ന്യൂദല്‍ഹി: ഇന്ത്യന്‍ റിഫൈനര്‍മാര്‍ക്ക് റഷ്യന്‍ എണ്ണ വാങ്ങാന്‍ ഇളവ് പ്രഖ്യാപിച്ച അമേരിക്കന്‍ നടപടിക്ക് പിന്നാലെ മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്.
അമേരിക്കയുടെ ബ്ലാക്ക്‌മെയിലിങ് എന്ന് അവസാനിക്കുന്നുമെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ചോദിച്ചു. എക്‌സില്‍ പോസ്റ്റ് ചെയ്ത ഒരു ഗദ്യത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ട്രംപിന്റെ പുതിയ കളി, ദല്‍ഹിയിലെ സുഹൃത്തിനോട് പുടിനില്‍ നിന്ന് എണ്ണ വാങ്ങിക്കോളൂ എന്ന് പറഞ്ഞു, അമേരിക്കയുടെ ബ്ലാക്ക്‌മെയില്‍ എത്ര നാള്‍ തുടരും,’ അദ്ദേഹം കുറിച്ചു.
ഇറാനുമായുള്ള സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ റഷ്യന്‍ എണ്ണ വാങ്ങലുകള്‍ക്ക് 30 ദിവസത്തെ താത്ക്കാലിക ഇളവ് പുറപ്പെടുവിക്കുന്നതായി യു.എസ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ വിമര്‍ശനം.
ആഗോള വിപണിയിലേക്ക് എണ്ണയുടെ ഒഴുക്ക് സാധ്യമാക്കുന്നതിനാണ് ഈ നടപടി സ്വീകരിച്ചതെന്നും, കടലില്‍ കുടുങ്ങിക്കിടക്കുന്ന എണ്ണയുമായി ബന്ധപ്പെട്ട ഇടപാടുകള്‍ക്ക് മാത്രമേ ഇളവ് നല്‍കുന്നുള്ളുവെന്നും യു.എസിന്റെ പ്രസ്താവനയില്‍ പറയുന്നു.
ഇത്’മനപൂര്‍വ്വമായ ഹ്രസ്വകാല നടപടിയായതിനാല്‍ റഷ്യന്‍ സര്‍ക്കാരിന് കാര്യമായ സാമ്പത്തിക നേട്ടം നല്‍കില്ലെന്നും ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് വ്യാഴാഴ്ച പറഞ്ഞു.
‘ഇന്ത്യ അമേരിക്കയുടെ ഒരു അവശ്യ പങ്കാളിയാണ്, കൂടാതെ ന്യൂദല്‍ഹി യു.എസ് എണ്ണ വാങ്ങലുകള്‍ വര്‍ദ്ധിപ്പിക്കുമെന്ന് ഞങ്ങള്‍ പൂര്‍ണ്ണമായും പ്രതീക്ഷിക്കുന്നു. ആഗോള ഊര്‍ജ്ജത്തെ ബന്ദികളാക്കാനുള്ള ഇറാന്‍ ശ്രമം മൂലമുണ്ടാകുന്ന സമ്മര്‍ദ്ദം ഈ താത്ക്കാലിക നടപടി ലഘൂകരിക്കും,’ ബെസെന്റ് എക്സിലെ ഒരു പോസ്റ്റില്‍ പറഞ്ഞു.
എന്നാല്‍ മോദി സര്‍ക്കാര്‍ സമര്‍ദത്തിന് വഴങ്ങിയെന്നും 25% അധിക നികുതി ഭീഷണിയുയര്‍ത്തി അമേരിക്ക ഇന്ത്യയെ നിയന്ത്രിക്കുകയാണെന്നും ജയറാം രമേശ് പറഞ്ഞു.
ഇന്ത്യയ്ക്ക് ഊര്‍ജ്ജ സ്രോതസ്സുകള്‍ തീരുമാനിക്കാന്‍ അമേരിക്കയുടെ അനുമതി ആവശ്യമുണ്ടോ എന്ന് കോണ്‍ഗ്രസ് എം.പി മനീഷ് തിവാരി ചോദിച്ചു.
‘നമ്മുടെ ഊര്‍ജ്ജ സുരക്ഷാ ആവശ്യകതകള്‍ ഉറപ്പാക്കാന്‍ അമേരിക്കയുടെ അനുമതി ആവശ്യമുള്ള ഒരു ബനാന റിപ്പബ്ലിക്കാണോ നമ്മള്‍,’ അദ്ദേഹം ചോദിച്ചു.
Content Highlight: How long will American blackmail continue? Congress opposes US concession to buy Russian oil