| Tuesday, 12th December 2017, 8:11 am

മണ്ഡപത്തില്‍ ജീന്‍സ് ധരിച്ചെത്തുന്ന പെണ്ണിനെ വിവാഹം കഴിക്കാന്‍ ഒരാണും തയ്യാറാകില്ല; കേന്ദ്ര മന്ത്രിയുടെ പ്രസ്താവന വിവാദമാകുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്
ന്യൂദല്‍ഹി: സ്ത്രീകളുടെ വസ്ത്രധാരണ രീതിയ്‌ക്കെതിരെ കേന്ദ്രമന്ത്രി സത്യപാല്‍ സിംഗ് നടത്തിയ പരാമര്‍ശം വിവാദത്തില്‍. ഗോരഖ്പൂരില്‍ ഒരു ക്ഷേത്രത്തില്‍ മഹാറാണാ പ്രതാപ് ശിക്ഷാ പരിഷത്ത് നടത്തിയ ഒരു ചടങ്ങില്‍ സംസാരിക്കവെയാണ് മന്ത്രി സ്ത്രീകള്‍ ജീന്‍സ് ധരിക്കുന്നതിനെതിരെ രംഗത്ത് വന്നത്.
“കല്യാണ മണ്ഡപത്തില്‍ ജീന്‍സ് ധരിച്ചെത്തുന്ന പെണ്ണിനെ ഒരാണും കെട്ടില്ലെ”ന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന. പാരമ്പരാഗത വസ്ത്രം ധരിക്കാതെ അതിനു പകരം ജീന്‍സ് ധരിക്കുന്ന സന്യാസിമാരെയും ആരും അംഗീകരിക്കില്ലെന്നും സത്യപാല്‍ പറഞ്ഞു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പങ്കെടുത്ത ചടങ്ങിലായിരുന്നു മന്ത്രിയുടെ പരാമര്‍ശങ്ങള്‍.
“ഒരു പെണ്‍കുട്ടി ജീന്‍സ് ധരിച്ച് ക്ഷേത്രത്തില്‍ പോകുന്നത് തന്നെ ഒരു സന്യാസിയും തന്റെ പാരമ്പര്യ മൂല്യങ്ങളെ മറന്ന് അംഗീകരിക്കില്ല. നിങ്ങള്‍ കരുതുന്നുണ്ടോ വിവാഹ മണ്ഡപത്തില്‍ ജീന്‍സ് ധരിച്ച് വരുന്ന പെണ്ണിനെ ഏതെങ്കിലും പുരുഷന്‍ കല്യാണം കഴിക്കുമെന്ന്?””, അദ്ദേഹം ചോദിച്ചു.
വിദ്യാലയമായ മഹാറാണ പ്രതാപ് ശിക്ഷ പരിഷത്തിന്റെ വാര്‍ഷികാഘോഷങ്ങളുടെ സമാപനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജല വിഭവ വകുപ്പിന്റെയും മാനവ വിഭവശേഷി വകുപ്പിന്റെയും സ്വതന്ത്ര ചുമതലയുള്ള കേന്ദ്ര സഹമന്ത്രിയാണ് സത്യപാല്‍ സിംഗ്.
പരിപാടിക്കെത്തിയ വിദ്യാര്‍ത്ഥികളോട് പരമ്പരാഗത ഇന്ത്യന്‍ വസ്ത്രധാരണത്തെക്കുറിച്ച് സംസാരിക്കുമ്പോഴാണ് മന്ത്രിയുടെ പരാമര്‍ശങ്ങള്‍ . അമ്പലങ്ങളാണ് വിദ്യാഭ്യാസത്തിന്റെയും സംസ്‌കാരത്തിന്റെയും കേന്ദ്രസ്ഥാനം എന്നും സത്യപാല്‍ പറഞ്ഞു. മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രതിപക്ഷം രംഗത്ത് വന്നു കഴിഞ്ഞു.
We use cookies to give you the best possible experience. Learn more