ബെംഗളൂരു: ബംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ ടി-2വില്‍ ഒരു കൂട്ടം ആളുകള്‍ നിസ്‌കരിക്കുന്ന വീഡിയോ വൈറലായതിന് പിന്നാലെ കര്‍ണാടക സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ബി.ജെ.പി.
വിഷയത്തില്‍ ഉത്തരം പറയാനുള്ള ബാധ്യത കര്‍ണാടക സര്‍ക്കാരിനുണ്ടെന്ന് പ്രതിപക്ഷമായ ബി.ജെ.പി പറഞ്ഞതായി പിടി.ഐ റിപ്പോര്‍ട്ട് ചെയ്തു.
അധികൃതരില്‍ നിന്നും അനുമതി വാങ്ങിയിട്ടാണോ വിമാനത്താവളത്തില്‍ നിസ്‌കരിച്ചതെന്ന് ബി.ജെ.പി വക്താവ് വിജയ് പ്രസാദ് എക്‌സിലൂടെ ചോദിച്ചു.
‘എങ്ങനെയാണ് ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടി2 ടെര്‍മിനലിനുള്ളില്‍ ഇത്തരമൊരു കാര്യം അനുവദിക്കപ്പെട്ടത്? ബഹുമാനപ്പെട്ട കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും മന്ത്രി പ്രിയങ്ക് ഖാര്‍ഗെയും ഇത് അനുവദിക്കുന്നുണ്ടോ?’ എക്‌സ് പോസ്റ്റിലൂടെ വിജയ് പ്രസാദ് ചോദ്യം ചെയ്തു.
മുന്‍കൂട്ടി അനുമതി വാങ്ങിയിട്ടാണോ ഉയര്‍ന്ന സുരക്ഷയുള്ള വിമാനത്താവളത്തില്‍ ഈ വ്യക്തികള്‍ നമസ്‌കരിച്ചതെന്നും അദ്ദേഹം ചോദിച്ചു.
ആര്‍.എസ്.എസിന് പൊതുസ്ഥലങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ സംസ്ഥാന സര്‍ക്കാരിന്റെ നീക്കങ്ങളുമായി ബന്ധിപ്പിച്ചാണ് ബി.ജെ.പി വക്താവിന്റെ ചോദ്യങ്ങള്‍.
ആര്‍.എസ്.എസിന്റെ റൂട്ട് മാര്‍ച്ചിന് അനുമതി നിഷേധിക്കുകയും ബന്ധപ്പെട്ട അധികാരികളില്‍ നിന്നും അനുമതി തേടണമെന്ന് നിര്‍ബന്ധം പിടിക്കുകയും ചെയ്ത കര്‍ണാടക സര്‍ക്കാര്‍ പൊതുസ്ഥലത്ത് നടക്കുന്ന ഇത്തരം പ്രവൃത്തികള്‍ക്ക് നേരെ കണ്ണടയ്ക്കുകയാണെന്നും വിജയ് പ്രസാദ് വിമര്‍ശിച്ചു.
സെന്‍സിറ്റീവ് സോണില്‍ ഈ സംഭവം ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ബി.ജെ.പിയുടെ ആരോപണങ്ങളോട് കര്‍ണാടക ഭരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
അതേസമയം, ഇതേ ടെര്‍മിനലിനുള്ളില്‍ തന്നെ പ്രത്യേക പ്രാര്‍ത്ഥന മുറിയുണ്ടെന്ന് കെ.ഐ.എ അധികൃതര്‍ പറഞ്ഞു. പൊതുസ്ഥലത്ത് നിസ്‌കരിക്കുന്ന ഈ വീഡിയോ കെംപഗൗഡ വിമാനത്താവളത്തില്‍ നിന്നുള്ളത് തന്നെയാണെന്ന് അധികൃതര്‍ സ്ഥിരീകരിച്ചെന്നും എന്നാല്‍ വിവാദത്തില്‍ പ്രതികരിക്കാന്‍ തയ്യാറായില്ലെന്നും ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, വിമാനത്താവളം തങ്ങളുടെ അധികാര പരിധിയില്‍ വരില്ലെന്നും ഇതുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചിട്ടില്ലെന്നും കെ.ഐ.എ പൊലീസ് പറഞ്ഞു.
Content Highlight: How can this be allowed? BJP about the video of prayer at Bengaluru airport