| Saturday, 14th June 2025, 9:47 am

ഞാന്‍ സെലക്ഷന്‍ പാനലിന്റെ ഭാഗമായിരുന്നെങ്കില്‍ അവനെ പരിഗണിക്കുമായിരുന്നു: സൂപ്പര്‍ താരത്തിന് പിന്തുണയുമായി ഹര്‍ഭജന്‍ സിങ്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്കുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. ജൂണ്‍ 20ന് ആരംഭിക്കുന്ന അഞ്ച് മത്സരങ്ങളടങ്ങുന്ന പരമ്പരയ്ക്ക് വേണ്ടി 18 അംഗ സ്‌ക്വാഡാണ് സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചത്. ശുഭ്മന്‍ ഗില്ലിനെ ടെസ്റ്റ് ക്യാപ്റ്റന്‍സി ഏല്‍പ്പിച്ചാണ് ഇന്ത്യ പുതിയ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിള്‍ ആരംഭിക്കുന്നത്. വൈസ് ക്യാപ്റ്റനായി റിഷബ് പന്തിനേയും തെരഞ്ഞെടുത്തു.

രോഹിത് ശര്‍മയുടേയും വിരാട് കോഹ്ലിയുടേയും അപ്രതീക്ഷിത വിരമിക്കലിന് ശേഷമുള്ള ആദ്യ ടെസ്റ്റ് പരമ്പരയാണിത്. എന്നാല്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ശ്രേയസ് അയ്യരെ ഒഴിവാക്കിക്കൊണ്ടായിരുന്നു ഇന്ത്യന്‍ സ്‌ക്വാഡ് പ്രഖ്യാപിച്ചത്. ഇതിനെ ചോദ്യം ചെയ്തുകൊണ്ട് പല സീനിയര്‍ താരങ്ങളും സംസാരിച്ചിരുന്നു. ഇംഗ്ലണ്ട് പരമ്പരയില്‍ നിന്ന് സൂപ്പര്‍ താരം ശ്രേയസ് അയ്യരെ ഒഴിവാക്കിയതിനെക്കുറിച്ച് സംസാരിക്കുകയാണ് ഇപ്പോള്‍ മുന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്.

ശ്രേയസ് അയ്യര്‍ ഒരു മികച്ച കളിക്കാരനാണെന്നും ഏകദിന മത്സരങ്ങളില്‍ അവന്‍ മികവ് തെളിയിച്ചിട്ടുണ്ടെന്നും ഹര്‍ഭജന്‍ പറഞ്ഞു. ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ടെസ്റ്റ് ടീമില്‍ ശ്രേയസ് ഉണ്ടാകേണ്ടതായിരുന്നെന്നും. താന്‍ സെലക്ഷന്‍ പാനലിന്റെ ഭാഗമായിരുന്നെങ്കില്‍ ശ്രേയസിനെ പരിഗണിക്കുമായിരുന്നെന്നും മുന്‍ സ്പിന്നര്‍ കൂട്ടിച്ചേര്‍ത്തു.

‘ശ്രേയസ് അയ്യര്‍ ഒരു മികച്ച കളിക്കാരനാണ്. ഏകദിന മത്സരങ്ങളില്‍ അവന്‍ തന്റെ മികവ് തെളിയിച്ചിട്ടുണ്ട്. ലോകകപ്പ്, ചാമ്പ്യന്‍സ് ട്രോഫി, ഐ.പി.എല്‍ എന്നീ ടൂര്‍ണമെന്റില്‍ അയ്യര്‍ സ്ഥിരത പുലര്‍ത്തിയിരുന്നു. ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ടെസ്റ്റ് ടീമില്‍ അവന്‍ ഉണ്ടാകേണ്ടതായിരുന്നു. പക്ഷേ സെലക്ടര്‍മാര്‍ക്ക് ഇപ്പോഴും ബോധ്യപ്പെട്ടിട്ടില്ലെന്ന് തോന്നുന്നു.

ഞാന്‍ സെലക്ഷന്‍ പാനലിന്റെ ഭാഗമായിരുന്നെങ്കില്‍ ഞാന്‍ അവനെ പരിഗണിക്കുമായിരുന്നു. പക്ഷേ അവന്റെ ടെസ്റ്റ് കരിയര്‍ അവസാനിച്ചിട്ടില്ല. ഒരു ടൂര്‍ നഷ്ടപ്പെട്ടാല്‍ അവന്റെ തിരിച്ചുവരവിന് സാധ്യതയില്ലെന്ന് അര്‍ത്ഥമാക്കുന്നില്ല. അമ്പത് ഓവര്‍ ഫോര്‍മാറ്റില്‍ അദ്ദേഹം ഒരു ക്യാപ്റ്റനായിരിക്കുമെന്ന് വിശ്വസിക്കുന്നു,’ ഹര്‍ഭജന്‍ സിങ് ഐ.എ.എന്‍.എസിനോട് പറഞ്ഞു.

ഐ.പി.എല്‍ 2025ലില്‍ പഞ്ചാബ് കിങ്സിന്റെ ക്യാപ്റ്റനായ അയ്യര്‍ ടീമിനെ സീസണില്‍ ഫൈനലിലേക്ക് എത്തിച്ചിരുന്നു. ആഭ്യന്തര ടൂര്‍ണമെന്റില്‍ മികവ് പുലര്‍ത്തിയ അയ്യര്‍ കഴിഞ്ഞ രഞ്ജി ട്രോഫിയില്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് ഒരു ഇരട്ടസെഞ്ച്വറി അടക്കം 480 റണ്‍സ് നേടി. 2024ന് ശേഷം അയ്യര്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ കളിച്ചിട്ടില്ല. മാത്രമല്ല റെഡ് ബോളില്‍ ഇന്ത്യയ്ക്ക് വേണ്ടി 2021ല്‍ അരങ്ങേറ്റം കുറിച്ച ശ്രേയസ് 14 മത്സരങ്ങളിലെ 25 ഇന്നിങ്സില്‍ നിന്ന് 811 റണ്‍സാണ് നേടിയത്.

105 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരത്തിനുണ്ട്. 35.3 ആവറേജിലും 63 സ്ട്രൈക്ക് റേറ്റിലുമാണ് താരത്തിന്റെ പ്രകടനം. മാത്രമല്ല ഐ.പി.എല്‍ 2025ല്‍ 15 മത്സരങ്ങളില്‍ നിന്ന് 97 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറോടെ 516 റണ്‍സാണ് ശ്രേയസ് നേടിയത്. ഏകദിനത്തില്‍ 2845 റണ്‍സും ടി20യില്‍ 1104 റണ്‍സും താരത്തിനുണ്ട്.

Content Highlight: Hrabhajan Singh Praises Shreyas Iyer

We use cookies to give you the best possible experience. Learn more