ഇന്ത്യന്‍ സിനിമയില്‍ തന്നെ ഏറ്റവും കൂടുതല്‍ മുതല്‍മുടക്കില്‍ എത്തുന്ന പ്രൊജക്ടെന്ന വിശേഷണത്തോടെ അണിയറയില്‍ ഒരുങ്ങുന്ന ചിത്രമാണ് രാമായണ. 4000 കോടിയോളം ചെലവഴിച്ച് എത്തുന്ന ചിത്രത്തിലെ രണ്‍ബീര്‍ കപൂര്‍ അവതരിപ്പിക്കുന്ന രാമന്‍ എന്ന കഥാപാത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. വലിയ വിമര്‍ശനമായിരുന്നു ചിത്രത്തിലെ വി.എഫ്.എക്‌സിനെതിരെ ഓണ്‍ലൈന്‍ സിനിമാപ്രേമികള്‍ക്കിടയില്‍ നിന്നും ഉയര്‍ന്നത്.
സംവിധായകനും അണിയറപ്രവര്‍ത്തകര്‍ക്കുമെതിരെയുള്ള വിമര്‍ശനങ്ങള്‍ അതിരുവിട്ടതോടെ ഇവര്‍ക്ക് പിന്തുണയുമായെത്തിയിരിക്കുകയാണ് ബോളിവുഡ് താരം ഹൃത്വിക് റോഷന്‍. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് താരം നിതീഷ് തിവാരി സംവിധാനം ചെയ്ത രാമായണ ടീസറിനെയും സംവിധായകനെയും പ്രതിരോധിച്ചത്.
രാമായണ ടീസറില്‍ നിന്നും. Photo: World Of Ramayana
മോശം വി.എഫ്.എക്‌സ് ഉള്ള ചിത്രങ്ങള്‍ കാണുക സങ്കടകരമാണെന്നും അത് താന്‍ അഭിനയിച്ച ചിത്രമാണെങ്കില്‍ കൂടുതല്‍ പ്രയാസകരമായി മാറുമെന്നും പറഞ്ഞുകൊണ്ടാണ് ഹൃത്വിക് കുറിപ്പ് ആരംഭിക്കുന്നത്. തുടര്‍ന്ന് കല്‍ക്കി, ബാഹുബലി, രാമായണ തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മിക്കാന്‍ ധൈര്യം കാണിച്ച സംവിധായകര്‍ തന്റെ ഹീറോയാണെന്ന് പറഞ്ഞ താരം കുട്ടിക്കാലത്ത് താന്‍ കണ്ട ചിത്രത്തെക്കുറിച്ചും അത് തന്നെ എത്രമാത്രം സ്വാധീനിച്ചുവെന്നും ഓര്‍ത്തെടുത്തു.
എല്ലാ വി.എഫ്.എക്‌സുകളും ഫോട്ടോറിയലിസ്റ്റിക്ക് ആകേണ്ടതില്ലെന്നും ഓരോ ചിത്രങ്ങള്‍ക്കും അതിന്റതായ രീതിയുണ്ടെന്നും പറഞ്ഞ ഹൃത്വിക് ചില സംവിധായകര്‍ക്ക് ഇത് കൂടുതല്‍ മനോഹരമാക്കാന്‍ സാധിക്കാത്തതാണെന്നും ഇതിന്റെ അര്‍ത്ഥം അവര്‍ പൂര്‍മണായി പരാജയപ്പെട്ടതല്ലെന്നും ഓര്‍മിപ്പിച്ചു.
ചില സമയങ്ങളില്‍ നിങ്ങള്‍ കാണുന്ന വി.എഫ്.എക്‌സ് മോശമായതിന് പകരം നിങ്ങള്‍ ഉദ്ദേശിച്ച സ്റ്റൈല്‍ അതാകാതിരിക്കാനും സാധ്യതയുണ്ട്. അതുകൊണ്ട് അടുത്ത തവണ ഒരു ചിത്രം കണ്ടതിന് ശേഷം വി.എഫ്.എക്‌സ് നിങ്ങള്‍ക്ക് ഇഷ്ടപ്പെടാത്തതാണോ എന്നതിന് പകരം കഥക്ക് അത് അനുയോജിക്കുന്നുണ്ടോ എന്ന് പരിശോധിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് ഹൃത്വിക് കുറിപ്പ് അവസാനിപ്പിക്കുന്നത്.
ചിച്ചോരെക്ക് ശേഷം നിതിഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രാമനായെത്തുന്ന രണ്‍ബീറിന് പുറമെ സീതയായി സായ് പല്ലവിയും രാവണനായി യഷും ലക്ഷ്മണനായി രവി ദുബെയും ഹനുമാനായി സണ്ണി ഡിയോളും വേഷമിടുന്നുണ്ട്. എ.ആര്‍ റഹ്‌മാനൊപ്പം ലോകപ്രശസ്ത സംഗീജ്ഞനായ ഹാന്‍സ് സിമ്മറാണ് ചിത്രത്തിന്റെ സംഗീതം കൈകാര്യം ചെയ്യുന്നതെന്ന പ്രത്യേകതയുമുണ്ട്.
Content Highlight: Hrithik Roshan defends Ramayana teaser and director Nitesh Tiwari