| Saturday, 18th July 2015, 9:51 pm

നിങ്ങള്‍ ഇയര്‍ഫോണ്‍ ഉപയോഗിക്കാറുണ്ടോ? എങ്കില്‍ നിങ്ങളുടെ കേള്‍വി അപകടത്തിലാണ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെവിയില്‍ ഇയര്‍ഫോണ്‍ തിരുകി പാട്ടുകേട്ട് നടക്കുന്ന നിരവധി ചെറുപ്പാക്കാരേയും, വിദ്യാര്‍ത്ഥികളേയുമെല്ലാം നമുക്കു ചുറ്റും ഇന്ന് കാണാനാകും. ബസിലും പാതയോരത്തും പാര്‍ക്കിലും എല്ലാം ഇങ്ങനെ  നിരവധി പേരുണ്ടാകും. ഇയര്‍ ഫോണുകള്‍ ഉപയോഗിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ അതിന്റെ അമിത ഉപയോഗം നിങ്ങളുടെ ചെവിയെ സാരമായി തന്നെ ബാധിക്കും. അത് ചിലപ്പോള്‍ കേള്‍വിക്കുറവുണ്ടാകുന്നതിലേക്ക് വരെ നയിച്ചേക്കാം.

അതുകൊണ്ട് നിങ്ങളുടെ കേള്‍വി ആരോഗ്യകരമാക്കേണ്ടതുണ്ട്. അതിന് നിങ്ങള്‍ കേള്‍ക്കുന്ന ശബ്ദത്തിന്റെ കാഠിന്യമെത്രയെന്ന് നിങ്ങള്‍ തിരിച്ചറിയേണ്ടതുണ്ട്. ഇവിടെയിതാ ആഹാരത്തിലെ പഥ്യമെന്ന പോലെ നിങ്ങളുടെ കേള്‍വി ആരോഗ്യകരമാക്കുന്നതിനായി “ശ്രവണ പഥ്യ”ത്തിനുള്ള വഴികള്‍.

ഇയര്‍ പ്ലഗുകള്‍ ഉപയോഗിക്കുക.

വലിയ ശബ്ദമുണ്ടാകുമ്പോള്‍ അല്ലെങ്കില്‍ അത്തരം ശബ്ദമുണ്ടാകുന്ന സ്ഥലങ്ങളില്‍ അധിക നേരം നില്‍ക്കേണ്ടി വരുമ്പോള്‍ ഇയര്‍ പ്ലഗുകള്‍ ഉപയോഗിക്കാവുന്നതാണ്. ഫാക്ടറികളില്‍ മില്ലുകളിലെല്ലാം ജോലിയെടുക്കുന്നവര്‍ ഇത്തരത്തില്‍ ഇയര്‍ പ്ലഗുകള്‍ ഉപയോഗിക്കുന്നത് നല്ലതാണ്.

ഗുണമേന്മയുള്ള ഉപകരണങ്ങള്‍ വാങ്ങുക

ചെറിയ വിലയ്ക്ക് ഗുണമേന്‍മയില്ലാത്ത ഇയര്‍ഫോണുകളും മറ്റും വാങ്ങി വെറുതേ നിങ്ങളുടെ കേള്‍വി തകരാറിലാക്കേണ്ട. വാങ്ങുമ്പോള്‍ നല്ല വിലകൊടുത്ത് ആരോഗ്യകരമായ സാങ്കേതിക സംവിധാനങ്ങളുള്ള ഇയര്‍ ഫോണുകള്‍ തന്നെ വാങ്ങുക.

ചെവികളെ ശാന്തമാക്കി വിടുക

ഐപോഡുകള്‍ക്കും എംപി3 പ്ലെയറുകളും അധികം നേരം ഉപയോഗിക്കരുത്. നിരന്തരമായ ഉപയോഗം നിങ്ങളുടെ കേള്‍വിയെ ബാധിച്ചേക്കാം. അതുകൊണ്ട് ചെവികള്‍ക്ക് വിശ്രമം നല്‍കുക.

പാട്ട് കേള്‍ക്കുമ്പോള്‍ ശബ്ദം കുറയ്ക്കുക

മ്യൂസിക് പ്ലെയറില്‍ പാട്ട് കേള്‍ക്കുമ്പോള്‍ ശബ്ദം കുറച്ച് വെക്കാന്‍ ശ്രദ്ധിക്കുക. അമിത ശബ്ദം നിങ്ങളുടെ കേള്‍വിക്ക് ഹാനികരമാണെന്ന് മാത്രമല്ല. അത് പുറത്തുള്ള ശബ്ദങ്ങള്‍ മറയ്ക്കുകയും ചെയ്യുന്നു. ഒരു പക്ഷെ അത് നിങ്ങളെ മറ്റു വല്ല അപകടങ്ങളിലും ചെന്നു ചാടിച്ചേക്കാം. ഒപ്പം തകരാറുകള്‍ സംഭവിച്ച ഇയര്‍ഫോണുകള്‍ ഉടന്‍ തന്നെ മാറ്റിവാങ്ങുക.

അമിത ശബ്ദം എന്താണെന്ന് തിരിച്ചറിയുക

നിങ്ങള്‍ കേള്‍ക്കുന്ന ശബ്ദം അസഹനീയമാണെങ്കില്‍, പുറത്തുള്ള ശബ്ദങ്ങളെ എല്ലാം അത് മറയ്ക്കുന്നുണ്ടെങ്കില്‍, നിങ്ങള്‍ ഇയര്‍ഫോണില്‍ കേള്‍ക്കുന്ന ശബ്ദം അടുത്തുള്ളയാള്‍ കേള്‍ക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ കേള്‍ക്കുന്ന ശബ്ദത്തിന്റെ അളവ് വലുതാണ്.

ചില ചിട്ടകള്‍ കൊണ്ടുവരിക

നിങ്ങള്‍ ഇയര്‍ ഫോണില്‍ / അമിത ശബ്ദത്തില്‍ പാട്ട് കേള്‍ക്കുന്നതിന് ഒരു സമയ പരിധി നിശ്ചയിക്കുക അത് ഒരു ദിവസം 90 മിനിറ്റില്‍ അധികമാവാതെ സൂക്ഷിക്കുക ഒപ്പം ശബ്ദത്തിന്റെ അളവിനും നിയന്ത്രണം കൊണ്ടുവരിക.

ചെവികളെ സംരക്ഷിക്കുക.

ചെവി വൃത്തിയാക്കുക. അതിന് പരുത്തി ബഡ്‌സ് ഉപയോഗിക്കരുത്. പകരം ആഴ്ച്ചയില്‍ ഒരിക്കല്‍ ചെവികളില്‍ ഒരു തുള്ളി ഒലിവ് ഓയില്‍ ഇറ്റിക്കുക. അത് ചെവി വൃത്തിയായിരിക്കാന്‍ സഹായിക്കും.

വൈദ്യസഹായം തേടുക

കേള്‍വിയ്ക്ക് എന്തെങ്കിലും പ്രശ്‌നങ്ങള്‍ അനുഭവപ്പെടുകയാണെങ്കില്‍ ഉടന്‍ തന്നെ ഒരു ഇ.എന്‍.ടി ഡോക്ടറെ സമീപിക്കുക. അത് താമസിപ്പിക്കരുത്.

We use cookies to give you the best possible experience. Learn more