| Wednesday, 10th December 2025, 4:42 pm

ഇന്‍ഡിഗോ പ്രതിസന്ധി എങ്ങനെയുണ്ടായി? സര്‍ക്കാര്‍ നിസ്സഹായരാണോ? കേന്ദ്രത്തെ ചോദ്യം ചെയ്ത് ദല്‍ഹി ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്‍ഡിഗോ വിമാനസര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കിയതില്‍ നടപടിയെടുക്കാത്ത കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് ദല്‍ഹി ഹൈക്കോടതി.

പ്രതിസന്ധി പരിഹരിക്കാന്‍ റെഗുലേറ്ററി ബോഡിയും കേന്ദ്ര സര്‍ക്കാരും എന്ത് നടപടിയാണ് സ്വീകരിച്ചത്? വിമാനക്കമ്പനികള്‍ പരാജയപ്പെട്ടാല്‍ സര്‍ക്കാരും സംവിധാനങ്ങളും നിസ്സഹായരാണോ? നിയമങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ എന്ത് നടപടിയെടുക്കാന്‍ സാധിക്കും?

ജീവനക്കാരുടെ ക്ഷാമം നേരിട്ടാല്‍ കൂടുതല്‍ പേരെ റിക്രൂട്ട് ചെയ്യണമായിരുന്നു. ഡി.ജി.സി.എ എല്ലാം നിരീക്ഷിക്കുന്നുണ്ടെന്ന് പറയുന്നു.

എന്നാല്‍ ആവശ്യമായ പൈലറ്റുമാരെ റിക്രൂട്ട് ചെയ്തില്ലെങ്കിലും പൈലറ്റുമാരുടെ കൃത്യമായ എണ്ണം നല്‍കുന്നില്ലെങ്കിലും എന്ത് നടപടിയാണ് സ്വീകരിക്കാന്‍ കഴിയുക? തുടങ്ങി നിരവധി ചോദ്യങ്ങള്‍ കോടതി സര്‍ക്കാരിനോടും ഇന്‍ഡിഗോ വിമാനക്കമ്പനിയോടും ഉന്നയിച്ചു.

യാത്രക്കാര്‍ക്ക് നേരിടേണ്ടി വന്ന ദുരിതത്തെ കുറിച്ച് വിമാനക്കമ്പനിയെ ഹൈക്കോടതി ഓര്‍മിപ്പിക്കുകയും ചെയ്തു.

2010ലെ ഡയറക്ടര്‍ ജനറല്‍ ഓഫ് ഏവിയേഷന്‍ സര്‍ക്കുലര്‍ അനുസരിച്ചുള്ള നഷ്ടപരിഹാരം വിതരണം ചെയ്യല്‍ ഉടനെ ആരംഭിക്കണമെന്ന് കോടതി ഇന്‍ഡിഗോയോട് പറഞ്ഞു. നിങ്ങളുടെ ജീവനക്കാരോട് ശത്രുതാമനോഭാവത്തോടെ പെരുമാറി.

ഒരാഴ്ചയായി വിമാനത്താവളങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ കുറിച്ച് ചിന്തിക്കുക. വിമാനം റദ്ദാക്കിയതിന് മാത്രമല്ല, യാത്രക്കാരുടെ കഷ്ടപ്പാടുകള്‍ക്കും വേദനകള്‍ക്കും മറ്റ് പ്രതിസന്ധികള്‍ക്കും നഷ്ടപരിഹാരം നല്‍കണം,’ കോടതി നിര്‍ദേശിച്ചു.

കോടതിക്ക് മുന്നിലെത്തിയ പൊതുതാത്പര്യ ഹരജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് ഡി.കെ ഉപാധ്യായ, ജസ്റ്റിസ് തുഷാര്‍ റാനു ഗെഡേല എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ പരാമര്‍ശം.

കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമുള്ള പുതിയ ക്രൂ ഡ്യൂട്ടി ടൈം ചട്ടം നടപ്പാക്കുന്നതില്‍ ഇന്‍ഡിഗോയ്ക്ക് വന്ന തടസമാണ് നിലവിലെ ഈ പ്രതിസന്ധിയ്ക്ക് കാരണം. പൈലറ്റുമാരുടെ വിശ്രമസമയം സംബന്ധിച്ച പുതിയ ചട്ടങ്ങളും, ജിവനക്കാരുടെ കുറവും ഇന്‍ഡിഗോയെ ബാധിച്ചിട്ടുണ്ട്. വിഷയത്തില്‍ ഇന്നലെ രണ്ട് തവണ ഇന്‍ഡിഗോ ക്ഷമാപണം നടത്തിയിരുന്നു .

Content Highlight: How did the IndiGo crisis happen? Is the government helpless? Delhi High Court questions the Centre

We use cookies to give you the best possible experience. Learn more