2026 ഫിഫ ലോകകപ്പില്‍ പ്രീ ക്വാര്‍ട്ടറില്‍ ഈജിപ്തിനെതിരെ 3-2ന്റെ ആവേശ വിജയം സ്വന്തമാക്കി അര്‍ജന്റീന ക്വാര്‍ട്ടറില്‍ കടന്നിരുന്നു. രണ്ട് ഗോളുകള്‍ക്ക് പുറകില്‍ നിന്ന ശേഷമായിരുന്നു അര്‍ജന്റീനയുടെ ഗംഭീര തിരിച്ചുവരവ്.
മത്സരം അര്‍ജന്റീന വിജയിച്ചെങ്കിലും മത്സരത്തിലെ റഫറിയിങ്ങിലെ തീരുമാനങ്ങളാണ് ഫുട്‌ബോള്‍ സര്‍ക്കിളുകളില്‍ വലിയ രീതിയില്‍ ചര്‍ച്ചയാവുന്നത്. മത്സരത്തിലെ ഈജിപ്തിന്റെ ഗോള്‍ നിഷേധിച്ചതും ഈജിപ്തിന് അനുകൂലമായ ലഭിച്ച പെനാല്‍റ്റി റഫറി നല്‍കാതിരുന്നതും വലിയ വിവാദമായിരിക്കുകയാണ്.
മത്സരത്തില്‍ 58ാം മിനിട്ടില്‍ ഈജിപ്ത്തിനായി മുസ്തഫ സിക്കോ നേടിയ ഗോളായിരുന്നു റഫറി റദ്ദാക്കിയത്. അര്‍ജന്റീന ഡിഫന്‍ഡര്‍ ലിസാന്‍ഡ്രോ മാര്‍ട്ടിനസിനെ ഫൗള്‍ ചെയ്തതിനാലാണ് ഈജിപ്തിന് റഫറി ഗോള്‍ അനുവദിക്കാതിരുന്നത്.
ഈജിപ്ത് താരങ്ങള്‍ ഗോള്‍ നേട്ടം ആഘോഷിച്ചതിന് ശേഷമായിരുന്നു റഫറി വാര്‍ പരിശോധിച്ചുകൊണ്ട് ഗോള്‍ അനുവദിക്കാതിരുന്നത്. ഈജിപ്ഷ്യന്‍ താരം മര്‍വാന്‍ ആതിയ ലിസാന്‍ഡ്രോയെ വീഴ്ത്തിയതാണ് അര്‍ജന്റീനക്ക് അനുകൂലമായി വിധി വരാന്‍ കാരണമായത്.
ഇന്റര്‍നാഷണല്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ബോര്‍ഡിന്റെ നിയമപ്രകാരം ഗോള്‍ നേടുന്നതിന് മുമ്പായുള്ള അറ്റാക്കിങ് പൊസഷന്‍ ഫേസ് വാറിലൂടെ പരിശോധിക്കാന്‍ സാധിക്കും. ഒരു ഗോള്‍ നേടുന്നതിനുള്ള നീക്കത്തില്‍ എന്തെങ്കിലും തരത്തിലുള്ള നിയമലംഘനം നടത്തിയിട്ടുണ്ടെങ്കില്‍ ഗോള്‍ നിഷേധിക്കാന്‍ സാധിക്കും. ഓഫ്സൈഡ്, ഫൗള്‍, ഹാന്‍ഡ്‌ബോള്‍ തുടങ്ങിയ കാര്യങ്ങളാണ് ഇതില്‍ പരിഗണിക്കുക.
ഫൗള്‍ നടന്ന ചലഞ്ചില്‍ നിന്നും ഈജിപ്ത് നേരിട്ട് പന്ത് നേടിയതിനാല്‍ ടീമിന്റെ മുന്നേറ്റം അസാധുവാക്കുകയായിരുന്നു. ഫൗള്‍ നടന്നതിന് ശേഷം അര്‍ജന്റീനക്ക് പന്ത് തിരിച്ചുപിടിക്കാന്‍ സാധിച്ചില്ല. എന്നാല്‍ ഈ ഫൗള്‍ നടന്നത് 100 വാര അകലെയാണെന്നും 10 സെക്കന്റുകള്‍ക്ക് മുമ്പാണ് ഫൗള്‍ നടന്നതെന്നും ഫുട്‌ബോള്‍ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഈ തീരുമാനം വാറിന്റെ അപ്പുറമാണെന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്. ഈജിപ്ത് പന്ത് സ്വന്തമാക്കിയത് ഈ ഫൗളിന്റെ ആനുകൂല്യത്തിലാണെന്നും മറ്റൊരു വിഭാഗം വ്യക്തമാക്കുന്നുണ്ട്.
മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ ഈജിപ്തിന് അനുകൂലമായി ലഭിച്ച പെനാല്‍റ്റി റഫറി നല്‍കാതിരുന്ന സംഭവവും വിവാദത്തിന് വഴിയൊരുക്കി. ഇഞ്ചുറി ടൈമില്‍ ഈജിപ്ഷ്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് സലയെ വീഴ്ത്തിയതിന് റഫറി പെനാല്‍റ്റി നിഷേധിക്കുകയുമായിരുന്നു.
സംഭവത്തില്‍ റഫറിയുടെ തീരുമാനം ഗോള്‍ കിക്കില്‍ അവസാനിച്ചെങ്കിലും ഈജിപ്ത് മാനേജ്‌മെന്റ് ഗ്രൗണ്ടിലിറങ്ങി വാദിക്കാന്‍ തുടങ്ങിയപ്പോള്‍ റഫറിക്ക് ചുവപ്പ് കാര്‍ഡ് പോലും പുറത്തെടുക്കേണ്ടി വന്നു. റഫറി ഈ ഫൗളില്‍ വാര്‍ പരിശോധിക്കാത്തത് എന്തുകൊണ്ടാണെന്നുള്ള ചോദ്യവും ഉയരുന്നുണ്ട്.
ഡിഫന്‍ഡര്‍ ആദ്യം പന്ത് കൃത്യമായി എതിര്‍ താരത്തിന്റെ കാലുകളില്‍ നിന്നും കൈക്കലാകുകയാണെങ്കില്‍ അതിന് ശേഷമുണ്ടാവുന്ന ഫിസിക്കല്‍ കൊണ്ടാക്ട് ആയി കണക്കാക്കുകയില്ല.
ഈ ഫൗള്‍ അപകടമാരായതോ വലിയ ബലപ്രയോഗം നടക്കുകയോ ചെയ്താല്‍ മാത്രമേ ഫൗളായി പരിഗണിക്കൂ. സലായുടെ ഫൗളില്‍ അര്‍ജന്റൈന്‍ താരം ആദ്യം പന്ത് എടുക്കുകയാണ് ചെയ്തത്. ഈ നിമിഷം സലക്ക് പന്തിന്റെ മേലുള്ള നിയന്ത്രണം നഷ്ടമാവുകയായിരുന്നു.
പന്ത് നേടിയതിന് ശേഷം കൂട്ടിയിടി നടക്കുന്നതിനെ അതിവേഗത്തില്‍ ഓടുന്ന രണ്ട് താരങ്ങള്‍ക്കിടയിലെ സ്വാഭാവിക ചലനം മാത്രമായാണ് കണക്കാക്കുക. ഇത് മനപൂര്‍വം ഫൗള്‍ ചെയ്യുന്നതോ ജേഴ്‌സിയില്‍ പിടിച്ച് വലിക്കുന്നതോ മാത്രമാണ് ഫൗളായി കണക്കാക്കുക.
മത്സരശേഷം റഫറിയിങ്ങിനെതിരെ ഗുരുതര ആരോപണവുമായി ഈജിപ്ത് താരം മുസ്തഫ സിക്കോയും പരിശീലകന്‍ ഹൊസം ഹസനും മുന്നോട്ട് വന്നിരുന്നു. ഈ ലോകകപ്പ് മുഴുവന്‍ മുന്‍കൂട്ടി നിശ്ചയിച്ചതാണെന്നും അര്‍ജന്റീനക്ക് കിരീടം നല്‍കുന്നതിന് വേണ്ടി റഫറിമാരെ ഉപയോഗിച്ചുകൊണ്ട് ടൂര്‍ണമെന്റ് നിയന്ത്രിക്കുകയാണെന്നുമാണ് സിക്കോ മത്സരശേഷം പറഞ്ഞ്.
മത്സരത്തിലെ വിജയം ഈജിപ്തിന് അര്‍ഹതപ്പെട്ടതായിരുന്നെന്നും എന്നാല്‍ മൈതാനത്ത് തങ്ങള്‍ക്ക് നീതി ലഭിച്ചില്ലെന്നും അര്‍ജന്റീനയെ ടൂര്‍ണമെന്റില്‍ നിലനിര്‍ത്താനാണ് ഫിഫ ശ്രമിച്ചതെന്നുമാണ് ഈജിപ്ഷ്യന്‍ പരിശീലകന്‍ വ്യക്തമാക്കിയത്.
Content Highlight: How var rule in favor of Argentina against Egypt in 2026 FIFA World Cup