ഓണത്തിന് ഏറെ പ്രതീക്ഷയോടെയുള്ള ചിത്രങ്ങളിലൊന്നാണ് ഹൃദയപൂർവ്വം. സത്യൻ അന്തിക്കാടും മോഹൻലാലും ഒന്നിക്കുന്ന ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് മോഹൻലാൽ.
താനും സത്യൻ അന്തിക്കാടുമുള്ള ചിത്രങ്ങളിൽ കണ്ടിരുന്ന ഒരുപാട് പേര് ഈ സിനിമയിൽ ഇല്ലെന്ന് അദ്ദേഹം പറയുന്നു.
‘ഹൃദയപൂർവ്വത്തിൽ സാധാരണ ഞാനും സത്യേട്ടനുമുള്ള സിനിമകളിലെ ഒരുപാട് പേര് ഇപ്പോഴില്ല. അവരൊക്കെ നമ്മളെ വിട്ടുപോയി. അതുകൊണ്ട് തന്നെ അത്തരത്തിലുള്ള സിനിമയെപ്പറ്റി ചിന്തിക്കാൻ പ്രയാസമാണ്. ഈ സിനിമയിൽ കൂടുതലുള്ളത് പുതിയ ആളുകളാണ്,’ മോഹൻലാൽ പറയുന്നു.
സിനിമയിലെ മ്യൂസിക്, ക്യാമറ, കോ- സ്റ്റാർസൊക്കെ പുതിയ ആളുകളാണെന്നും ഹൃദയപൂർവ്വത്തിന്റെ കഥ പുതിയതാണെന്നും മോഹൻലാൽ പറയുന്നു.
മലയാള സിനിമയിൽ അത്തരമൊരു കഥ വന്നിട്ടുണ്ടാകില്ലെന്നും എല്ലാം പുതിയ കാര്യങ്ങളാണ് താനും സത്യൻ അന്തിക്കാടും ചേർന്ന് പ്രേക്ഷകർക്ക് വേണ്ടി ഒരുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തങ്ങളുടെ 20ാമത്തെ സിനിമയാണെന്നും 40 വർഷത്തെ ബന്ധമാണെന്നും പറഞ്ഞ മോഹൻലാൽ, സാധാരണ സത്യൻ അന്തിക്കാട് ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായുള്ള ചിത്രമാണിതെന്നും കൂട്ടിച്ചേർത്തു.
കേരളത്തിന് പുറത്താണ് ഈ ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നതെന്നും ഓണത്തിന് കുടുംബസമേതം പോയി കാണാൻ സാധിക്കുന്ന ചിത്രമാണ് ഹൃദയപൂർവ്വം എന്നും അദ്ദേഹം പറയുന്നു. സത്യൻ അന്തിക്കാട് ചിത്രങ്ങൾ അത്തരത്തിലുള്ള ചിത്രങ്ങളാണെന്നും ഒരുപാട് പ്രത്യേകതകളുണ്ടാകാൻ സാധ്യതയുള്ള സിനിമയാണെന്നും നടൻ പറഞ്ഞു.
സിനിമയുടെ കഥയുമായിട്ട് ഹൃദയപൂർവ്വം എന്ന പേരിന് വളരെ ബന്ധമുണ്ടെന്നും അതുകൊണ്ടാണ് ആ പേര് താനിട്ടതെന്നും മോഹൻലാൽ പറയുന്നു. അതെന്താണെന്ന് പറഞ്ഞാൽ കഥയുടെ സസ്‌പെൻസ് പോകുമെന്നും അത് സിനിമ കാണുമ്പോൾ മനസിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് സിനിമയുടെ ഗതി പോലെയിരിക്കുമെന്നും തനിക്ക് തോന്നുന്ന കാര്യമാണ് താൻ പറഞ്ഞതെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.
സാധാരണ സത്യൻ അന്തിക്കാട് ചിത്രങ്ങളിൽ ചിത്രത്തിന്റെ ഷൂട്ട് തുടങ്ങി ഒരുപാട് നാളുകൾ കഴിഞ്ഞിട്ടാണ് പേര് പുറത്ത് വിടുകയുള്ളുവെന്നും എന്നാൽ ഈ ചിത്രത്തിന്റെ പേര് ആദ്യമേ പുറത്ത് വിട്ടുവെന്നും അദ്ദേഹം പറഞ്ഞു.
‘എന്നോട് എഴുതാമോ എന്ന് ചോദിച്ചു. ഞാനാണ് ഈ പേര് എഴുതിയിരിക്കുന്നത്,’ മോഹൻലാൽ കൂട്ടിച്ചേർത്തു. ന്യൂസ് 18നോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹൃദയപൂർവ്വം
സത്യൻ അന്തിക്കാട് – മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങുന്ന സിനിമയാണ് ഹൃദയപൂർവ്വം. ചിത്രം ഓഗസ്റ്റ് 28ന് തിയേറ്ററിലെത്തും. 10 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സത്യൻ അന്തിക്കാട്- മോഹൻലാൽ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നത്. 2015ൽ പുറത്തിറങ്ങിയ എന്നും എപ്പോഴും എന്ന ചിത്രത്തിലായിരുന്നു ഇരുവരും അവസാനമായി ഒന്നിച്ചത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് സിനിമ നിർമിക്കുന്നത്.
Content Highlight: Hridayapoorvam’s story is one that has never been seen in Malayalam cinema says Mohanlal