റിയാദ്: റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പുമായി യെമനിലെ ഹൂത്തികള്‍. സൗദി സഖ്യവും ഹൂത്തികളുമായുള്ള സംഘര്‍ഷം തുടരുന്നതിനിടെ റിയാദ് വിമാനത്താവളം ഈ മാസം ആദ്യം മുതല്‍ അടച്ചിട്ടിരിക്കുകയായിരുന്നു. വിമാനത്താവളത്തിലെ രണ്ട് ടെര്‍മിനലുകള്‍ വീണ്ടും തുറക്കുമെന്ന് സൗദി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഹൂത്തികളുടെ മുന്നറിയിപ്പ്.
വിമാനത്താവളം ഇപ്പോഴും ഒരു ‘സൈനിക ലക്ഷ്യം’ ആണെന്നും, ഇതിനെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ തുടരുമെന്നും ഹൂതി സൈനിക വക്താവ് യഹ്യ സരി പറഞ്ഞു. വിമാനക്കമ്പനികള്‍, വിമാനത്താവള ജീവനക്കാര്‍, യാത്രക്കാര്‍ എന്നിവര്‍ ഈ വിമാനത്താവളം ഉപയോഗിക്കരുതെന്നും യഹ്യ സരി മുന്നറിയിപ്പ് നല്കി.
റിയാദ് വിമാനത്താവളത്തിന്റെ ഒന്ന്, രണ്ട് ടെര്‍മിനലുകള്‍ ഞായറാഴ്ച മുതല്‍ വീണ്ടും പ്രവര്‍ത്തിക്കുമെന്ന് സൗദി അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു. ടെര്‍മിനല്‍ ഒന്ന് ആഭ്യന്തര സര്‍വീസുകള്‍ക്കും രണ്ട് ദേശീയ വിമാനക്കമ്പനികള്‍ നടത്തുന്ന അന്താരാഷ്ട്ര സര്‍വീസുകള്‍ക്കുമായി ഉപയോഗിക്കുമെന്നാണ് സൗദി അധികൃതര്‍ പ്രഖ്യാപിച്ചത്.
ഒക്ടോബര്‍ പത്തിന് വിമാനത്താവളത്തിന് നേരെ ഹൂത്തികള്‍ ആക്രമണം നടന്നിരുന്നു. ഹൂതികള്‍ ഉത്തരവാദിത്തം ഏറ്റെടുത്ത ഈ ആക്രമണത്തില്‍ 13 പേര് കൊല്ലപ്പെടുകയും 300-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് വിമാനത്താവളം അടച്ചിട്ടത്.
സൗദിയിലെ വിവിധ കേന്ദ്രങ്ങള്‍ക്കും, അന്താരാഷ്ട്രതലത്തില്‍ അംഗീകാരം ലഭിച്ച യെമന്‍ സര്‍ക്കാരിന്റെ ആസ്ഥാനമായ ഏദനിലെ കേന്ദ്രങ്ങള്‍ക്കും നേരെ ഹൂതി പോരാളികള്‍ ആക്രമണങ്ങള്‍ നടത്തിയതായി റോയിറ്റേഴ്സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. യെമനില്‍ തൈസ് നഗരത്തിന് ചുറ്റും പോരാട്ടം കൂടുതല്‍ ശക്തമായിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഏദന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഹൂത്തികള്‍ രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ അയച്ചതായി യെമന്‍ സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ആക്രമണത്തെ യെമന്‍ ഗതാഗത മന്ത്രാലയം അപലപിച്ചു. ഈ മാസം നടക്കുന്ന നാലാമത്തെ ആക്രമണമാണിതെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.
വിമാനത്താവളത്തിന് നേരെയുള്ള ഈ ആക്രമണങ്ങള്‍ ‘സിവില്‍ ഏവിയേഷന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുന്നു’ എന്നും, ഇതിനെ ആശ്രയിക്കുന്ന സാധാരണക്കാര്‍ക്ക് ‘മാനുഷികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങള്‍’ ഉണ്ടാക്കുന്നുവെന്നും മന്ത്രാലയം പറഞ്ഞു.
സൗദി തലസ്ഥാനമായ റിയാദിന് നേരെ ഹൂതികള്‍ തൊടുത്തുവിട്ട ഒരു ബാലിസ്റ്റിക് മിസൈല്‍ തകര്‍ത്തെറിഞ്ഞതായി സൗദി നേതൃത്വത്തിലുള്ള സഖ്യസേന ഞായറാഴ്ച പ്രസ്താവനയില്‍ പറഞ്ഞു. മക്കയ്ക്കും മദീനയ്ക്കും നേരെ ഹൂതികള്‍ രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തുവിട്ടതായും അത് തകര്‍ത്തെന്നും സൗദി അറേബ്യയുടെ സിവില്‍ ഡിഫന്‍സ് വിഭാഗം ശനിയാഴ്ച ‘എക്സ്’ പോസ്റ്റില്‍ പറഞ്ഞു. മിസൈലുകള്‍ തകര്‍ക്കപ്പെട്ടതിനെത്തുടര്‍ന്ന് അവയുടെ അവശിഷ്ടങ്ങള്‍ താഴേക്ക് പതിക്കാന്‍ സാധ്യതയുണ്ടെന്നും അവര്‍ മുന്നറിയിപ്പ് നല്കി.
അതേസമയം, ഇസ് ലാം മതത്തിലെ ഏറ്റവും പവിത്രമായ രണ്ട് നഗരങ്ങളെ തങ്ങള്‍ ലക്ഷ്യമിട്ടു എന്ന ആരോപണം ‘വലിയ നുണ’യാണെന്ന് ഹൂത്തികള്‍ പ്രതികരിച്ചു. സൗദി അറേബ്യയിലെ മൂന്ന് വിമാനത്താവളങ്ങള്‍, എണ്ണ അടിസ്ഥാന സൗകര്യങ്ങള്‍, ഒരു വ്യോമതാവളം എന്നിവയായിരുന്നു തങ്ങളുടെ ലക്ഷ്യങ്ങളെന്ന് അവര്‍ അവകാശപ്പെട്ടു.
Content Highlight: Houthis Riyadh News Updates- Riyadh Airport