| Tuesday, 22nd February 2022, 3:16 pm

അത്ര കംഫര്‍ട്ടല്ലാത്ത റിലേഷനില്‍ നിന്ന് എത്ര ഈസിയായാണ് അവള്‍ ഇറങ്ങി പോയത്; നിരൂപക പ്രശംസ നേടി ഹൃദയത്തിലെ അനു ആന്റണിയുടെ മായ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രേക്ഷക പിന്തുണയോടെ തിയേറ്ററുകളിലും ഒ.ടി.ടി പ്ലാറ്റ്ഫോമായ ഹോട്സ്റ്റാറിലും വിജയകരമായി പ്രദര്‍ശനം തുടരുന്ന ചിത്രമാണ് ഹൃദയം.

ഒ.ടി.ടി റിലീസിന് പിന്നാലെ ചിത്രത്തിലെ ഓരോ കഥാപാത്രത്തേയും ആരാധകര്‍ നിരൂപണത്തിന് വിധേയമാക്കുന്നുണ്ട്. അതില്‍ ചിത്രത്തിലെ മായ എന്ന കഥാപാത്രത്തെക്കുറിച്ച് എഴുത്തുകാരന്‍ സന്ദീപ് ദാസ് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പാണ് ചര്‍ച്ചയാകുന്നത്.

‘ഹൃദയം’ കണ്ടുകഴിഞ്ഞപ്പോള്‍ അതിലെ മായ എന്ന കഥാപാത്രത്തോട് അസൂയ തോന്നിപ്പോയെന്ന് സന്ദീപ് എഴുതുന്നു.

അര്‍ഹതയില്ലാത്തവര്‍ക്ക് നാം വേണ്ടുവോളം സ്‌നേഹം നല്‍കും. ശരിക്കും നമ്മെ സ്‌നേഹിക്കുന്നവരെ നാം കാണുകയുമില്ല. ഒരു മായ ആകാനുള്ള മോഹം നമുക്കെല്ലാവര്‍ക്കുമുണ്ടെന്നും പക്ഷേ ഭൂരിപക്ഷം പേര്‍ക്കും അതിനു സാധിക്കാറില്ലെന്നും സന്ദീപ് ദാസ് പറയുന്നു.

‘അരുണ്‍ നീലകണ്ഠന് (പ്രണവ് മോഹന്‍ലാല്‍) മായയോട് തോന്നിയ പ്രണയത്തിന് ആത്മാര്‍ത്ഥതയുണ്ടായിരുന്നില്ല. ദര്‍ശനയുമായി വേര്‍പിരിഞ്ഞതിന്റെ നൈരാശ്യം തീര്‍ക്കാന്‍ അരുണ്‍ കണ്ടെത്തിയ ഉപായം മാത്രമായിരുന്നു മായയോടുള്ള ബന്ധം.
അത് തിരിച്ചറിഞ്ഞ നിമിഷത്തില്‍ മായ അരുണിനോട് ചോദിക്കുന്നുണ്ട്-

ദര്‍ശനയെ സ്‌നേഹിച്ചതുപോലെ എന്നെ എന്നെങ്കിലും സ്‌നേഹിച്ചിട്ടുണ്ടോ!?
ആ ചോദ്യത്തിന് അരുണ്‍ മറുപടിയൊന്നും നല്‍കുന്നില്ല. പക്ഷേ അയാളുടെ നിശബ്ദതയില്‍ മായയ്ക്കുള്ള ഉത്തരമുണ്ടായിരുന്നു. ആ നിമിഷത്തില്‍ത്തന്നെ മായ അരുണിനോട് ഗുഡ്‌ബൈ പറയുകയാണ്,’
ഇങ്ങനെയാണ് വിനീത് ശ്രീനിവാസന്‍ മായയെ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിരിക്കുന്നത്.

ഒരാള്‍ക്ക് നമ്മളെ വേണ്ട എന്ന തോന്നിയാല്‍ ഒരു സെക്കന്റ് പോലും അവിടെ തുടരരുത് എന്ന സന്ദേശമാണ് ് മായ എന്ന കഥാപാത്രം നല്‍കുന്നതെന്നാണ് പ്രക്ഷക നിരൂപണങ്ങള്‍. ആളുകള്‍
കംഫര്‍ബിളല്ലാത്ത റിലേഷനില്‍ അതിന്റെ തീവ്രത മനസിലാകുന്ന സമയത്ത് ഈസിയായി പുറത്തുവരാം എന്നും മായ കണിച്ചുതരുന്ന പാഠമാണെന്നും വിലയിരുത്തപ്പെടുന്നുണ്ട്.

സന്ദീപ് ദാസ് എഴുതിയ കുറിപ്പ് വായിക്കാം

ഹൃദയം കണ്ടുകഴിഞ്ഞപ്പോള്‍ അതിലെ മായ എന്ന കഥാപാത്രത്തോട് അസൂയ തോന്നി. തന്നെ വേണ്ടാത്ത ഒരാളില്‍നിന്ന് എത്ര മനോഹരമായ രീതിയിലാണ് അവര്‍ ഇറങ്ങിപ്പോന്നത്!
ഒരു മായ ആകാനുള്ള മോഹം നമുക്കെല്ലാവര്‍ക്കുമുണ്ട്. പക്ഷേ ഭൂരിപക്ഷം പേര്‍ക്കും അതിന് സാധിക്കാറില്ല.
അരുണ്‍ നീലകണ്ഠന്(പ്രണവ് മോഹന്‍ലാല്‍) മായയോട് തോന്നിയ പ്രണയത്തിന് ആത്മാര്‍ത്ഥതയുണ്ടായിരുന്നില്ല. ദര്‍ശനയുമായി വേര്‍പിരിഞ്ഞതിന്റെ നൈരാശ്യം തീര്‍ക്കാന്‍ അരുണ്‍ കണ്ടെത്തിയ ഉപായം മാത്രമായിരുന്നു മായയോടുള്ള ബന്ധം.

അത് തിരിച്ചറിഞ്ഞ നിമിഷത്തില്‍ മായ അരുണിനോട് ചോദിക്കുന്നുണ്ട്-
‘ദര്‍ശനയെ സ്‌നേഹിച്ചതുപോലെ എന്നെ എന്നെങ്കിലും സ്‌നേഹിച്ചിട്ടുണ്ടോ!?’
ആ ചോദ്യത്തിന് അരുണ്‍ മറുപടിയൊന്നും നല്‍കുന്നില്ല. പക്ഷേ അയാളുടെ നിശബ്ദതയില്‍ മായയ്ക്കുള്ള ഉത്തരമുണ്ടായിരുന്നു. ആ നിമിഷത്തില്‍ത്തന്നെ മായ അരുണിനോട് ഗുഡ്‌ബൈ പറയുകയാണ്.
മനുഷ്യര്‍ക്ക് ഒരു കുഴപ്പമുണ്ട്. അര്‍ഹതയില്ലാത്തവര്‍ക്ക് നാം വേണ്ടുവോളം സ്‌നേഹം നല്‍കും. ശരിക്കും നമ്മെ സ്‌നേഹിക്കുന്നവരെ നാം കാണുകയുമില്ല. പരിഗണന ഇല്ലാത്ത ഇടങ്ങളില്‍ വെറുതെ ചുറ്റിത്തിരിഞ്ഞ് ജീവിതം പാഴാക്കുന്ന ഏര്‍പ്പാട് നമുക്കുണ്ട്.

‘നിങ്ങള്‍ക്ക് എന്നോട് ഒരു സ്‌നേഹവുമില്ല’ എന്ന വാചകം നമ്മളെല്ലാവരും ഒരിക്കലെങ്കിലും പറഞ്ഞിട്ടുണ്ടാവില്ലേ? പങ്കാളിയോട്…സുഹൃത്തിനോട്…അങ്ങനെ പലരോടും…
സത്യത്തില്‍ അത്തരമൊരു പരിഭവം കൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോ? സ്‌നേഹം ചോദിച്ചുവാങ്ങാനാവുന്ന ഒന്നാണോ?
നമുക്ക് അത്രമേല്‍ പ്രിയപ്പെട്ട ഒരാള്‍ നമ്മുടെ ജന്മദിനം മറന്നുപോയി എന്ന് കരുതുക. നമുക്ക് വേണമെങ്കില്‍ അയാളോട് പരാതി പറയാം. അടുത്ത ബെര്‍ത്ത്‌ഡേയ്ക്ക് അയാള്‍ ഉറപ്പായിട്ടും ആശംസകള്‍ അറിയിച്ചേക്കും. പക്ഷേ അത് നമ്മള്‍ അയാളെക്കൊണ്ട് ചെയ്യിക്കുന്നതാണ്. വിഷ് ചെയ്തില്ലെങ്കില്‍ പരാതി കേള്‍ക്കേണ്ടിവരും എന്ന ബോദ്ധ്യമാകും അയാളെ നയിക്കുന്നത്.

മനസറിഞ്ഞ് ചെയ്യുന്നതും ചെയ്യിക്കുന്നതും തമ്മില്‍ നല്ല വ്യത്യാസമുണ്ട്. ഒരാള്‍ സ്വന്തം ഇഷ്ടപ്രകാരം നമുക്ക് തരുന്ന എല്ലാ കാര്യങ്ങളും വളരെയേറെ സ്‌പെഷലായിരിക്കും. ചോദിച്ചുവാങ്ങിയവ അങ്ങനെയാവില്ല.
പക്ഷേ നമ്മള്‍ ഇതൊന്നും മനസിലാക്കുകയില്ല. നാം ഒരുപാട് സ്‌നേഹിക്കുന്ന ആള്‍ക്ക് നമ്മളോട് വലിയ താത്പര്യം ഇല്ലെന്ന് മനസ്സിലായാലും നാം പിന്മാറില്ല. അതെല്ലാം തോന്നലാണെന്ന് കരുതി ആശ്വസിക്കാന്‍ ശ്രമിക്കും. അയാളെ ന്യായീകരിക്കാന്‍ നൂറ് കാരണങ്ങള്‍ കണ്ടെത്തും.
മായ അരുണിനോട് ചോദിച്ചതുപോലൊരു ചോദ്യം നമ്മുടെ പ്രിയപ്പെട്ടവരോട് ചോദിക്കാന്‍ നാം ശരിക്കും ബുദ്ധിമുട്ടും.

ഇനി അഥവാ ചോദിച്ചാലും,അയാള്‍ നെഗറ്റീവ് ആയ ഒരു മറുപടി തന്നാലും ആ ബന്ധം ഉപേക്ഷിക്കാന്‍ നാം മടിക്കും. പരമാവധി സഹിക്കും. അയാളെക്കൊണ്ട് സ്‌നേഹിപ്പിക്കാന്‍ ശ്രമിക്കും. ഒടുവില്‍ ദയനീയമായി പരാജയപ്പെടും.

hridayam movie, maya, facebook post

സംശയരോഗികളായ ചില ഭര്‍ത്താക്കന്‍മാരെ കണ്ടിട്ടുണ്ട്. ഭാര്യ പരപുരുഷനുമായി ബന്ധം പുലര്‍ത്തിയാലോ എന്ന ഭയം മൂലം സദാസമയവും ഭാര്യയ്ക്ക് കാവല്‍ നില്‍ക്കുന്നവര്‍! അങ്ങനെ വാച്ച്മാന്റെ ജോലി ചെയ്ത് നേടിയെടുക്കുന്ന സംഗതിയെ സ്‌നേഹം എന്ന് വിളിക്കാനാകുമോ?

‘എന്നെ വിവാഹം കഴിക്കൂ’ എന്ന് യാചിച്ചുകൊണ്ട് കാമുകന്റെ/കാമുകിയുടെ പിന്നാലെ നടക്കുന്ന ആളുകളെയും കണ്ടിട്ടുണ്ട്. അങ്ങനെ യാചിച്ച് സ്വന്തമാക്കുന്നത് ശാശ്വതമാകുമെന്ന് തോന്നുന്നുണ്ടോ? യഥാര്‍ത്ഥ സ്‌നേഹം ഭിക്ഷയായി കിട്ടില്ല.

അവിടെയാണ് നാം മായയെ തിരിച്ചറിയേണ്ടത്. ഒരാള്‍ക്ക് നമ്മളെ വേണ്ട എന്ന തോന്നിയാല്‍ ഒരു സെക്കന്റ് പോലും അവിടെ തുടരരുത്. ആ തീരുമാനം എടുക്കാന്‍ ഒരുപാട് പ്രയാസപ്പെടേണ്ടിവന്നേക്കാം. ചിലപ്പോള്‍ നമ്മള്‍ മാസങ്ങളോളം കണ്ണുനീര്‍ പൊഴിച്ചേക്കാം. എന്നാലും ഇറങ്ങിപ്പോരുക തന്നെ വേണം. ആദ്യം കയ്പ് തോന്നിയാലും പിന്നീട് മധുരിക്കും.

CONTENT HIGHLIGHTS:  How easily she got out of such a uncomfortable relationship; celebrating  Anu Antony’s Maya in Hridayam Movie

Latest Stories

We use cookies to give you the best possible experience. Learn more