സാമ്പത്തിക, രാഷ്ട്രീയ സഹകരണം സംബന്ധിച്ച് ചൈനയുമായി 25 വര്‍ഷത്തെ കരാറിന്റെ കരടുരേഖയ്ക്ക് ഇറാന്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയാണ്. തങ്ങളുടെ നയതന്ത്രത്തിന്റെ അഭിമാന നിമിഷമാണിതെന്നാണ് ഇറാന്റെ വിദേശകാര്യ മന്ത്രാലയ വക്താവ് അബ്ബാസ് മൗസവി കരാറിനെക്കുറിച്ച് പറയുന്നത്.
കരാറിന്റെ മുഴുവന്‍ വിവരങ്ങളും ടെഹ്റാന്‍ വെളിപ്പെടുത്തിയിട്ടില്ല, എന്നാല്‍ ഇറാന്‍ ചൈനയ്ക്ക് വന്‍ ഇളവുകള്‍ നല്‍കാന്‍ തയ്യാറാണ് എന്നാണ് പെട്രോളിയം ഇക്കണോമിസ്റ്റിന്റെ മുമ്പത്തെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. എണ്ണയ്ക്കും ഗ്യാസിനും ഗണ്യമായ കിഴിവുകളും രണ്ട് വര്‍ഷം വരെ പണമടയ്ക്കല്‍ കാലതാമസവും സോഫ്റ്റ് കറന്‍സികളില്‍ പണം അടയ്ക്കാനും ഉള്‍പ്പെടെയുള്ള ഇളവുകള്‍ ചൈനക്ക് ലഭിക്കുന്നു .
ഇറാനോടുള്ള ചൈനയുടെ അമിതമായ താല്‍പര്യം യു.എസ് ജാഗ്രതയോടെ നോക്കി കാണുന്നതോടൊപ്പം, അവരുടെ ടെഹ്റാനോടുള്ള മുന്‍കാല സമീപനം അവലോകനം ചെയ്യുകയും ചെയ്യുന്നു.
ചൈനയ്ക്ക് നേരത്തെ നിരസിക്കപ്പെട്ടിരുന്ന ഇറാനിലെ ഏതെങ്കിലും പെട്രോ കെമിക്കല്‍ പദ്ധതികളുമായി ബന്ധപ്പെടാനുള്ള അവസരങ്ങള്‍ ഇതോടെ അനുവദിക്കപ്പെടും. ഈ കരാര്‍ നടപ്പിലാക്കുകയാണെങ്കില്‍, ഇറാന്‍ സാമ്പത്തികമായി ചൈനയെ വളരെയധികം ആശ്രയിക്കും. അതേസമയം ബീജിംഗ് സുരക്ഷിതവും വലിയതുമായ ഊര്‍ജ്ജ സ്രോതസ്സും ഗള്‍ഫിലെ ഒരു ചുവടുവെപ്പും സ്വന്തമാക്കുകയും ചെയ്യും.
കിഷ് ദ്വീപിനെ ടെഹ്റാന്‍ ബീജിംഗിന് വിട്ടുകൊടുത്തതായി ഇറാനിയന്‍ മാധ്യമങ്ങളില്‍ ഇതിനകം തന്നെ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ഇത്തരം അഭ്യൂഹങ്ങള്‍ തെറ്റാണെങ്കിലും ഇറാന്‍ തീര്‍ച്ചയായും ഗള്‍ഫ് തുറമുഖങ്ങളില്‍ ചൈനയ്ക്ക് സൈനിക സൗകര്യങ്ങള്‍ വാഗ്ദാനം ചെയതിട്ടുണ്ട്.
ചൈനീസ് പദ്ധതികളെ സംരക്ഷിക്കുന്നതിനായി 5,000 ചൈനീസ് സുരക്ഷാ ഉദ്യോഗസ്ഥരെ ഈ കരാര്‍ പ്രകാരം ചൈന നല്‍കുന്നു. എന്നാല്‍ ഈ ഘടകങ്ങള്‍ ഇറാന്റെ രാഷ്ട്രീയ സ്വാതന്ത്ര്യത്തെ ഗുരുതരമായി ദുര്‍ബലപ്പെടുത്തുന്നു.
മിഡില്‍ഈസ്റ്റില്‍ മാത്രമല്ല, മധ്യേഷ്യയിലും കോക്കസസിലും ചൈനയുടെ സ്ഥാനം വളരെയധികം മെച്ചപ്പെടുത്തുമെന്നതാണ് ഈ കരാറുകൊണ്ട് ചൈനക്ക് കിട്ടുന്ന മെച്ചം. ജോര്‍ജിയ തങ്ങളുടെ കരിങ്കടല്‍ തുറമുഖങ്ങളിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കുകയാണെങ്കില്‍, ഇറാനിലൂടെയും കോക്കസസിലൂടെയും ബീജിംഗിന് യൂറോപ്പിലേക്കും കരിങ്കടലിലേക്കും ഒരു കര പാത ഉണ്ടായിരിക്കുകയും ചെയ്യും.
ഊര്‍ജ്ജമേഖലയില്‍ 280 ബില്യണ്‍ ഡോളര്‍ ആണ് ചൈനയുടെ താല്‍പര്യങ്ങള്‍ക്ക് വിധേയമാവുകയാണെങ്കില്‍ ഇറാന് ലഭിക്കുന്നത്. ഇത് കൂടാതെ സമ്പദ് വ്യവസ്ഥയിലേക്ക്, പ്രത്യേകിച്ച് ഉല്‍പാദന, ഗതാഗത അടിസ്ഥാന സൗകര്യങ്ങളില്‍ 120 ബില്യണ്‍ ഡോളറും ലഭിക്കുന്നു. ഇങ്ങനെ ഗണ്യമായ തുക നിക്ഷേപം ലഭിക്കുന്നതിലൂടെ ഇറാന്റെ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുവാനും കഴിയും. ഇതോടൊപ്പം ഇസ്ലാമിക ഭരണകൂടത്തെ ശക്തിപ്പെടുത്താനും ആഭ്യന്തര എതിര്‍പ്പ് ലഘൂകരിക്കാനും കഴിയും എന്നതാണ് ഇറാന്റെ നേട്ടം.
എന്നാല്‍ ഇതുവരെ ഈ കരാറിന്റെ വിശദാംശങ്ങള്‍ വ്യക്തമായിട്ടില്ല, കാരണം ഇത് പാര്‍ലമെന്റ് അംഗീകരിക്കേണ്ടതുണ്ട്. കരാറിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ ആദ്യം ഇറാനിയന്‍ മാധ്യമങ്ങളില്‍ വന്നപ്പോള്‍, പല നിരീക്ഷകരും ഇറാന് ചൈനയെ അമിതമായി ആശ്രയിക്കേണ്ടിവരുമെന്ന് ആശങ്ക പ്രകടിപ്പിച്ചിരുന്നു. പതിറ്റാണ്ടുകള്‍ നീണ്ടു നിന്ന അമേരിക്കന്‍ ആശ്രയത്വം 1979 ലെ ഇറാനിലെ ഇസ്ല്‌ലാമിക വിപ്ലവത്തോടെ അവസാനിച്ചതായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ ഇറാന്‍ ചൈനയുടെ അര്‍ദ്ധ കോളനിയാകുകയാണെന്നും ചില നിരീക്ഷണങ്ങളുണ്ട്.
1872 ലെ കുപ്രസിദ്ധമായ റോയിറ്റര്‍ ഇളവുമായി ഈ കരാറിനെ മുന്‍പ് താരതമ്യപ്പെടുത്തിയിരുന്നു. പിന്നീട് ടൈംസ് ഓഫ് ലണ്ടന്‍ ഇതിനെ വിളിച്ചത് ബ്രിട്ടീഷ് ബാങ്കര്‍ ബാരന്‍ ജൂലിയസ് ഡി റ്യൂട്ടറും പേര്‍ഷ്യയിലെ രാജാവും തമ്മിലുള്ള ഒരു കരാറെന്നാണ്. ഒരു രാജ്യത്തിന്റെ ഏറ്റവും വലിയ വിഭവങ്ങളും പരമാധികാരവും ഒരു വിദേശ താല്‍പര്യത്തിനു വേണ്ടിയായി മാറുന്നു. ആയത്തുള്ള ഹാഷിമി റഫ്സഞ്ജാനിയുടെ ഭരണത്തില്‍ തുടങ്ങി, മികച്ച രാഷ്ട്രീയ ബന്ധങ്ങളിലൂടെ പടിഞ്ഞാറുമായി സാമ്പത്തിക ബന്ധം വിപുലീകരിക്കുന്നതിന് വേണ്ടിയുള്ള ഇറാന്റെ ആവര്‍ത്തിച്ചുള്ള ശ്രമങ്ങളുടെയെല്ലാം പരാജയ ഫലമായാണ് ഇറാന് ചൈനയിലേക്കും മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലേക്കും മാറേണ്ടിവരുന്നതും പ്രാദേശികമായി’ pivot to the east ആവുന്നതും.
2015 ല്‍ ആണവകരാര്‍ ഒപ്പുവെച്ചതിന് ശേഷമാണ് ഏറ്റവും പുതിയ സംഭവങ്ങള്‍ നടന്നത്. ബോയിംഗ്, എയര്‍ബസ് വിമാനങ്ങള്‍ വാങ്ങാന്‍ ഇറാന്‍ വാഗ്ദാനം ചെയ്യുകയും, ‘ടോട്ടല്‍ ‘ പോലുള്ള ഊര്‍ജ്ജ കമ്പനികള്‍ ഉള്‍പ്പെടെയുള്ള അമേരിക്കന്‍, യൂറോപ്യന്‍ കമ്പനികളെ ഇതിനു വേണ്ടി ഇറാന്‍ സ്വാഗതം ചെയ്യുകയും ചെയ്തു. എന്നാല്‍ ഇറാനിയന്‍ പ്രസ്താവനകളോടുള്ള അവരുടെ പ്രതികരണം ക്രിയാത്മകമായിരുന്നില്ല.
2018 ല്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആണവ കരാറില്‍ നിന്ന് പിന്മാറുകയും, ഇറാനില്‍ എണ്ണ വില്‍പ്പനയില്‍ ഉള്‍പ്പെടെ പുതിയതും നിര്‍ണ്ണായകവുമായ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. ഇറാനുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ വാഷിംഗ്ടണിന് താല്‍പ്പര്യമില്ലെന്നും പകരം ടെഹ്റാനില്‍ ഭരണമാറ്റം വേണമെന്നും ട്രംപ് ഇറാനിലെ പല മിതവാദികളെയും ബോധ്യപ്പെടുത്തുകയും ചെയ്തു.
മെച്ചപ്പെട്ട ഇറാന്‍-യുഎസ് ബന്ധത്തിന്റെ എതിരാളികള്‍ക്ക് രണ്ടാം കാറ്റ് ലഭിച്ചു. യുഎന്‍ സുരക്ഷാ സമിതി ഉള്‍പ്പെടെ ഭാവിയില്‍ ഉണ്ടായേക്കാവുന്ന യുഎസ് സമ്മര്‍ദ്ദത്തിനെതിരായ ഒരു രക്ഷകനായി ചൈനയെ ഇറാന്‍ കാണുന്നു.
പിരിമുറുക്കങ്ങള്‍ കുറയ്ക്കുന്നു
ഇറാന്‍-ചൈന കരാര്‍ നടപ്പിലാക്കുകയാണെങ്കില്‍,അത് ഇറാന്റെ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീ വിപ്പിക്കുകയും അതിന്റെ രാഷ്ട്രീയം സുസ്ഥിരമാക്കുകയും ചെയ്യും. അത്തരമൊരു സാമ്പത്തിക, രാഷ്ട്രീയ വീണ്ടെടുക്കല്‍ ഇറാന്റെ മേഖലയിലെ നില മെച്ചപ്പെടുത്തുകയും യുഎസ് നയങ്ങളെ അന്ധമായി പിന്തുടരുന്നതിനുപകരം ടെഹ്റാനുമായുള്ള പിരിമുറുക്കം കുറയ്ക്കുന്നതിന് എതിരാളികളെ പ്രേരിപ്പിക്കുകയും ചെയ്യും. അറബ് രാജ്യങ്ങള്‍ക്ക് ചൈനയുമായി സ്വന്തമായി പ്രത്യേക ഇടപാടുകള്‍ നടത്തുവാനും കഴിയും. മാത്രവുമല്ല, ഇറാനില്‍ ചൈനയ്ക്ക് സ്ഥിരമായ ഒരു സ്ഥാനം നല്‍കുന്നതിലൂടെ, ഈ കരാര്‍ ബീജിംഗിന്റെ മേഖല സ്ഥാനം വര്‍ദ്ധിപ്പിക്കുകയും ഗള്‍ഫിലെ യുഎസ് തന്ത്രപരമായ മേധാവിത്വത്തെ ദുര്‍ബലപ്പെടുത്തുകയും ചെയ്യും. കൂടാതെ ഇത് അന്താരാഷ്ട്ര തലത്തില്‍ ചൈനയുടെ സ്ഥാനം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
ആണവ കരാറിലേക്ക് മടങ്ങുക, ഉപരോധം നീക്കുക, യൂറോപ്യന്‍, അമേരിക്കന്‍ കമ്പനികളെ ടെഹ്റാനുമായി ഇടപെടാന്‍ അനുവദിക്കുക എന്നിവയിലൂടെ അമേരിക്കയ്ക്ക് അത്തരമൊരു മാറ്റം തടയാന്‍ കഴിയും. എന്നാല്‍ ഉടനടി പ്രാബല്യത്തില്‍ വരുന്നത് ഇറാനിലെ മിതവാദ ശക്തികളുടെ പുനരുജ്ജീ വനമായിരിക്കും ദീര്‍ഘകാലാടിസ്ഥാനത്തില്‍ അത് മികച്ച രാഷ്ട്രീയ ബന്ധത്തിലേക്ക് നയിക്കുകയും ചെയ്യും.
ഇറാനോട് പൂര്‍ണമായും ശത്രുതാപരമായ നയം പിന്തുടരുന്നതിലൂടെ, യു.എസ് തെക്കുപടിഞ്ഞാറന്‍ ഏഷ്യയിലെ തന്ത്രപരമായ തിരഞ്ഞെടുപ്പുകള്‍ പരിമിതപ്പെടുത്തിയിരിക്കുന്നു, അതിനാല്‍ സൗദി അറേബ്യയെയും, യു.എ.ഇ യെയും പോലെയുള്ള ചില പ്രാദേശിക പങ്കാളികളാണ് ഇവ കൈകാര്യം ചെയ്യുന്നത്. ഇറാനോടുള്ള ചൈനയുടെ കൂടുതല്‍ താല്‍പര്യങ്ങള്‍, ടെഹ്റാനോടു ചൈന കാണിച്ച മുന്‍കാല സമീപനങ്ങള്‍ ജാഗ്രതയോടെ അവലോകനം ചെയ്യാന്‍ യു.എസിനെ പ്രേരിപ്പിക്കുന്നു.
മൊഴിമാറ്റം: ഷാരിഭ കെ
കടപ്പാട്: മിഡില്‍ ഈസ്റ്റ് ഐ
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ