കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നുള്ള പ്രതി ഗോവിന്ദച്ചാമിയുടെ തടവുചാട്ടത്തിന് പിന്നില്‍ മാസങ്ങള്‍ നീണ്ട ആസൂത്രണമെന്ന് സൂചന. അതീവ സുരക്ഷാ മേഖലയായ 10ാം ബ്ലോക്കില്‍ നിന്നാണ് പ്രതി ജയില്‍ ചാടിയത്.
പുലര്‍ച്ചെ 1.15 നാണ് ഗോവിന്ദച്ചാമി ജയില്‍ചാടിയതെന്നും അതല്ല പുലര്‍ച്ചെ നാലേ കാലോടെയാണെന്നും വാദമുണ്ട്. 1.15 നാണ് ഗോവിന്ദച്ചാമി തടവുചാടിയതെങ്കില്‍ അധികൃതര്‍ അറിഞ്ഞത് ഏതാണ്ട് അഞ്ച് മണിക്കൂറിന് ശേഷമാണ്.
വലിയ ആസൂത്രണമാണ് ഈ ജയില്‍ ചാട്ടത്തിനായി ഗോവിന്ദച്ചാമി നടത്തിയത്. അതീവ സുരക്ഷയുള്ള ജയില്‍ സെല്ലിന്റെ കമ്പികള്‍ മുറിച്ചുമാറ്റിയാണ് ഗോവിന്ദച്ചാമി പുറത്തേക്ക് കടന്നത്. ഉപ്പ് ഉപയോഗിച്ചാണ് ഗോവിന്ദച്ചാമി സെല്ലിന്റെ കമ്പികള്‍ മുറിച്ചതെന്നാണ് അറിയുന്നത്.
ജയിലില്‍ ഒരു ഭാഗത്ത് ചില നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. അവിടെ നിന്നാണ് ഹാക്‌സോ ബ്ലേഡ് ഉള്‍പ്പെടെ സംഘടിപ്പിക്കുന്നത്.
ഇതിന് ശേഷം കുറച്ചു കുറച്ചായി സെല്ലിന്റെ കമ്പികള്‍ ഓരോ ദിവസവും മുറിച്ചു. അത്തരത്തില്‍ പകുതി ഭാഗത്തോളം മനസിലാകാത്ത രീതിയില്‍ മുറിച്ച് വെച്ചു. ഭക്ഷണം പാചകം ചെയ്യുന്നിടത്ത് നിന്നാണ് കമ്പി ദുര്‍ബലപ്പെടുത്താനുള്ള ഉപ്പ് സംഘടിപ്പിച്ചത്.
അതിന് ശേഷം ക്വാറന്റൈന്‍ ബ്ലോക്ക് (പകര്‍ച്ചാവ്യാധികള്‍ പിടിപ്പെട്ടാല്‍ മാത്രം പ്രതികളെ താമസിക്കുന്ന ബ്ലോക്ക്) വഴി വന്ന് കൈവശമുണ്ടായിരുന്ന വസ്ത്രങ്ങളുമായി മതിലിന്റെ വശത്തേക്ക് പോയി. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണത്തില്‍ പൊലീസിന് ലഭിച്ചു.
മതിലിന്റെ മുകളില്‍ ഇരുമ്പ് കമ്പി വെച്ചുള്ള ഫെന്‍സിംഗ് ഉണ്ട്. സഹതടവുകാരുടെ ഉണങ്ങാനിട്ടിരുന്ന ഈ വസ്ത്രങ്ങള്‍ കൂട്ടിക്കെട്ടിയാണ് ഫെന്‍സിങ് വഴി പുറത്തേക്ക് കടക്കാനുള്ള വടം നിര്‍മിച്ചത്. ഒരേ തുണി ഉപയോഗിച്ചാണ് മതിലിലേക്ക് വലിഞ്ഞ് കയറിയതും പുറത്തേക്ക് ഇറങ്ങിയതും.
ഇല്ട്രിക് ഫെന്‍സിങ് കഴിഞ്ഞ ആറുമാസമായി പ്രവര്‍ത്തിച്ചില്ലെന്നും സൂചനയുണ്ട്. മതില്‍ ചാടാന്‍ ഗോവിന്ദച്ചാമി ഉപയോഗിച്ചത് ഡ്രമ്മുകളാണ്.
ജയില്‍ ചാട്ടത്തിനായി മാസങ്ങള്‍ക്കു മുന്‍പേ ആസൂത്രണം ആരംഭിച്ചിരുന്നു. തുരുമ്പിപ്പിച്ച കമ്പികള്‍ മുറിക്കാന്‍ ടൂളുകള്‍ തയ്യാറാക്കുകയും ശരീരഭാരം കുറയ്ക്കാന്‍ ചോറൊഴിവാക്കി ചപ്പാത്തി മാത്രം കഴിക്കുകയും ചെയ്തു. അതേസമയം ഇത്തരത്തില്‍ ആസൂത്രണം നടത്താനും ബ്ലേഡ് ഉള്‍പ്പെടെ ശേഖരിക്കാനും എങ്ങനെ കഴിഞ്ഞു എന്നത് ചോദ്യമാണ്.
മതിലിനരികില്‍ തുണി കണ്ടപ്പോഴാണ് ജയില്‍ചാട്ടം നടന്നതായി പൊലീസ് കണ്ടെത്തിയത്. ജയിലിലെ ട്രെയിനിങ് ഉദ്യോഗസ്ഥരാണ് ഈ തുണി കണ്ടത്. രാവിലെ സെല്‍ തുറന്നു പരിശോധിച്ചപ്പോഴാണ് ഇയാള്‍ രക്ഷപ്പെട്ട വിവരം അറിയുന്നത്.
ഗോവിന്ദച്ചാമിയെ അതീവ സുരക്ഷാ ബ്ലോക്കിലാണ് പാര്‍പ്പിച്ചിരുന്നത്. ജയില്‍വേഷത്തിലല്ല, കറുത്ത പാന്റ്‌സും ഷര്‍ട്ടും ധരിച്ചാണ് ഇയാള്‍ രക്ഷപ്പെട്ടത്.
ഇത്രയും സുരക്ഷാ സംവിധാനങ്ങളുള്ള ഒരു സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഒരാള്‍ക്ക് തനിയെ ചാടാന്‍ കഴിയില്ലെന്നും, പുറത്തുനിന്ന് സഹായം ലഭിച്ചെന്ന് സംശയിക്കുന്നതായും അധികൃതര്‍ പറയുന്നു.
ജയില്‍ ചാടാന്‍ ഗോവിന്ദച്ചാമി തക്കസമയം കാത്തിരിക്കുകയായിരുന്നെന്നുമാണ് അറിയുന്നത്. ഗോവിന്ദച്ചാമിക്ക് ജയിലിനകത്തു നിന്ന് തന്നെ സഹായം കിട്ടിയിട്ടുണ്ടോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളും ഇനി അറിയേണ്ടതുണ്ട്.
കണ്ണൂര്‍ തളാപ്പിലെ കുമാര്‍ ബില്‍ഡിങ്ങിലെ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിലെ കിണറ്റില്‍ നിന്നാണ് ഏറ്റവും ഒടുവില്‍ ഗോവിന്ദച്ചാമിയെ പിടികൂടിയത്
സി.സിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഗോവിന്ദച്ചാമി സഞ്ചരിച്ച വഴിയിലേക്ക് പൊലീസ് എത്തുന്നത്.
കണ്ണൂര്‍ ഡി.സി.സി ഓഫീസ് പരിസരത്ത് വെച്ച് ഗോവിന്ദച്ചാമിയോട് സാമ്യമുള്ള ഒരാളെ കണ്ടതായി വിവരം ലഭിച്ചു. ഒമ്പത് മണിയോടെയാണ് ഇത്തരത്തിലുള്ള ഒരാളെ കണ്ടത്.
ജയില്‍ ചാടിയ വാര്‍ത്ത ഇതിനോടകം പുറത്ത് വന്നതിനെത്തുടര്‍ന്ന് സംശയം തോന്നി ഗോവിന്ദച്ചാമിയെന്ന് ഒരു ബസ് ഡ്രൈവര്‍ വിളിച്ച് പറഞ്ഞതിനെത്തുടര്‍ന്ന് ഇയാള്‍ ഓടിയെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു.
ഗോവിന്ദച്ചാമിയുടെ സെല്ലില്‍ തമിഴ്‌നാട് സ്വദേശിയായ മറ്റൊരു പ്രതിയുമുണ്ടായിരുന്നു. എന്നാല്‍, താന്‍ ഒന്നും അറിഞ്ഞില്ലെന്നും ഉറങ്ങിപ്പോയെന്നുമാണ് ഇയാളുടെ മൊഴി.
മഴയായതിനാല്‍ ശബ്ദവും കേട്ടില്ലെന്നും ഇയാള്‍ പൊലീസിനെ അറിയിച്ചു. ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായ ഇന്ന് ജയില്‍ സന്ദര്‍ശിക്കാനിരിക്കെയാണ് ജയില്‍ചാട്ടം.
2011 ഫെബ്രുവരി ഒന്നിന് ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനില്‍വെച്ച് യുവതിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാള്‍.
കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ സൗമ്യയെന്ന യുവതി എറണാകുളം- ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ വീട്ടിലേക്ക് മടങ്ങുമ്പോള്‍ ട്രെയിനില്‍നിന്ന് തള്ളിയിട്ട് ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയെന്നാണ് കേസ്.
Content Highlight: How Govindachammy planned Jailbreak