| Thursday, 5th November 2026, 8:30 pm

സൗദിക്കെതിരായ ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ 51 ബില്യണ്‍ ഡോളര്‍; യെമനിലെ തങ്ങളുടെ ഭരണത്തെ അംഗീകരിക്കണമെന്ന്‌ ഹൂത്തികള്‍

റെന്വര്‍ പി

റിയാദ്: സൗദി അറേബ്യയ്ക്കെതിരായ ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെങ്കില്‍ പകരം 51 ബില്യണ്‍ യു.എസ് ഡോളര്‍ നഷ്ടപരിഹാരവും യെമനിലെ തങ്ങളുടെ ഭരണത്തിന് അംഗീകാരവും നല്‍കണമെന്ന് ഹൂത്തി വിമതര്‍ ആവശ്യപ്പെട്ടതായി ദ വാള്‍ സ്ട്രീറ്റ് ജേണല്‍. ഈ വിഷയത്തെക്കുറിച്ച് നേരിട്ട് അറിവുള്ളവരില്‍ നിന്നാണ് ഈ വിവരം ലഭിച്ചതെന്ന് വാള്‍ സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ചര്‍ച്ചകളിലൂടെ ഒരു ഒത്തുതീര്‍പ്പിനുള്ള സാധ്യത തേടി സൗദി അറേബ്യ ഹൂത്തികളെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ യുദ്ധത്തില്‍ നിന്നുള്ള പിന്‍മാറ്റത്തിന് ഹൂത്തികള്‍ ഈ ഉപാധികള്‍ മുന്നോട്ട് വെച്ചതായി വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

യെമന്‍ യുദ്ധത്തിനിടെ സൗദിയുടെ നേതൃത്വത്തില്‍ നടന്ന വര്‍ഷങ്ങളോളം നീണ്ട വ്യോമാക്രമണങ്ങള്‍ക്കും ഉപരോധത്തിനും നഷ്ടപരിഹാരമായാണ് ഹൂത്തികള്‍ ഈ തുക ആവശ്യപ്പെടുന്നതെന്ന് വാള്‍ സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

യെമനിലെ ഭരണാധികാരികളായി തങ്ങളെ അംഗീകരിക്കണമെന്നും ഹൂത്തികള്‍ സൗദിയോട് ആവശ്യപ്പെടുന്നു. യെമനിലെ അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ട സര്‍ക്കാരിനാണ് സൗദി പിന്തുണ നല്‍കുന്നത്. ഇതിന് പകരം ഹൂത്തി സര്‍ക്കാരിനെ അംഗീകരിക്കണമെന്നാണ് ഇപ്പോള്‍ വിമത സംഘം ആവശ്യപ്പെടുന്നത്.

ഹൂത്തി സേനയുടെ ഭാഗത്തുനിന്ന് സൗദിക്കെതിരെ പുതിയ ആക്രമണങ്ങള്‍ തുടരുന്നതിനിടെയാണ് ഈ റിപ്പോര്‍ട്ട് പുറത്തു വന്നത്. അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ട യെമന്‍ സര്‍ക്കാരിന്റെ ആസ്ഥാനമായ ഏദനില്‍ നിന്ന് ഏകദേശം 50 മൈല്‍ അകലെ വരെ ഹൂതികള്‍ മുന്നേറ്റം നടത്തിയതായാണ് വിവരം. 2015-ന് ശേഷം ഇതാദ്യമായാണ് അവര്‍ ഏദന്‍ നഗരത്തോട് ഇത്രയധികം അടുക്കുന്നത്.

അതെസമയം, ഹൂത്തികളുടെ മിസൈല്‍ ആക്രമണം തങ്ങള്‍ തടഞ്ഞതായ സൗദി അറേബ്യയുടെ സിവില്‍ ഡിഫന്‍സ് ഏജന്‍സി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ഇസ് ലാം മതത്തിലെ ഏറ്റവും പവിത്രമായ നഗരങ്ങളിലൊന്നായ മദീന മേഖലയിലേക്ക് ഹൂതികള്‍ തൊടുത്തുവിട്ട ഒരു ബാലിസ്റ്റിക് മിസൈല്‍ തടഞ്ഞുനശിപ്പിച്ചതായി സിവില്‍ ഡിഫന്‍സ് ഏജന്‍സി വ്യാഴാഴ്ച പ്രസിദ്ധീകരിച്ച വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

സൗദിയിലെ തന്ത്രപ്രധാനമായ യാന്‍ബു തുറമുഖത്തിന് സമീപമുള്ള പ്രദേശത്ത് അപകടസാധ്യതയുണ്ടെന്നും സിവില്‍ ഡിഫന്‍സ് ഏജന്‍സി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് മിസൈലുകള്‍ തടഞ്ഞെന്ന പ്രസ്താവന. ഈ രണ്ട് സംഭവങ്ങളും തമ്മില്‍ ബന്ധമുണ്ടോ എന്നത് വ്യക്തമല്ല.

‘യാന്‍ബു ഗവര്‍ണറേറ്റിലെ ദേശീയ മുന്‍കൂര്‍ മുന്നറിയിപ്പ് സംവിധാനം വഴി അപകടസാധ്യതയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്,’ എന്ന് ഏജന്‍സി ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ പറയുന്നു.

Content Highlight: Houthis demand USD 51 bn, Saudi recognition to end attacks

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more