| Saturday, 28th October 2017, 2:38 pm

അലമ്പ് കളിച്ചു നടന്ന വിരാടിന്റെ കരിയര്‍ മാറ്റി മറിച്ചത് യുവിയുടെ ആ വാക്കുകള്‍; തുറന്ന് പറഞ്ഞ് യുവരാജ് സിംഗ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയുടെ കരിയര്‍ സംഭവബഹുലമാണ്. അംഗീകാരം കിട്ടാത്ത തുടക്കവും കളിക്കളത്തിലും പുറത്തും പെരുമാറ്റം മോശമാണെന്ന് വിധിച്ച കായിക ലോകം. എന്നാല്‍ അതില്‍ നിന്നെല്ലാം ഒരുപാട് മുന്നിലെത്തിയിരിക്കുകയാണ് വിരാട് ഇന്ന്.

തന്നെ ടീമില്‍ എടുക്കുന്നതിനെതിരെ ശബ്ദമുയര്‍ത്തിയവരെ കൊണ്ട് തന്നെ കയ്യടിപ്പിച്ചു കൊണ്ട് ഇന്ത്യന്‍ നായകനിലേക്കും സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനായും അയാള്‍ വളര്‍ന്നു. ആ മാറ്റത്തിന് പിന്നില്‍ ഒരാളുണ്ട്. ഇന്ത്യയുടെ മോസ്റ്റ് സെലിബ്രേറ്റഡ് ക്രിക്കറ്റര്‍മാരിലൊരാളായ യുവരാജ് സിംഗാണ്. അതിനെ കുറിച്ച് യുവി പറയുന്നത് ഇങ്ങനെയാണ്.

“ഒരിക്കല്‍ വിരാടിനോട് ഞാന്‍ പറഞ്ഞിട്ടുണ്ട്, നിനക്ക് ടോപ്പ് ക്ലാസ് പ്ലെയര്‍ ആവണമെങ്കില്‍ ഒരിക്കലും എന്നെ അനുകരിക്കരുതെന്ന്. സച്ചിനെ കണ്ടു പഠിക്കണം. അദ്ദേഹത്തെ പോലെ ഡിസിപ്ലിന്‍ വേണം, അല്ലാതെ എന്നെ പോലെ അച്ചടക്കമില്ലാത്തവനല്ല”. രജ്ദീപ് സര്‍ദേശായിയുടെ ഡെമോക്രസി ഇലവന്‍ എന്ന പുസ്തകത്തിലാണ് യുവിയുടെ വെളിപ്പെടുത്തല്‍.

കോഹ്‌ലിയെ ടീമില്‍ ഉള്‍പ്പെടുത്തുന്നതിനെ കുറിച്ചും ആശങ്കകളുണ്ടായിരുന്നതായി പുസ്തകത്തില്‍ പറഞ്ഞിരുന്നു. 2008 ല്‍ വിരാട് കോഹ്‌ലി ഇന്ത്യയ്ക്കു വേണ്ടി അരങ്ങേറുമ്പോള്‍ ഇന്ത്യയുടെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ദിലീപ് വെങ്‌സര്‍ക്കാരായിരുന്നു. വെങ്‌സര്‍ക്കാറായിരുന്നു വിരാടിനെ ടീമിലേക്ക് തെരഞ്ഞെടുക്കുന്നത്. എന്നാല്‍ വിരാടിനെ ടീമിലെടുക്കാനുള്ള തീരുമാനത്തെ സെലക്ഷന്‍ കമ്മറ്റിയിലെ ഭൂരിപക്ഷം ആളുകളും എതിര്‍ത്തിരുന്നുവെന്നാണ് രജ്ദീപ് സര്‍ദേശായിയുടെ പുസ്തകത്തിലെ വെളിപ്പെടുത്തല്‍.


Also Read: ‘പണം കൊടുത്തില്ലെങ്കില്‍ പടം നശിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്ത് മാതൃഭൂമി’; വില്ലനെ വിമര്‍ശിച്ച മാതൃഭൂമിയ്‌ക്കെതിരെ പുലിമുരുകന്‍ ഒഫീഷ്യല്‍ പേജില്‍ ആക്ഷേപം


അന്ന് ബോര്‍ഡ് ട്രഷററായിരുന്ന എന്‍.ശ്രീനിവാസനടക്കം ഇതിനെ എതിര്‍ത്തിരുന്നുവെന്നും വിരാടിന് പകരം എസ്.ബദ്രിനാഥിനെ ടീമിലെടുക്കണമെന്നായിരുന്നു ശ്രീനിവാസന്റെയും മറ്റും ആഗ്രഹം. അതിനായി അവര്‍ ബോര്‍ഡ് പ്രസിഡന്റായിരുന്ന ശരദ് പവാറിനെ കണ്ടിരുന്നുവെന്നും പുസ്തകത്തില്‍ പറയുന്നു.

” ബദ്രിനാഥിനെ തെരഞ്ഞെടുത്തില്ലെന്ന് അറിഞ്ഞപ്പോള്‍ തമിഴ്‌നാട് ക്രിക്കറ്റ് ബോര്‍ഡിന്റെ കണ്ട്രോളര്‍ കൂടിയായിരുന്ന ശ്രീനിവാസന്‍ കുപിതനാവുകയും ശരദ് പവാറിനെ കാണുകയുമായിരുന്നു. തൊട്ടടുത്ത ദിവസം തന്നെ എന്നെ പുറത്താക്കി. പക്ഷെ വിരാടിനെ സംബന്ധിച്ചുള്ള എന്റെ തീരുമാനത്തെ മാറ്റാന്‍ അവര്‍ക്ക് സാധിച്ചില്ല.” പുസ്തകത്തില്‍ വെങ്‌സര്‍ക്കാര്‍ പറയുന്നതായി സര്‍ദേശായി എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്.

ഇന്ത്യയെ അണ്ടര്‍ 19 ലോകകപ്പില്‍ വിജയികളാക്കിയിട്ടും വിരാടിന്റെ സീനിയര്‍ ടീമിലേക്കുള്ള പ്രവേശനം അത്ര എളുപ്പമായിരുന്നില്ല. ആദ്യ പത്ത് മത്സരത്തിനിടെ രണ്ട് ഫിഫ്റ്റികള്‍ നേടിയിട്ടും വലിയ ഗുണമുണ്ടായില്ല. പിന്നെ സ്വഭാവവും പ്രതികൂലമായി ബാധിച്ചെന്നും പുസ്തകത്തില്‍ പറയുന്നു.

“അവന് ഹെയര്‍ സ്റ്റൈലിലും ടാറ്റുവിലുമായിരുന്നു കൂടുതല്‍ ശ്രദ്ധ.” ഒരു സെലക്ടര്‍ പറയുന്നു. എന്നാല്‍ അതെല്ലാം തള്ളിക്കളയുകയായിരുന്നു വിരാടെന്നും യുവരാജ് സിംഗടക്കമുള്ള താരങ്ങളുടെ പിന്തുണ മൂലം വിരാട് ടീമില്‍ തിരികെ എത്തുകയായിരുന്നുവെന്നും പുസ്തകത്തില്‍ പറയുന്നു.

Latest Stories

We use cookies to give you the best possible experience. Learn more