| Thursday, 4th June 2026, 3:37 pm

ഇന്ത്യന്‍ ക്യാപ്റ്റന്‍സി ചര്‍ച്ചയില്‍ സഞ്ജു പിന്നിലായതെങ്ങനെ? കാരണമറിയാം

ഫസീഹ പി.സി.

ഇന്ത്യന്‍ ടി – 20 ക്രിക്കറ്റിന്റെ പുതിയ ക്യാപ്റ്റന്‍ ആരാകുമെന്ന ചര്‍ച്ചകളാണ് കഴിഞ്ഞ കുറച്ച് കാലങ്ങളായി നിറഞ്ഞു നില്‍ക്കുന്നത്. റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന നിലവിലെ നായകന്‍ സൂര്യകുമാര്‍ യാദവിനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റിയേക്കുമെന്ന അഭ്യൂഹങ്ങള്‍ നേരത്തെയുണ്ടായിരുന്നു. ഇതോട് കൂടിയാണ് ക്യാപ്റ്റന്‍സിയെ ചുറ്റിപറ്റി ചര്‍ച്ചകള്‍ സജീവമായത്.

സൂര്യകുമാർ യാദവ്. Photo: Johns/x.com

അടുത്ത ക്യാപ്റ്റന്‍സി സ്ഥാനത്തേക്ക് അന്ന് ചര്‍ച്ചകളില്‍ ഉയര്‍ന്ന കേട്ട പേരുകളില്‍ ഒന്ന് സഞ്ജു സാംസണിന്റേതായിരുന്നു. ശ്രേയസ് അയ്യരിനെയും ഇഷാന്‍ കിഷനെയും അക്സര്‍ പട്ടേലിനെയും ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു.

ഇപ്പോള്‍ സൂര്യയെ ക്യാപ്റ്റന്‍സിയില്‍ നിന്ന് മാറ്റുമെന്ന് ഏറെ കുറെ സ്ഥിരീകരിക്കപ്പെട്ടു. എന്നാല്‍, അടുത്ത ക്യാപ്റ്റനാവാന്‍ കൂടുതല്‍ സാധ്യത ശ്രേയസിനാണ് എന്നാണ് വിവരം. താരത്തിന്റെ ഡെപ്യൂട്ടിയായി തിലക് വര്‍മയും എത്തിയേക്കും. സഞ്ജുവിന്റെ സാധ്യതകള്‍ക്ക് മങ്ങലേറ്റുവെന്നാണ് സൂചനകള്‍.

സഞ്ജു സാംസണും ഗൗതം ഗംഭീറും.

കോച്ച് ഗൗതം ഗംഭീറിന് സഞ്ജുവിനെ ക്യാപ്റ്റനാക്കുന്നതിനോടാണ് താത്പര്യം. എന്നാല്‍, അജിത് അഗാര്‍ക്കറിനും സെലക്ഷന്‍ കമ്മിറ്റിക്കും ഈ തീരുമാനത്തിനോട് യോജിപ്പില്ലെന്നാണ് വിവരം. ബി.സി.സി.ഐക്കും ഇതില്‍ അതൃപ്തിയുണ്ട്.

2026ല്‍ ടി – 20 ലോകകപ്പ് സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച സഞ്ജുവിനെ ക്യാപ്റ്റനാക്കുന്നതില്‍ അഗാര്‍ക്കര്‍ക്ക് താത്പര്യമില്ലാതെന്താണ്? അതിന് ഒറ്റ കാരണമേയുള്ളൂ. പലപ്പോഴും താരത്തിന്റെ പേരിനൊപ്പം ഉയര്‍ന്ന കേള്‍ക്കുന്ന സ്ഥിരതയില്ലാഴ്മ തന്നെ.

ഐ.പി.എല്‍ 2026ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക് ചേക്കേറിയ സഞ്ജുവിന് തുടക്കത്തില്‍ തിളങ്ങാന്‍ സാധിച്ചിരുന്നില്ല. പിന്നീട് സെഞ്ച്വറിയുമായി ഫോമിലേക്ക് തിരിച്ചെത്തിയ താരം മിന്നും പ്രകടനങ്ങള്‍ നടത്തി. എന്നാല്‍, സി.എസ്.കെയ്ക്ക് അത്യാവശ്യമായ ഘട്ടങ്ങളില്‍ വിക്കറ്റ് കീപ്പര്‍ റണ്‍സ് കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടു.

സഞ്ജു സാംസൺ. Photo: IndianPremierLeague/x.com

രണ്ട് സെഞ്ച്വറികള്‍ അടിച്ചിട്ടും ചെന്നൈയുടെ ടോപ് സ്‌കോററായിട്ടും അവസാന മത്സരങ്ങളിലെ പ്രകടനങ്ങള്‍ സഞ്ജുവിന് തിരിച്ചടിയായി. സീസണ്‍ അവസാനത്തോടുള്ള താരത്തിന്റെ സ്ഥിരതയില്ലാഴ്മയും ക്യാപ്റ്റന്‍സി റേസില്‍ മലയാളി ബാറ്ററെ പിന്നോട്ട് കൊണ്ടുപോയി എന്ന് പറയേണ്ടി വരും.

കൂടാതെ, ക്യാപ്റ്റന്‍ എന്ന നിലയില്‍ ശ്രേയസിന്റെ റെക്കോഡും സഞ്ജുവിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളുന്നു. ഐ.പി.എല്ലില്‍ മൂന്ന് വ്യത്യസ്ത ഫ്രാഞ്ചൈസികളെ ഫൈനലില്‍ എത്തിച്ച പെരുമ മുംബൈ താരത്തിനുണ്ട്. ഒപ്പം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് കിരീടം സമ്മാനിച്ചതും താരത്തിന് ഗുണം ചെയ്യും.

ശ്രേയസ് അയ്യർ.

ഇങ്ങനെയൊക്കെയാണെങ്കിലും സഞ്ജു പൂര്‍ണമായി ക്യാപ്റ്റന്‍സി ചര്‍ച്ചകളില്‍ നിന്ന് പുറത്തായിയെന്ന് പറയാനാവില്ല. ശ്രേയസ് കഴിഞ്ഞ രണ്ട് വര്‍ഷമായി ഇന്ത്യന്‍ ടി – 20ന്റെ ഭാഗമല്ലയെന്നതും രാജസ്ഥാന്‍ റോയല്‍സിനെ നയിച്ച മികവും സഞ്ജുവിനെ സംബന്ധിച്ച് പോസറ്റീവ് സൂചനകളാണ്.

എന്നാല്‍, നിലവിലെ സാഹചര്യങ്ങള്‍ ശ്രേയസിന് അനുകൂലമാണ്. ഇന്ത്യയുടെ അടുത്ത ക്യാപ്റ്റന്‍ ആരാകുമെന്നതില്‍ അന്തിമ തീരുമാനം ജൂണ്‍ ആറിന് മുംബൈയില്‍ ചേരുന്ന യോഗത്തിലുണ്ടാകും. അന്ന് തന്നെ അയര്‍ലാന്‍ഡ് പരമ്പരക്കും ഇംഗ്ലണ്ട് പരമ്പരക്കും 2026 ഏഷ്യന്‍ ഗെയിംസിനുമുള്ള സ്‌ക്വാഡ് പ്രഖ്യാപിക്കും.

Content Highlight: How Sanju Samson lag behind in the Indian T20 captaincy race

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more