| Monday, 20th October 2025, 1:52 pm

ചാരവൃത്തി ആരോപിച്ച് യു.എന്‍ ജീവനക്കാരെ കസ്റ്റഡിയിലെടുത്ത് ഹൂത്തികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

സനാ: യു.എന്‍ ജീവനക്കാരെ തടഞ്ഞുവെച്ച് യെമനിലെ ഹൂത്തി വിമതസംഘം. ഹദ ജില്ലയില്‍ നടത്തിയ റെയ്ഡിലാണ് യു.എന്‍ ജീവനക്കാര്‍ അറസ്റ്റിലായത്. 16 വിദേശ പൗരന്മാരും യു.എന്‍ ജീവനക്കാരും ഉള്‍പ്പെടെ 20 പേരാണ് ഹൂത്തികളുടെ കസ്റ്റഡിയിലായത്.

ഇവരില്‍ വിവിധ യു.എന്‍ ഏജന്‍സികളില്‍ നിന്നുള്ള ജീവനക്കാരും ഉള്‍പ്പെടുന്നു. നിലവില്‍ 11 പേരെ ചോദ്യം ചെയ്തതിന് ശേഷം വിട്ടയച്ചതായാണ് വിവരം.

വെടിനിര്‍ത്തല്‍ പ്രാബല്യത്തിലിരിക്കെ ഗസയില്‍ അതിക്രമം തുടരുന്ന ഇസ്രഈലിനും ഗസയിലെ സമാധാന പദ്ധതിക്ക് നേതൃത്വം നല്‍കുന്ന യു.എസിനും വേണ്ടി ചാരവൃത്തി നടത്തിയെന്ന് ആരോപിച്ചാണ് യു.എന്‍ ജീവനക്കാരനെ ഹൂത്തികള്‍ കസ്റ്റഡിയിലെടുത്തത്.

ഞായറാഴ്ച ഉച്ചയോടെ ഐക്യരാഷ്ട്രസഭയുടെ ജീവനക്കാരെ ഹൂത്തികള്‍ കസ്റ്റഡിയിലെടുത്തതായി യു.എന്‍ വക്താവ് ജീന്‍ ആലം പറഞ്ഞു. യെമനിലെ തങ്ങളുടെ പ്രവര്‍ത്തനം സ്വാഭാവിക നിലയിലേക്ക് എത്തിക്കാന്‍ ഹൂത്തികളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ആലം അറിയിച്ചു.

ഹൂത്തികളുടെ നടപടിയെ ചോദ്യം ചെയ്ത് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിന്റെ വക്താവ് സ്റ്റീഫന്‍ ഡുജാറിക് പ്രതികരിച്ചു. കസ്റ്റഡിയിലുള്ള മുഴുവന്‍ ആളുകളെയും മോചിപ്പിക്കണമെന്ന് സ്റ്റീഫന്‍ ഡുജാറിക് ആവശ്യപ്പെട്ടു.

അതേസമയം ഹൂത്തി കസ്റ്റഡിയിലെടുത്തവരില്‍ യെമനിലെ യൂണിസെഫ് പ്രതിനിധി പീറ്റര്‍ ഹോക്കിന്‍സും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കസ്റ്റഡിയിലുള്ളവരില്‍ നിന്ന് മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ പിടിച്ചെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്.

നേരത്തെ യു.എസിന്റെയും ഇസ്രഈലിന്റെയും രഹസ്യാന്വേഷണ ഏജന്‍സികളായ സി.ഐ.എയും മൊസാദും തമ്മിലുള്ള നെറ്റ്‌വര്‍ക്ക് തങ്ങള്‍ തകര്‍ത്തതായി ഹൂത്തി നേതാവ് അബ്ദുള്‍ മാലിക് അല്‍-ഹൂത്തി പറഞ്ഞിരുന്നു. ശനിയാഴ്ച ഒരു ചാനലിനോട് സംസാരിക്കവേയായിരുന്നു അബ്ദുല്‍ മാലിക് ഇക്കാര്യം പറഞ്ഞത്.

സെപ്റ്റംബറില്‍ സനയില്‍ പ്രവര്‍ത്തിക്കുന്ന ഐക്യരാഷ്ട്രസഭാ ഓഫീസുകള്‍ക്ക് നേരെ ഹൂത്തികള്‍ ആക്രമണം നടത്തിയിരുന്നു. തുടര്‍ന്ന് 11 ഐക്യരാഷ്ട്രസഭ ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

അന്ന് ബലപ്രയോഗത്തിലൂടെയാണ് ഹൂത്തികള്‍ യു.എന്‍ ഓഫീസുകളില്‍ പ്രവേശിച്ചതെന്നും യു.എന്‍ സ്വത്തുകള്‍ പിടിച്ചെടുത്തതെന്നും ഗുട്ടറസ് പ്രതികരിച്ചിരുന്നു.

സനയിലെ ഇസ്രഈല്‍ ആക്രമണത്തില്‍ യെമനിലെ ഹൂത്തി സര്‍ക്കാരിന്റെ പ്രധാനമന്ത്രിയും മന്ത്രിമാരും കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് യു.എന്‍ ഓഫീസുകള്‍ക്ക് നേരെ ആക്രമണം ഉണ്ടായത്.

Content Highlight: Houthis detain UN staff on suspicion of espionage

We use cookies to give you the best possible experience. Learn more