സന: സനയില്‍ ഇസ്രഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹൂത്തി വിമതര്‍ നയിക്കുന്ന സര്‍ക്കാരിന്റെ പ്രധാനമന്ത്രി അഹമ്മദ് അല്‍-റഹാവി കൊല്ലപ്പെട്ടത് സ്ഥിരീകരിച്ച് ഹൂത്തി. വ്യാഴാഴ്ച നടന്ന സര്‍ക്കാര്‍ വര്‍ക്ക്‌ഷോപ്പില്‍ പങ്കെടുക്കുന്നതിനിടെയായിരുന്നു ഇസ്രഈല്‍ ആക്രമണത്തില്‍ പ്രധാനമന്ത്രി കൊല്ലപ്പെട്ടത്.
‘വഞ്ചകരായ ഇസ്രഈല്‍ ക്രിമിനലുകള്‍ ലക്ഷ്യമിട്ടതിനെ തുടര്‍ന്ന് പോരാളിയായ അഹമ്മദ് ഗാലെബ് നാസര്‍ അല്‍-റഹാവിയും അദ്ദേഹത്തിന്റെ മന്ത്രിമാരായ സഹപ്രവര്‍ത്തകരും രക്തസാക്ഷിത്വം വരിച്ചതായി അറിയിക്കുന്നു,’ ഹൂത്തി നേതാവ് മഹ്ദി അല്‍-മഷാത്ത് പറഞ്ഞു.
നഷ്ടം വകവെക്കാതെ സംസ്ഥാന സ്ഥാപനങ്ങള്‍ തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും യെമനികള്‍ക്കുള്ള സേവനങ്ങള്‍ നിലനിര്‍ത്താനും ഗസക്കുള്ള പിന്തുണ വര്‍ധിപ്പിക്കാനും പ്രതിജ്ഞയെത്തതായും അദ്ദേഹം അറിയിച്ചു. കൊല്ലപ്പെട്ട നേതാക്കളുടെ രക്തം അതിനുള്ള ഇന്ധനമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു.
അഹമ്മദ് അല്‍-റഹാവി കൊല്ലപ്പെട്ടുവെന്ന് ഇന്നലെ യെമനി ചാനലായ അല്‍ ജുംഹുറിയ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഹൂത്തി വിമതരോ ഇസ്രഈല്‍ സേനയോ ഔദ്യോഗിക സ്ഥിരീകരണം നടത്തിയിരുന്നില്ല. ആക്രമണത്തില്‍ പ്രധാനമന്ത്രിക്കൊപ്പം നിരവധി മന്ത്രിമാരും കൊല്ലപ്പെട്ടിട്ടുണ്ട്.
ഹൂത്തി സര്‍ക്കാരിന്റെ പ്രതിരോധ മന്ത്രി മുഹമ്മദ് അല്‍-അതിഫി, സേനാപതിയായ ചീഫ് ഓഫ് സ്റ്റാഫ് മുഹമ്മദ് അബ്ദുല്‍-കരീം, അല്‍-ഗമാരി എന്നിവര്‍ ഉള്‍പ്പെടെ നിരവധി ഉന്നത ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്.
2024 ആഗസ്റ്റ് മുതല്‍ ഹൂത്തി സര്‍ക്കാരിന്റെ പ്രധാനമന്ത്രിയായിരുന്നു അഹമ്മദ് അല്‍-റഹാവി. ജനറല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അംഗമായ അദ്ദേഹം യെമനിലെ ഖാന്‍ഫര്‍ സ്വദേശിയായിരുന്നു. 2019ല്‍ ഹൂത്തി നേതൃത്വത്തിലുള്ള സുപ്രീം പൊളിറ്റിക്കല്‍ കൗണ്‍സിലില്‍ അംഗമായ അല്‍-റഹാവി അബ്ദുല്‍-അസീസ് ബിന്‍ ഹബ്തൂര്‍ രാജിവെച്ചതിനെ തുടര്‍ന്നായിരുന്നു പ്രധാനമന്ത്രിയായത്.
അതേസമയം ഈ ആഴ്ച സനയുടെ വിവിധ ഭാഗങ്ങളില്‍ ഇസ്രഈല്‍ നടത്തിയ ആക്രമണത്തില്‍ കുറഞ്ഞത് പത്ത് പേര്‍ കൊല്ലപ്പെടുകയും നൂറിലധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
Content Highlight: Houthi have confirmed that Ahmed al-Rahawi, the prime minister of the Houthi-led government was killed in an Israeli airstrike