| Tuesday, 26th August 2025, 5:51 pm

വിരലുകള്‍ പോലും അഭിനയിക്കുന്ന ലാലേട്ടന്‍ മാജിക് വീണ്ടും, കഥ വെളിപ്പെടുത്താതെ ഹൃദയപൂര്‍വം ട്രെയ്‌ലര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചെറിയൊരു ഇടവേളക്ക് ശേഷം തിയേറ്ററുകള്‍ വീണ്ടും നിറയാന്‍ പോകുന്ന സീസണാണ് വരുന്നത്. തുടരുമിന് ശേഷം വലിയൊരു ഹിറ്റില്ലാതിരിക്കുന്ന മലയാള സിനിമ ഓണം റിലീസുകളിലൂടെ വീണ്ടും സജീവമാകാന്‍ പോവുകയാണ്. വിവിധ ഴോണറുകളിലുള്ള ഒരുപിടി ചിത്രങ്ങള്‍ ഈ ഓണത്തിന് ബോക്‌സ് ഓഫീസില്‍ ഏറ്റുമുട്ടാനൊരുങ്ങുകയാണ്.

ഓണം റിലീസുകളില്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഹൃദയപൂര്‍വം. മലയാളികള്‍ക്ക് എക്കാലവും ഓര്‍ത്തിരിക്കാന്‍ ഒരുപിടി ഹിറ്റുകള്‍ സമ്മാനിച്ച മോഹന്‍ലാല്‍- സത്യന്‍ അന്തിക്കാട് കോമ്പോ ഒന്നിക്കുന്നു എന്നതാണ് ഹൃദയപൂര്‍വത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. 11 വര്‍ഷത്തിന് ശേഷമാണ് ഇരുവരും ഒന്നിക്കുന്നത്.

ചിത്രത്തിന്റെ ട്രെയ്‌ലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. സത്യന്‍ അന്തിക്കാടിന്റെ സ്ഥിരം പാറ്റേണില്‍ നിന്ന് മാറി സഞ്ചരിക്കുന്ന കഥയാണ് ഹൃദയപൂര്‍വമെന്ന് ട്രെയ്‌ലര്‍ സൂചന നല്‍കുന്നു. കോമഡിയും ഇമോഷനുമെല്ലാമുള്ള ഫീല്‍ ഗുഡ് ചിത്രമാണെന്ന് അണിയറപ്രവര്‍ത്തകര്‍ ആദ്യമേ സൂചന നല്‍കിയിട്ടുണ്ടായിരുന്നു.

മോഹന്‍ലാലിന്റേതായിട്ടുള്ള വ്യത്യസ്ത എക്‌സ്പ്രഷനുകളില്‍ ചിലത് ട്രെയ്‌ലറില്‍ കാണാന്‍ സാധിക്കുന്നുണ്ട്. ബ്രോ ഡാഡിക്ക് ശേഷം മോഹന്‍ലാലിലെ ഹാസ്യഭാവങ്ങള്‍ പരമാവധി ഉപയോഗിക്കുന്ന ചിത്രമാകും ഹൃദയപൂര്‍വമെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. സംഗീത് പ്രതാപുമൊത്തുള്ള രംഗങ്ങള്‍ സിനിമയുടെ ഹൈലൈറ്റാകുമെന്ന് ഉറപ്പായിക്കഴിഞ്ഞു.

കോമഡി മാത്രമല്ല, സീരിയസായിട്ടുള്ള ഇമോഷണല്‍ രംഗങ്ങളും ചിത്രത്തിലുണ്ടെന്നാണ് സൂചന. സന്ദീപ് എന്നയാള്‍ ഹാര്‍ട്ട് ട്രാന്‍സ്പ്ലാന്റേഷന് ശേഷം തനിക്ക് ഹൃദയം തന്നയാളുടെ കുടുംബത്തെ കാണാന്‍ പോകുന്നതും പിന്നീട് നടക്കുന്ന കാര്യങ്ങളുമാണ് ചിത്രത്തിന്റെ കഥ. മോഹന്‍ലാലാണ് സന്ദീപായി വേഷമിടുന്നത്. ജെറി എന്ന ഹോം നേഴ്‌സിന്റെ വേഷമാണ് സംഗീത് പ്രതാപിന്.

മാളവിക മോഹനന്‍, സംഗീത മാധവന്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ലാലു അലക്‌സ്, സിദ്ദിഖ്, നിഷാന്‍, ബാബുരാജ് എന്നിവരാണ് മറ്റ് താരങ്ങള്‍. ജസ്റ്റിന്‍ പ്രഭാകറാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രം ഓഗസ്റ്റ് 28ന് തിയേറ്ററുകളിലെത്തും.

Content Highlight: Hridayapoorvam trailer out now

We use cookies to give you the best possible experience. Learn more