| Tuesday, 23rd September 2025, 2:43 pm

എവര്‍ ക്ലാസിക് കോമ്പോയുടെ ഹൃദയപൂര്‍വ്വം ഇനി ഒ.ടി.ടിയില്‍; എവിടെ കാണാം?

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയിലെ എവര്‍ ക്ലാസിക് കോമ്പോ സത്യന്‍ അന്തിക്കാട് – മോഹന്‍ലാല്‍ വീണ്ടും ഒന്നിച്ച ഹൃദയപൂര്‍വ്വം റിലീസിന് മുമ്പ് തന്നെ പ്രേക്ഷക ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.

ഒരുപാട് സസ്പെന്‍സുകളൊന്നും അവകാശപ്പെടാനില്ലാത്ത ഒരു തനി സത്യന്‍ അന്തിക്കാട് ചിത്രമായിരുന്നു ഹൃദയപൂര്‍വ്വം.
ഹൃദയമാറ്റ ശസ്ത്രക്കിയക്ക് വിധേയനായ സന്ദീപ് എന്ന വ്യക്തിയെ ചുറ്റിപ്പറ്റിയുള്ള കഥയാണ് ഹൃദയപൂര്‍വ്വം പറയുന്നത്.

ഓണം റിലീസ് ആയി എത്തിയ ചിത്രം ഓഗസ്റ്റ് 28നാണ് റിലീസ് ചെയ്തത്. കുടുംബ പ്രേക്ഷകരില്‍ നിന്നും മികച്ച അഭിപ്രായം നേടാന്‍ ചിത്രത്തിന് സാധിച്ചു. ആഗോള ബോക്‌സ് ഓഫീസില്‍ നിന്നും 75 കോടിയിലധികം നേടാനും ചിത്രത്തിന് സാധിച്ചു. ഇപ്പോഴിതാ ഒ.ടി.ടിയിലേക്ക് എത്താന്‍ പോകുകയാണ് ചിത്രം. ഈ മാസം 26ന് ചിത്രം സ്ട്രീമിങ് ആരംഭിക്കും. ജിയോ ഹോട്ട്സ്റ്റാറിലൂടെ ചിത്രം പ്രേക്ഷകര്‍ക്ക് കാണാന്‍ സാധിക്കും. ഹൃദയപൂര്‍വ്വത്തിന്റെ ഓണ്‍ലൈന്‍ റിലീസിന് മുന്നോടിയായി പുതിയൊരു ട്രെയ്‌ലറും പുറത്ത് വിട്ടിട്ടുണ്ട്.

മോഹന്‍ലാലിനെ കൂടാതെ സംഗീത് പ്രതാപ്, മാളവിക മോഹനന്‍, ലാലു അലക്‌സ്, സിദ്ദീഖ്, സംഗീത, ജനാര്‍ദ്ദനന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ബേസില്‍ ജോസഫ്, മീര ജാസ്മിന്‍, അല്‍ത്താഫ് സലീം എന്നിവരും ചിത്രത്തിലുണ്ട്.

സന്ദീപ് ബാലകൃഷ്ണന്‍ എന്ന ക്ലൗഡ് കിച്ചണ്‍ ഉടമയായിട്ടാണ് മോഹന്‍ലാല്‍ എത്തുന്നത്.
മോഹന്‍ലാലിന്റെ സഹായിയായ ജെറിയായി എത്തുന്നത് സംഗീത് പ്രതാപാണ്.ഹരിതയായി മാളവിക മോഹനനും ഹരിതയുടെ അമ്മയായി സംഗീതയും ചിത്രത്തിലെത്തുന്നു.

സത്യന്‍ അന്തിക്കാടിന്റെ മകന്‍ അഖില്‍ സത്യന്റെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയത് നവാഗതനായ ടി.പി സോനുവാണ്. ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് അനു മൂത്തേടത്ത് ആണ്.

പത്ത് വര്‍ഷത്തിന് ശേഷം മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന ചിത്രവും ഇരുവരും ഒന്നിച്ച 20ാമത്തെ സിനിമയുമാണ് ഇത്.

Content Highlight: Hridayapoorvam OTT Release Date Out

We use cookies to give you the best possible experience. Learn more