| Wednesday, 17th September 2025, 12:12 pm

ശബരിമലയിലെ സ്വര്‍ണപ്പാളിയുടെ ഭാരം നാല് കിലോ കുറഞ്ഞതെങ്ങനെ? വിജിലന്‍സ് അന്വേഷണം വേണമെന്ന് ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ ദേവസ്വം ബോര്‍ഡിനെതിരെ ഹൈക്കോടതി. സ്വര്‍ണപ്പാളിയുടെ ഭാരം കുറഞ്ഞസംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. വിജിലന്‍സ് ഓഫീസര്‍ മൂന്നാഴ്ച്ചയ്ക്കകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു.

42 കിലോയുണ്ടായിരുന്ന സ്വര്‍ണപ്പാളിയുടെ ഭാരം എങ്ങനെ 38 കിലോഗ്രാമായി കുറഞ്ഞെന്ന് ഹൈക്കോടതി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട് ചോദിച്ചു.

ഇന്ധനമാണൈങ്കില്‍ ഭാരം കുറഞ്ഞത് മനസിലാക്കാമെന്നും സ്വര്‍ണത്തിന് എങ്ങനെയാണ് നാല് കിലോയുടെ ഭാരക്കുറവ് സംഭവിച്ചതെന്നും ഹൈക്കോടതി ചോദിച്ചു.

സംഭവത്തിന്റെ മഹസര്‍ അടക്കം പരിശോധിച്ചാണ് ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. സ്വര്‍ണപ്പാളി ഇളക്കിയതുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോര്‍ട്ടും രേഖകളും ഹാജരാക്കാന്‍ നേരത്തെ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് ഈ രേഖകള്‍ പരിശോധിച്ചാണ് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്.

നേരത്തെ സ്വര്‍ണപ്പാളികള്‍ ചെന്നൈയിലേക്ക് അറ്റകുറ്റപ്പണികള്‍ക്കായി കൊണ്ടുപോയിരുന്നു. ഇത് പെട്ടെന്ന് തിരിച്ചെത്തിക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നെങ്കിലും പിന്നീട്, പണികള്‍ തുടരട്ടെയെന്നും രേഖകള്‍ ഹാജരാക്കിയാല്‍ മതിയെന്നും കോടതി നിലപാട് മയപ്പെടുത്തിയിരുന്നു. ദേവസ്വം ബോര്‍ഡിന്റെ അപേക്ഷ പരിഗണിച്ചായിരുന്നു ഇത്.

തുടര്‍ന്നാണ് ദേവസ്വം ബോര്‍ഡ് വിശദമായ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. ഇത് പരിശോധിച്ചതോടെയാണ് സ്വര്‍ണപ്പാളിയുടെ ഭാരം കുറഞ്ഞത് വ്യക്തമായത്.

ശബരിമലയിലെ സ്‌പെഷ്യല്‍ കമ്മീഷണര്‍ സ്വര്‍ണപ്പാളി ഇളക്കിയതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചതോടെയാണ് വിവാദസംഭവങ്ങളുടെ തുടക്കം. അനുമതിയില്ലാതെ സ്വര്‍ണപ്പാളി ഇളക്കിയത് കോടതി ചോദ്യം ചെയ്തിരുന്നു.

ഇതോടെ അനുമതി ചോദിക്കാതിരുന്നതിന് ദേവസ്വം ബോര്‍ഡ് കോടതിയില്‍ മാപ്പപേക്ഷിക്കുകയും ചെയ്തു. തുടര്‍ന്ന് ശ്രീകോവിലിന്റെ വാതിലിലുള്ള ദ്വാരപാലകരുടെ സ്വര്‍ണശില്‍പത്തില്‍ ചാര്‍ത്തിയിരിക്കുന്ന ആഭരണങ്ങളുടെ വിവരങ്ങളടക്കം കോടതി ആവശ്യപ്പെടുകയായിരുന്നു.

1999ല്‍ ഈ ശില്‍പങ്ങള്‍ സ്ഥാപിച്ചതുമുതല്‍ 2019വരെ ആഭരണങ്ങള്‍ ഉണ്ടായിരുന്നെന്ന് ദേവസ്വം വിജിലന്‍സ് സൂപ്രണ്ട് ഹാജരാക്കിയ രേഖകളില്‍ പറയുന്നുണ്ട്. എന്നാല്‍, 2019ല്‍ സ്വര്‍ണം പൂശാനായി ചെമ്പ് പാളികള്‍ കൈമാറിയതിന് ശേഷം ഈ ആഭരണങ്ങള്‍ക്ക് എന്തുസംഭവിച്ചെന്ന് രേഖകളില്‍ നിന്നും വ്യക്തമല്ല.

മുമ്പത്തെ സ്വര്‍ണം എത്ര അളവ് ഉണ്ടായിരുന്നെന്നും സ്‌പോണ്‍സര്‍മാര്‍ ആരെങ്കിലുമുണ്ടായിരുന്നോ, സ്വര്‍ണപ്പാളികളില്‍ ജോലികള്‍ ചെയ്തതാര് തുടങ്ങിയ കാര്യങ്ങളിലും ഹൈക്കോടതി വിശദമായ റിപ്പോര്‍ട്ട് ജസ്റ്റിസ് രാജവിജയരാഘവന്‍ ഉള്‍പ്പെട്ട ബെഞ്ച് ആവശ്യപ്പെട്ടിരുന്നു.

2019ലും 20205ലും സ്വര്‍ണം പൂശാനായി സ്‌പോണ്‍സര്‍ വന്നെങ്കില്‍ അതിന് പിന്നിലെ താത്പര്യമെന്താണെന്നും എത്ര സ്വര്‍ണം ഉപയോഗിച്ചാണ് സ്വര്‍ണം പൂശിയതെന്നും വ്യക്തമാക്കണമെന്നും കോടതി ദേവസ്വം ബോര്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടത്.

അതേസമയം, സ്വര്‍ണപീഠം കാണാനില്ലെന്ന് ആരോപിച്ച് സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റി രംഗത്തെത്തി. ദ്വാരപാലക പീഠമാണ് പണിത് നല്‍കിയതെന്നും മുമ്പ് വന്ന റിപ്പോര്‍ട്ടുകളിലെ പോലെ ദ്വാരപാലക ശില്‍പ്പമല്ലെന്നും അദ്ദേഹം വിശദീകരിച്ചു.

കാണാതായത് സ്വര്‍ണപീഠമാണ്. അത് ദേവസ്വം ബോര്‍ഡിന്റെ കൈവശമോ ക്ഷേത്രത്തിലോ ഉണ്ടാകാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു. സ്വര്‍ണപീഠത്തിന്റെ നിറം മാറിയതും ദ്വാരം വീണതുമാണ് സ്വര്‍ണപ്പാളികള്‍ അറ്റകുറ്റപ്പണിക്ക് വേണ്ടി ചെന്നൈയിലേക്ക് കൊണ്ടുപോകാന്‍ കാരണമായതെന്നും അദ്ദേഹം വിശദീകരിച്ചു.

Content Highlight: How did the weight of the gold plate at Sabarimala decrease by four kilos? High Court demands vigilance investigation

We use cookies to give you the best possible experience. Learn more