| Sunday, 13th September 2026, 9:06 am

യെമൻ സംഘർഷത്തിൽ അമേരിക്ക ഇടപെടരുതെന്ന് ഹൂതികൾ; സൗദിയുടെ വ്യോമാക്രമണ ആവശ്യം തള്ളി ട്രംപ്

ശ്രീലക്ഷ്മി പി.പി

വാഷിങ്ടൺ: യെമനിലെ ഹൂതികളും സൗദി അറേബ്യയും തമ്മിലുള്ള സംഘർഷത്തിൽ അമേരിക്ക ഇടപെടരുതെന്ന് ഹൂതികൾ ആവശ്യപ്പെട്ടതായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു.

അമേരിക്കയുമായി ഏറ്റുമുട്ടാൻ താത്പ്പര്യമില്ലെന്നും തങ്ങൾക്കെതിരെ നടപടിയെടുക്കരുതെന്നും ആവശ്യപ്പെട്ട് ഹൂതികൾ തന്നെ ബന്ധപ്പെട്ടതായി ട്രംപ് പറഞ്ഞു. ഹൂതികൾ മിക്ക കപ്പലുകൾക്കും കടന്നുപോകാൻ അനുമതി നൽകുന്നുണ്ടെന്നും ഒരു രാജ്യത്തോട് മാത്രമാണ് അവർക്ക് എതിർപ്പുള്ളതെന്നും പറഞ്ഞ അദ്ദേഹം, ഈ പ്രശ്നം ഉടൻ പരിഹരിക്കുമെന്നും കൂട്ടിച്ചേർത്തു.

യെമന്റെ ചെങ്കടൽ തീരത്തും തന്ത്രപ്രധാനമായ ബാബ് അൽ-മന്ദബ് കടലിടുക്കിലും ഹൂതികൾ നിയന്ത്രണം ശക്തമാക്കിയ സാഹചര്യത്തിലാണ് ട്രംപിന്റെ പ്രതികരണം. എറിത്രിയ, ജിബൂട്ടി, യെമൻ അതിർത്തികളോട് ചേർന്നുള്ള ഈ പ്രദേശം സൗദിയിൽ നിന്ന് ഏഷ്യയിലേക്കുള്ള ക്രൂഡ് ഓയിൽ വിതരണത്തിന്റെ പ്രധാന ഇടനാഴിയാണ്.

ഹൂതികളുടെ മുന്നേറ്റം തടയാൻ അവർക്കെതിരെ വ്യോമാക്രമണം നടത്തണമെന്ന് സൗദി അറേബ്യ രണ്ടുതവണ ആവശ്യപ്പെട്ടെങ്കിലും ട്രംപ് അത് നിരസിച്ചതായി അമേരിക്കൻ മാധ്യമമായ ആക്സിയോസ് റിപ്പോർട്ട് ചെയ്തു.

സൗദിയുടെ പ്രധാന ഈസ്റ്റ്-വെസ്റ്റ് എണ്ണ പൈപ്പ്‌ലൈനിന് നേരെ ഡ്രോൺ ആക്രമണമുണ്ടായതിനെ തുടർന്ന് പൈപ്പ്‌ലൈൻ താത്ക്കാലികമായി അടച്ചു. ആക്രമണത്തിന് പിന്നിൽ ഇറാൻ ആയിരിക്കാമെന്ന് തെളിവുകൾ വ്യക്തമാക്കാതെ ട്രംപ് ആരോപിച്ചു.

അതേസമയം, ഇറാൻ അതിർത്തിക്കടുത്തുള്ള അൽ-തിബ് മേഖലയിൽ ഡ്രോൺ വിക്ഷേപണ സംവിധാനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഇറാഖ് മൂന്ന് അതിർത്തി ചെക്ക്പോസ്റ്റുകൾ അടയ്ക്കുകയും സമഗ്രാന്വേഷണം ആരംഭിക്കുകയും ചെയ്തു.

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി സംസാരിച്ചതായും അദ്ദേഹം തന്റെ ‘സുഹൃത്ത്’ ആണെന്നും ട്രംപ് പ്രതികരിച്ചു.

വ്യാഴാഴ്ചയോടെ തന്ത്രപ്രധാന നഗരമായ മോഖ ഹൂതികൾ പിടിച്ചെടുത്തതോടെ ജനങ്ങൾ വ്യാപകമായി യെമൻ സർക്കാരിന്റെ ആസ്ഥാനമായ ഏഡനിലേക്ക് പലായനം ചെയ്യുകയാണ്.

മോഖ–ദുബാബ് റോഡിൽ ഹൂതികളുടെ വാഹനങ്ങൾക്കും ആളുകൾക്കും നേരെ ആക്രമണം നടത്തിയതായി യെമൻ സർക്കാർ സേനാ വക്താവ് മജീദ് അബ്ദുല്ല അൽ-നസീലി അറിയിച്ചു. സുരക്ഷ മുൻനിർത്തി തായിസ്–മോഖ, മോഖ–ദുബാബ് റോഡുകൾ ഉപയോഗിക്കരുതെന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന രൂക്ഷമായ ആക്രമണങ്ങളിൽ ഇരുപക്ഷത്തുമായി 500-ലധികം ആളുകൾ കൊല്ലപ്പെട്ടു. യെമൻ അതിർത്തിയിൽ ഹൂതികളുടെ മിസൈൽ പതിച്ച് രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

സംഘർഷം മൂലം ഇതുവരെ 46,000-ത്തോളം ആളുകൾ പലായനം ചെയ്തതായി ഐക്യരാഷ്ട്രസഭയുടെ കുടിയേറ്റ ഏജൻസി അറിയിച്ചു. ഹോർമുസ് കടലിടുക്കിലെ ഉപരോധത്തിന് പിന്നാലെ ബാബ് അൽ-മന്ദബ് കടലിടുക്കും അനിശ്ചിതത്വത്തിലായത് ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരാൻ കാരണമായേക്കും.

Content Highlight: Houthis Urge US Not to Intervene in Yemen Conflict; Trump Rejects Saudi Arabia’s Call for Airstrikes.

ശ്രീലക്ഷ്മി പി.പി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more