‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ഒ.ടി.ടിയിലെത്തിയതിന് പിന്നാലെ സിനിമയിലെ ചെറിയ കാര്യങ്ങൾ പോലും സൂക്ഷ്മമായി പരിശോധിക്കുകയാണ് സോഷ്യൽ മീഡിയ. അത്തരത്തിൽ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് ജസ്റ്റിനും ആഷ്‌ലിക്കും യഥാർത്ഥത്തിൽ എത്ര വയസുണ്ടാകുമെന്നതിന്റെ കണക്കാണ്. സിനിമയിൽ ഒരിടത്തും ഇരുവരുടെയും കൃത്യമായ പ്രായം നേരിട്ട് പറയുന്നില്ല. എന്നാൽ ചിത്രത്തിൽ തന്നെ നൽകിയിരിക്കുന്ന ഒരു ചെറിയ സൂചന ഉപയോഗിച്ചാണ് പ്രേക്ഷകർ ഈ കണക്ക് കണ്ടെത്തിയിരിക്കുന്നത്.
ജസ്റ്റിനും ആഷ്‌ലിയും തമ്മിൽ പ്രായവ്യത്യാസമുണ്ടെന്ന് സിനിമയിലെ പല സംഭാഷണങ്ങളിലൂടെയും വ്യക്തമാകുന്നുണ്ട്. എന്നാൽ എത്ര വയസിന്റെ വ്യത്യാസമാണെന്നോ, ഇരുവർക്കും കൃത്യമായി എത്ര വയസാണെന്നോ സിനിമ പറയുന്നില്ല. ഇതാണ് സിനിമ കണ്ടവർക്കിടയിൽ നേരത്തെ തന്നെ ഒരു കൗതുകമായി ഉണ്ടായിരുന്നത്.
ബെത്‌ലഹേം കുടുംബ യൂണിറ്റ്. Photo. Screen Grab/ Youtube
ഇപ്പോഴിതാ സിനിമയുടെ ആദ്യ ഭാഗത്തുള്ള ഒരു രംഗമാണ് ഇതിനുള്ള സൂചനയായി സോഷ്യൽ മീഡിയ കണ്ടെത്തിയിരിക്കുന്നത്. ജസ്റ്റിൻ തന്റെ പത്താം ക്ലാസ് ബാച്ചിന്റെ പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ പങ്കെടുക്കുന്ന രംഗത്തിൽ ശ്രിന്ദ അവതരിപ്പിക്കുന്ന കഥാപാത്രം പാട്ട് പാടുമ്പോൾ പിന്നിലെ ബാനറിൽ ‘2003-2004’ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. അതായത് ജസ്റ്റിന്റെ പത്താം ക്ലാസ് കാലഘട്ടം 2003-04 ആണെന്ന് ഇതിലൂടെ മനസിലാക്കാം. സാധാരണ കണക്കനുസരിച്ച് അന്ന് ജസ്റ്റിന് ഏകദേശം 14-16 വയസ്സ് പ്രായമുണ്ടായിരുന്നുവെന്ന് കണക്കാക്കാം.
അവിടെനിന്ന് സിനിമയുടെ കാലഘട്ടത്തിലേക്കുള്ള വർഷങ്ങൾ കൂട്ടിയാണ് സോഷ്യൽ മീഡിയ ജസ്റ്റിന്റെ പ്രായം കണ്ടെത്തുന്നത്. 2025-ൽ ജസ്റ്റിന് 37 വയസ്സാണെന്നാണ് ഈ കണക്കുകൂട്ടൽ. അതേസമയം സിനിമയിലെ സംഭാഷണങ്ങളും മറ്റ് സൂചനകളും ചേർത്ത് ആഷ്‌ലിയുടെ പ്രായം ഏകദേശം 24 വയസ്സാണെന്നും പ്രേക്ഷകർ കണ്ടെത്തിയിട്ടുണ്ട്. അങ്ങനെ നോക്കുമ്പോൾ ഇരുവർക്കുമിടയിലെ പ്രായവ്യത്യാസം ഏകദേശം 13 വയസാണെന്നാണ് സോഷ്യൽ മീഡിയയിലെ കണക്ക്.
ബെത്‌ലഹേം കുടുംബ യൂണിറ്റ്. Photo. Screen Grab/ Youtube
അതായത് സിനിമയിൽ തുറന്നുപറയാതെ തന്നെ ജസ്റ്റിന്റെയും ആഷ്‌ലിയുടെയും പ്രായം സംബന്ധിച്ച ചില സൂചനകൾ ഗിരീഷ് എ.ഡി. നൽകിയിരുന്നുവെന്നാണ് പ്രേക്ഷകരുടെ കണ്ടെത്തൽ. ഒരു ബാനറിൽ എഴുതിയിരുന്ന വർഷം പോലും ഇത്രയും കൃത്യമായി പരിശോധിച്ച് കഥാപാത്രങ്ങളുടെ പ്രായം കണക്കാക്കുന്ന തരത്തിൽ സിനിമ വീണ്ടും കാണുകയാണ് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ആരാധകർ.
Content Highlight: How old are Justin and Ashley, really?’ Social media clears up the confusion from Bethlehem