സന: ഇസ്രഈലിലെ ബെൻ ഗുരിയോൺ വിമാനത്താവളം ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഹൂത്തികൾ. ബെൻ ഗുരിയോൺ വിമാനത്താവളത്തെ ലക്ഷ്യമിട്ട് ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ച് സൈനിക നടപടി ആരംഭിച്ചതായി ഹൂത്തി സൈനിക വക്താവ് യഹ്യ സാരി (ഇന്നലെ) ചൊവ്വാഴ്ച ടെലിഗ്രാമിൽ പോസ്റ്റ് ചെയ്തു.
ആക്രമണത്തിലൂടെ നിരവധി ഇസ്രഈലികളെ പലായനത്തിന് നിർബന്ധിച്ചതായും വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ തകരാറിലാക്കിയതായും യഹ്യ സാരി പറഞ്ഞു.
‘ആക്രമണത്തിന് പിന്നാലെ ലക്ഷക്കണക്കിന് ഇസ്രാഈലികൾ അഭയകേന്ദ്രങ്ങളിലേക്ക് പലായനം ചെയ്യേണ്ടി വന്നു. കൂടാതെ ആക്രമണം വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ നിർത്തിവെക്കാനും കാരണമായി. ഓപ്പറേഷൻ അതിന്റെ ലക്ഷ്യം നേടി,’ അദ്ദേഹം പറഞ്ഞു.
ഇസ്രഈൽ അധിനിവേശ പ്രദേശങ്ങളായ എലാത്ത്, ടെൽ അവീവ്, ആഷ്‌കെലോൺ എന്നിവിടങ്ങളിലും ഡ്രോൺ ഉപയോഗിച്ച് ആക്രമണം നടത്തിയതായി അദ്ദേഹം കൂട്ടിച്ചേർത്തു. ഗസയിലെ സൈനിക നടപടികൾ ഇസ്രഈൽ നിർത്തുന്നതുവരെ ഫലസ്തീൻ ജനതയെ പിന്തുണച്ച് സൈനിക പ്രവർത്തനങ്ങൾ തുടരുമെന്ന തങ്ങളുടെ നിലപാട് യഹ്യ സാരി ആവർത്തിച്ചു.
അതേസമയം ഹൂത്തി സൈന്യം ഇസ്രഈലിന് നേരെ മിസൈൽ തൊടുത്തുവിട്ടതായും രാജ്യത്തിന്റെ മധ്യ, തെക്കൻ ഭാഗങ്ങളിൽ വ്യോമാക്രമണ സൈറണുകൾ മുഴങ്ങിയതായും ഇസ്രഈൽ സൈന്യം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ആർക്കും പരിക്കേറ്റതായി റിപ്പോർട്ട് ചെയ്തിട്ടില്ല.
‘ഇസ്രഈലിലെ പല പ്രദേശങ്ങളിലും മുഴങ്ങിയ സൈറണുകൾക്ക് പിന്നാലെ, യെമനിൽ നിന്ന് വിക്ഷേപിച്ച ഒരു മിസൈൽ ഇസ്രഈൽ വ്യോമസേന തടഞ്ഞു,’ ഇസ്രഈൽ സൈനിക പ്രസ്താവനയിൽ പറഞ്ഞു. മിസൈൽ ആക്രമണത്തിന് ശേഷം യെമനിലെ ഹൂത്തി സേനക്കെതിരെ പ്രതികാരം ചെയ്യുമെന്ന് ഇസ്രഈൽ പ്രതിരോധ മന്ത്രി ഇസ്രഈൽ കാറ്റ്‌സ് പറഞ്ഞു. യെമനെയും ഇറാനെപോലെ പരിഗണിക്കുമെന്ന് ഇസ്രഈൽ കാറ്റ്‌സ് ഭീഷണി മുഴക്കി.
‘ടെഹ്‌റാനിൽ ആക്രമണം നടത്തിയത് പോലെ തന്നെ, യെമനിലെ ഹൂത്തികളെയും ഞങ്ങൾ ആക്രമിക്കും. ഇസ്രഈലിനെതിരെ ഉയർത്തുന്ന ആളുകളുടെ കൈ ഞങ്ങൾ വെട്ടിക്കളയും,’ കാറ്റ്സ് പറഞ്ഞു.
ഗസയിലെ ഫലസ്തീനികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് 2023 ഒക്ടോബറിലാണ് ഹൂത്തികൾ ചെങ്കടലിൽ ഇസ്രഈലി, പാശ്ചാത്യ കപ്പലുകളെ ലക്ഷ്യം വെക്കാൻ തുടങ്ങിയത്.
ജനുവരിയിൽ ഹൂത്തികളെ വിദേശ ഭീകര സംഘടനയായി ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചിരുന്നു. പിന്നാലെ ആരംഭിച്ച ആക്രമണത്തിൽ നിരവധി ആളുകൾ കൊല്ലപ്പെട്ടിരുന്നു. സാധാരണക്കാരെ ലക്ഷ്യം വെച്ചും സൈനിക കേന്ദ്രങ്ങൾ നശിപ്പിച്ചും സൈനികരെ കൊലപ്പെടുത്തിയും ആക്രമണം ഉണ്ടായി. ഇതുവരെ 200ലധികം ആക്രമണങ്ങൾ ഉണ്ടായതായി വൈറ്റ് ഹൗസ് അറിയിച്ചു.
ഫലസ്തീനികളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഹൂത്തികൾ 2023 നവംബർ മുതൽ 100ലധികം കപ്പൽ ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. ആ കാലയളവിൽ, അവർ രണ്ട് കപ്പലുകൾ കടലിൽ മുക്കുകയും മറ്റൊന്ന് പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
കുറഞ്ഞത് നാല് നാവികരെ ആക്രമണത്തിൽ ഹൂത്തികൾ കൊലപ്പെടുത്തിയിരുന്നു. ഇത് ആഗോള ഷിപ്പിങ്ങിനെ തടസപ്പെടുത്തി. ഇതോടെ കമ്പനികളെ ദക്ഷിണാഫ്രിക്കയ്ക്ക് ചുറ്റുമുള്ള ദീർഘവും ചെലവേറിയതുമായ വഴികളിലൂടെ കപ്പലുകൾ വഴിതിരിച്ച് വിടേണ്ടി വന്നു.
Content Highlight: Houthis say they targeted Ben Gurion airport in Israel