| Monday, 23rd February 2026, 5:33 pm

രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട് പുനരധിവാസ പദ്ധതിയിലേക്ക് എത്ര രൂപ നല്‍കി? എം. ശിവപ്രസാദ്

രാഗേന്ദു. പി.ആര്‍

തിരുവനന്തപുരം: വയനാട് മുന്‍ എം.പി രാഹുല്‍ ഗാന്ധിയും നിലവിലെ എം.പി പ്രിയങ്ക ഗാന്ധിയും മുണ്ടക്കൈ പുനരധിവാസ പദ്ധതിക്കായി എത്ര രൂപ നല്‍കിയെന്ന് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ്.

ഇരുവരും എം.പി ഫണ്ടില്‍ നിന്നും എത്ര രൂപ നല്‍കിയെന്നാണ് ശിവപ്രസാദിന്റെ ചോദ്യം. തന്റെ ചോദ്യം തൊണ്ടയില്‍ കുരുങ്ങി, പതറിപോയ കോണ്‍ഗ്രസ് എം.എല്‍.എ ടി. സിദ്ദിഖ് ഇനി ഉടനെ പത്രസമ്മേളനം വിളിക്കാന്‍ സാധ്യതയില്ലെന്നും ശിവപ്രസാദ് പറഞ്ഞു.

ദുരന്തബാധിതരെ കൊള്ളയടിച്ചവര്‍ക്ക് എന്ത് അഭിമാനമെന്നും മാനാഭിമാനം ഇല്ലാത്ത കോണ്‍ഗ്രസെന്നും വിമര്‍ശനമുണ്ട്.

ഇതുസംബന്ധിച്ച് ടി. സിദ്ദിഖ് നേരത്തെ നടത്തിയ പ്രസ്താവന വിവാദമായിരുന്നു. വയനാട് എം.പി ഫണ്ടില്‍ നിന്ന് ദുരന്തബാധിതര്‍ക്ക് എന്താണ് കൊടുത്തതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടുള്ള എം.എല്‍.എയുടെ പ്രതികരണമാണ് ചര്‍ച്ചയായത്.

കര്‍ണാടക സര്‍ക്കാരിനോട് 20 കോടി രൂപ കൊടുക്കാന്‍ പറഞ്ഞിട്ടുണ്ടെന്നായിരുന്നു സിദ്ദിഖിന്റെ മറുപടി. പിന്നാലെ തങ്ങള്‍ ഉന്നയിച്ച ചോദ്യം രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ഫണ്ടിനെ കുറിച്ചാണെന്ന് മാധ്യമപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ വ്യക്തമായ മറുപടി നല്‍കുന്നതില്‍ എം.എല്‍.എ പരാജയപ്പെടുകയായിരുന്നു. ഇതിനുപിന്നാലെയാണ് എം. ശിവപ്രസാദിന്റെ പ്രതികരണം.

അതേസമയം വയനാട് ടൗണ്‍ഷിപ്പിന്റെ ആദ്യഘട്ട ഉദ്ഘാടനം മാർച്ച് ഒന്നിന് നടക്കും. നേരത്തെ ഫെബ്രുവരി 25നാണ് ഉദ്ഘാടനം തീരുമാനിച്ചിരുന്നത്. എന്നാല്‍ പരിപാടി അവധി ദിവസമാക്കണമെന്ന് ആവശ്യമുയര്‍ന്നതിനെ തുടര്‍ന്ന് തീയതി മാറ്റുകയായിരുന്നു.

178 വീടുകളാണ് ഈ ഘട്ടത്തില്‍ കൈമാറുക. ഏഴ് സെന്റില്‍ 1000 ചതുരശ്ര അടിയില്‍ ഒറ്റ നിലയിലാണ് മുഴുവന്‍ വീടുകളും. ആദ്യഘട്ട ഗുണഭോക്താക്കളായ 178 പേര്‍ക്ക് പട്ടയങ്ങളും വിതരണം ചെയ്യും. ദുരന്തത്തില്‍ പൂര്‍ണമായും വീട് നഷ്ടപ്പെട്ട ഇവരാണ് ആദ്യ ഫേസില്‍ ഉള്‍പ്പെട്ടത്. ആകെ 327 ഗുണഭോക്താക്കളാണ് ഉള്ളത്.

അടുത്ത മഴക്കാലത്തിന് മുമ്പായി ഇവര്‍ക്ക് ഭൂമിയും വീടും നല്‍കി പൂര്‍ണ പുനരധിവാസം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്. ബാക്കിയുള്ള വീടുകളുടെ നിര്‍മാണം അന്തിമഘട്ടത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

കല്‍പ്പറ്റ ബൈപ്പാസിന് സമീപത്തായാണ് ടൗണ്‍ഷിപ്പ് ഒരുങ്ങിയിരിക്കുന്നത്. സര്‍ക്കാര്‍ ഏറ്റെടുത്ത എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ 64 ഹെക്ടര്‍ ഭൂമിയില്‍ അകെ 410 വീടുകളാണ് നിര്‍മിക്കുന്നത്. കിഫ്ബിയുടെ കീഴിലുള്ള കണ്‍സള്‍ട്ടന്‍സി ഏജന്‍സിയായ കിഫ്കോണിന്റെ മേല്‍നോട്ടത്തിലാണ് വീടുകളുടെ നിര്‍മാണം.

Content Highlight: How much did Rahul Gandhi and Priyanka Gandhi donate to the Wayanad rehabilitation project? M. Sivaprasad

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more