| Tuesday, 12th March 2013, 2:42 pm

ഗ്യാസ് ട്രബ്ള്‍ ഇല്ലാതാക്കേണ്ടതെങ്ങിനെ?

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇടക്കിടെ വരുന്ന നെഞ്ചുവേദന നമ്മളെ വളരെ അസ്വസ്ഥരാക്കാറുണ്ട്. നെഞ്ചുവേദനയ്ക്ക് കാരണം ഗ്യാസ് പ്രശ്‌നങ്ങളാണോ ഹൃദയാഘാതമാണോ എന്ന ആശങ്കയാണ് അധികംപേര്‍ക്കും.

എന്നാല്‍ നെഞ്ചുവേദനയുണ്ടായാല്‍ ഗ്യാസാണെന്ന് കരുതി തള്ളി കളയാന്‍ പാടില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. നെഞ്ചുവേദന അനുഭവപ്പെടുമ്പോള്‍ വിയര്‍പ്പ് പൊടിയുകയോ, കൈകളിലേക്ക് വേദന പടരുകയോ ചെയ്യുന്നുണ്ടെങ്കില്‍ അത് ഹൃദയാഘാതത്തിന്റെ ലക്ഷണമാണ്.[]

പക്ഷെ പ്രമേഹരോഗികളില്‍ ഇത്തരം ലക്ഷണമൊന്നും പ്രകടമാകില്ല. വെറും നെഞ്ചുവേദന മാത്രമായാണ് ഹൃദയാഘാതം സംഭവിക്കുക. ഇതു പോലെ തന്നെ നമ്മുടെ ആരോഗ്യനില വളരെയധികം തകരാറിലാക്കുന്ന ഒന്നാണ് ഗ്യാസ് പ്രശ്‌നങ്ങള്‍.

ഗ്യസിന് പ്രധാന കാരണം തെറ്റായ ഭക്ഷണ രീതി, ഭയം, ആശങ്ക, മാനസിക സമ്മര്‍ദ്ദം എന്നിവയാണ്. ഇത് വളരെ കൃത്യമായി  ചികിത്സിക്കേണ്ട രോഗമാണ്. കാരണം പലരും ഗ്യാസ് ട്രബ്ളണെന്നു കരുതി നമ്മള്‍ തള്ളി കളയുന്ന നെഞ്ചുവേദന ഹൃദയാഘാതമായിരിക്കാം.

പുതിയ തലമുറയെ വിടാതെ പിടികൂടിയിരിക്കുന്ന ജീവിത ശൈലി രോഗങ്ങളില്‍ പ്രധാനിയാണ് ഈ ഗ്യാസ് ട്രബ്ള്. ഇതിന് പ്രധാന കാരണം നമ്മുടെ ഫാസ്റ്റ് ഫുഡ് ഭക്ഷണങ്ങളാണ്. മദ്യവും, കോളകളും ഇതിന് കാരണമാകുന്നു. ഈ രോഗത്തിന്റെ പ്രധാന കാരണങ്ങളും ഇതെങ്ങിനെ ഇല്ലാതാക്കാമെന്നും താഴെ വിശദീകരിക്കുന്നു.

ഗ്യാസ്ട്രബ്ളിന്റെ പ്രധാന കാരണങ്ങള്‍

അധികപേരുടെയും ഭക്ഷണം മാത്രമാണ് അവര്‍ക്ക് അസുഖങ്ങള്‍ സമ്മാനിക്കുന്നത്. ഭക്ഷണ ക്രമീകരണമില്ലായ്മ ഇതിന്റെ പ്രധാന കാരണങ്ങളിലൊന്നാണ്.  ഇത് ഉദരത്തിന്റെ അനിശിച്താവസ്ഥയ്ക്ക് വഴിയൊരുക്കുന്നു.

ഭക്ഷണ ക്രമീകരണം വരുത്തുന്നതോടെ നമ്മുടെ ഉദരാവസ്ഥ നല്ല നിലയില്‍ നിലനിര്‍ത്തുന്നതിന് സാധിക്കുന്നു.  സാധാരണ ഭക്ഷണ രീതി സാവധാനത്തിലുള്ളതാണ് .നമ്മള്‍ സാവധാനം ചവച്ചരച്ച് കഴിക്കുമ്പോള്‍ വയറില്‍ വായു നിറയുന്നത് തടയുന്നു.

ഫാസ്റ്റ് ഫുഡ്  കഴിക്കുന്നവര്ക്ക് സാധാരണ ഭക്ഷണരീതി പിന്തുടരുന്നവരേക്കാള്‍  വയറില്‍ വായു നിറയാന്‍ ഇടയാക്കുന്നു. ഇത് ദഹനേന്ദ്രിയ വ്യവസ്ഥയെ താറുമാറാക്കുകയും  ഗ്യാസ് ട്രബ്ളിന് ഇടയാക്കുകയും ചെയ്യുന്നു

ച്യുയിഗം ഗ്യാസ് പ്രശ്‌നങ്ങള്‍ക്കിടയാക്കുന്നു

വെറുതെ ചിന്തിച്ചിരിക്കുമ്പോള്‍ ച്യുയിഗം തിന്നുകൊണ്ടിരിക്കുന്ന ശീലമുള്ളവരാണ് നമ്മുടെ യുവതലമുറ. എന്നാല്‍ മുതിര്‍ന്നവര്‍ക്ക് ഈ ശീലമില്ല.  ച്യുയിഗം തിന്നുന്ന  ശീലങ്ങളും നമ്മുടെ ദഹനേന്ദ്രിയ വ്യവസ്ഥയെ അട്ടിമറിക്കുന്നു. മധുരവും, ഐസ്‌ക്രീം എന്നിവ ഭക്ഷിക്കുന്നതും വായു വയറില്‍ നിറയുന്നതിനിടയാക്കുന്നു.

പക്കറ്റ് വെള്ളം, മദ്യവും മറ്റുള്ള കൂള്‍ഡ്രിങ്ക്‌സും കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവ് വര്‍ധിപ്പിക്കുന്നു. ഗ്യാസ് ട്രബിള് ഭയക്കുന്നവര്‍ ഇത്തരത്തിലുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുന്നതാണ് ഗുണം ചെയ്യുക.

സോര്‍ബിറ്റോള്‍

പഞ്ചസാരയ്ക്കു പകരം മധുരത്തിനായി ഉപയോഗിക്കുന്ന വസ്തുവാണ് സോര്‍ബിറ്റോള്‍ . ഇത്  കുടലില്‍ ഗ്യാസ് ഉല്‍പ്പാദിപ്പിക്കുന്നു.

ഇത് ഉല്‍പ്പാദിപ്പിക്കുന്ന ബാക്ടീരിയയാണ് ഗ്യാസിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നും സോര്‍ബിറ്റോള്‍ മൂലമുണ്ടാകുന്ന ഗ്യാസ് ട്രബിള് ഇല്ലാതാക്കാന്‍ വളരെ ബുദ്ധിമുട്ടാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

ഇത് ദീര്‍ഘനേരം അസ്വസ്ഥത സൃഷ്ടിക്കുന്ന ഒന്നാണ്. പഞ്ചസാരയ്ക്കു പകരം മധുരത്തിനായി ഉപയോഗിക്കുന്ന പ്രക്ടോസ്, ലാക്ടോസ്,റബിനോസ് എന്നിവയും ഇതേ പ്രശ്‌നങ്ങളിടയാക്കുന്നവയാണ്. അതിനാല്‍ ഇത്തരം വസ്തുക്കള്‍ നമ്മുടെ ഭക്ഷണത്തില്‍ നിന്നും മാറ്റി നിര്‍ത്തണമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

ഗ്യാസ് വര്‍ധിപ്പിക്കുന്ന ഭക്ഷണങ്ങള്‍ എന്തൊക്കെ?

ചില പച്ചക്കറികള്‍ ഗ്യാസ് വര്‍ധിപ്പിക്കാറുണ്ട്. ക്യാബേജ്, കോളിഫഌര്‍, ബീന്‍സ്, ഉള്ളി, പൂര്ണ്ണമായി വേവിക്കാത്ത ഉരുളക്കിഴങ്ങ്, കടല, മുള്ളങ്കി എന്നിവ ഗ്യാസ് ഉല്‍പ്പാദകരില്‍ മുന്‍പന്തിയിലാണ്.

പഴവര്‍ഗങ്ങളില്‍ ആപ്പിള്‍, പഴം, ഓറഞ്ചും പാലുല്‍പ്പന്നങ്ങളായ ഐസ്‌ക്രീം, ടാന്‍ഡ് മില്‍ക്ക് എന്നിവയും ഗ്യാസ് പ്രശ്‌നങ്ങള്‍ക്കിടയാക്കും. ബീര്‍, ഡയറ്റ് സോഡ, പഞ്ചസാരയുള്ള പഴച്ചാര്‍, വൈനും ഗ്യാസ് വര്‍ധിപ്പിക്കുന്നവയാണ്.

ഇതില്‍ ബീവറേജസില്‍ ഫ്രാക്ടോസ്, സോര്‍ബിറ്റോള്‍ ഉപയോഗിക്കുന്നതിനാലാണ് ഗ്യാസ് ഉല്‍പ്പാദിക്കുന്നത്. എല്ലാതരത്തിലുള്ള സ്‌നാക്‌സും  ഗ്യാസിനെ പേടിക്കുന്നവര്‍ ഒഴിവാക്കേണ്ടതാണ്.

ഗ്യാസ് കുറയ്ക്കുന്ന ഭക്ഷണങ്ങള്‍

കട്ടി തൈര്, വെണ്ണ, പഞ്ചസാരയില്ലാത്ത പഴച്ചാര്‍, വെളുത്ത അരി, പൂര്ണ്ണമായി വേവിച്ച  ഉരുളക്കിഴങ്ങ്, മുട്ട, മീന്‍, കൊഴുപ്പ് ഒഴിവാക്കിയ ചിക്കന്‍, കാരറ്റ്, വെജിറ്റബിള്‍ സൂപ്പ്, എന്നിവയെല്ലാം ഗ്യാസില്ലാത്ത ഭക്ഷണങ്ങളാണ്.

ഭക്ഷണങ്ങളില്‍ പഞ്ചസാര ഒഴിവാക്കുന്നത് ഗ്യാസില്ലാതിരിക്കാന്‍ നല്ലതാണ്. ഗ്യാസ് കുറയ്ക്കാന്‍ മറ്റൊരു നല്ല വഴി നടത്തമാണ്. അരകിലോമീറ്റര്‍ ദൂരമെങ്കിലും ഒരു ദിവസം നടന്നാല്‍ ഗ്യാസിന് കുറവുണ്ടാകും.

ജ്യൂസ് കുടിക്കുമ്പോള്‍ സ്‌ട്രോ ഒഴിവാക്കണം. ഇത് വയറില്‍ വായു നിറയുന്നതിനിടയാക്കും. ഇതിനൊക്കെ പുറമെ നമ്മുടെ മാനസിക സമ്മര്‍ദ്ദവും, ആശങ്കയും,ഭയവും ഗ്യാസ് വര്‍ധിപ്പിക്കുന്നതിന് കാരണങ്ങളാണ്.

We use cookies to give you the best possible experience. Learn more