മഴക്കാലമായാല്‍ ഷൂസ് ധരിക്കുന്നവര്‍ നേരിടുന്ന വലിയൊരു പ്രശ്‌നമാണ് സോക്‌സില്‍ നിന്ന് വമിക്കുന്ന ദുര്‍ഗന്ധം. നിങ്ങളുടെ പാദങ്ങളിലും സോക്‌സുകളിലും ഷൂസുകളിലും ശ്രദ്ധ നല്‍കേണ്ടത് പ്രധാനമാണ്. സോക്‌സില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നത് തടയാന്‍ നിരവധി മാര്‍ഗങ്ങളുണ്ട്.
ഇത് തടയാനുള്ള ചില വഴികള്‍ ഇതാ
പാദങ്ങളുടെ ശുചിത്വം
- ദിവസവും സോപ്പ് ഉപയോഗിച്ച് പാദങ്ങള്‍ നന്നായി കഴുകുക, വിരലുകള്‍ക്കിടയില്‍ പ്രത്യേക ശ്രദ്ധ കൊടുക്കാന്‍ മറക്കരുതേ
- കഴുകിയ ശേഷം പാദങ്ങള്‍ നന്നായി ഉണക്കുക. വിരലുകള്‍ക്കിടയില്‍ ഈര്‍പ്പം നില്‍ക്കാതെ ശ്രദ്ധിക്കുക. ബാക്ടീരിയ വേഗത്തില്‍ വളരാന്‍ ഈര്‍പ്പം ഒരു പ്രധാന കാരണമാണ്.
- ആന്റിപെര്‍സ്പിരന്റ്/ഫൂട്ട് പൗഡര്‍ ഉപയോഗിക്കുക
- പാദങ്ങള്‍ അമിതമായി വിയര്‍ക്കുന്നുണ്ടെങ്കില്‍ ആന്റിപെര്‍സ്പിരന്റ് സ്‌പ്രേ ചെയ്യുകയോ അല്ലെങ്കില്‍ ഫൂട്ട് പൗഡര്‍ ഉപയോഗിക്കുകയോ ചെയ്യാം. ഇത് വിയര്‍പ്പ് കുറയ്ക്കാനും ദുര്‍ഗന്ധം ഇല്ലാതാക്കാനും സഹായിക്കും.
നഖങ്ങള്‍ വൃത്തിയാക്കുക
- കാലിലെ നഖങ്ങള്‍ ചെറുതാക്കി വെക്കുകയും വൃത്തിയായി സൂക്ഷിക്കുകയും ചെയ്യുക.
സോക്‌സുകളുടെ തെരഞ്ഞെടുപ്പും ഉപയോഗവും
- എല്ലാ ദിവസവും വൃത്തിയുള്ള സോക്‌സുകള്‍ ധരിക്കുക. വിയര്‍ത്ത സോക്‌സുകള്‍ വീണ്ടും ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
- നിങ്ങളുടെ പാദങ്ങള്‍ക്ക് അനുയോജ്യമായ കോട്ടണ്‍, മെറിനോ വൂള്‍, അല്ലെങ്കില്‍ ഈര്‍പ്പം വലിച്ചെടുക്കുന്ന (moisture-wicking) സിന്തറ്റിക് ഫൈബറുകള്‍ കൊണ്ട് നിര്‍മിച്ച സോക്‌സുകള്‍ തെരഞ്ഞെടുക്കുക. സിന്തറ്റിക് ഫൈബറുകള്‍ കൊണ്ട് നിര്‍മിച്ച സോക്‌സുകള്‍ പാദങ്ങളെ ഡ്രൈ ആയി നിലനിര്‍ത്താന്‍ സഹായിക്കും. നനവ് നിലനിര്‍ത്തുന്ന കോട്ടണ്‍ സോക്‌സുകള്‍ ഒഴിവാക്കുന്നതാണ് നല്ലത്.
- ചൂടുകൂടിയ കാലാവസ്ഥയിലോ വ്യായാമം ചെയ്ത ശേഷമോ സോക്‌സുകള്‍ വിയര്‍ക്കുകയാണെങ്കില്‍ ഉടന്‍ മാറ്റുക.
ഷൂസുകള്‍ക്കും പരിപാലനം ആവശ്യമാണ്
- എല്ലാ ദിവസവും ഒരേ ഷൂസ് ധരിക്കുന്നത് ഒഴിവാക്കുക. ഷൂസുകള്‍ക്ക് പൂര്‍ണമായും ഉണങ്ങാന്‍ സമയം നല്‍കുക. ഷൂസിനുള്ളില്‍ വായുസഞ്ചാരം ലഭിക്കുന്നത് ദുര്‍ഗന്ധം കുറയ്ക്കാന്‍ സഹായിക്കും.
- പ്ലാസ്റ്റിക് ഷൂസുകള്‍ക്ക് പകരം തുകല്‍ അല്ലെങ്കില്‍ കാന്‍വാസ് പോലുള്ള വായു കടക്കുന്ന മെറ്റീരിയലുകള്‍ കൊണ്ട് നിര്‍മിച്ച ഷൂസുകള്‍ തെരഞ്ഞെടുക്കുക.
- ദുര്‍ഗന്ധം വലിച്ചെടുക്കുന്ന അല്ലെങ്കില്‍ ആന്റിബാക്ടീരിയല്‍ ഇന്‍സോളുകള്‍ ഷൂസില്‍ ഉപയോഗിക്കാം.
- രാത്രി ഷൂസുകള്‍ ഊരിവെക്കുമ്പോള്‍ അല്‍പ്പം ബേക്കിങ് സോഡ ഇട്ടുവെക്കുന്നത് ഷൂസിലെ ദുര്‍ഗന്ധം വലിച്ചെടുക്കാന്‍ സഹായിക്കും.
സോക്‌സില്‍ നിന്നുള്ള ദുര്‍ഗന്ധം തടയാനുള്ള നാടന്‍ പൊടികൈകള്‍
- സോക്‌സുകള്‍ കഴുകുന്നതിന് മുമ്പ് വെള്ളവും വിനാഗിരിയും ചേര്‍ത്ത ലായനിയില്‍ 20-30 മിനിറ്റ് കുതിര്‍ക്കുന്നത് ദുര്‍ഗന്ധം ഇല്ലാതാക്കാന്‍ സഹായിക്കും.
- സോക്‌സുകള്‍ സാധാരണ കഴുകുന്നതിനൊപ്പം അല്‍പ്പം ബേക്കിംഗ് സോഡ ചേര്‍ക്കുന്നത് ദുര്‍ഗന്ധം ഇല്ലാതാക്കാന്‍ സഹായിക്കും.
- കടുപ്പമുള്ള കട്ടന്‍ ചായ വെള്ളത്തില്‍ പാദങ്ങള്‍ 30 മിനിറ്റ് കുതിര്‍ത്തുന്നത് ബാക്ടീരിയകളെ നശിപ്പിക്കാനും വിയര്‍പ്പ് കുറയ്ക്കാനും സഹായിക്കും.
ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ സോക്‌സില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നത് ഒരു പരിധി വരെ തടയാന്‍ സാധിക്കും. എന്നിട്ടും ദുര്‍ഗന്ധം തുടരുകയാണെങ്കില്‍ ഒരു ഡോക്ടറെ സമീപിക്കുന്നത് നല്ലതാണ്. ചിലപ്പോള്‍ ഇത് ഒരു ഫംഗസ് അണുബാധയുടെ ലക്ഷണമോ അമിതമായി വിയര്‍ക്കുന്നതിന്റെ (hyperhidrosis) ഒരു അവസ്ഥയോ ആകാം.
Content Highlight: How to prevent odor from socks