലാം ഹൃതിക്കിന്റെ കരിയറിനെ സാരമായി ബാധിച്ചു. ഓരോ പ്രൊജക്ടിനും വേണ്ടി ഒരുപാട് സമയമെടുക്കുന്നതും ആരാധകര്‍ക്ക് നിരാശ സമ്മാനിക്കുന്നുണ്ട്. വിക്രം വേദ പോലുള്ള റീമേക്കും വാര്‍ 2 പോലെ ഓവര്‍ ദി ടോപ് പരിപാടികളും ബോളിവുഡിന് മടുത്തു തുടങ്ങിയതും താരത്തിന് തിരിച്ചടിയായി.

നിലവില്‍ ക്രിഷ് 4ന്റെ പ്രീ പ്രൊഡക്ഷനിലാണ് ഹൃതിക് റോഷന്‍. ചിത്രം സംവിധാനം ചെയ്യുന്നതും ഹൃതിക് തന്നെയാണ്. സിനിമാപ്രേമികള്‍ക്കിടയില്‍ വലിയ ഫാന്‍ ഫോളോയിങ്ങുള്ള സൂപ്പര്‍ഹീറോയുടെ നാലാം വരവ് എങ്ങനെയാണെന്ന് പലരും ഉറ്റുനോക്കുന്നു. മിന്നല്‍ മുരളി, ഹനുമാന്‍ പോലുള്ള സൂപ്പര്‍ഹീറോ സിനിമകള്‍ വലിയ റീച്ച് നേടുന്നത് ക്രിഷ് 4ന് തിരിച്ചടിയാകുമോ എന്നും ചര്‍ച്ചകളുണ്ട്.

Content Highlight: Hrithik Roshan’s cameo in Jailer 2 celebrating by fans

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more