റിയാദ്: സൗദി വിമാനത്താവളങ്ങള്‍ക്ക് നേരെ ഹൂത്തി ആക്രമണം. അബഹ വിമാനത്താവളത്തിന് നേരെയും റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുമാണ് ആക്രമണമുണ്ടായിരിക്കുന്നത്. ഈ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും 36 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.
ചൊവ്വാഴ്ചയും ബുധനാഴ്ചയുമായാണ് രണ്ട് വിമാനത്താവളങ്ങള്‍ക്ക് നേരേയും ഹൂത്തി ആക്രമണമുണ്ടായത്. അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരേയുണ്ടായ ആക്രമണത്തില്‍ രണ്ട് സ്ത്രീകളാണ് കൊല്ലപ്പെട്ടത്. ഇവര്‍ മൊറോക്കോ, അള്‍ജീരിയ സ്വദേശികളാണ്. കൂടാതെ 28 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
പരിക്കേറ്റവരില്‍ സൗദി പൗരന്മാരും ബംഗ്ലാദേശ്, ഫിലിപ്പീന്‍സ് പൗരന്മാരും ഉള്‍പ്പെടുന്നു. റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തിന് നേരേയുണ്ടായ ആക്രമണത്തില്‍ സുഡാന്‍ പൗരനാണ് കൊല്ലപ്പെട്ടത്. സൗദി, ഈജിപത്, പാകിസ്ഥാന്‍ സ്വദേശികളായ എട്ടുപേര്‍ക്ക് പരിക്കേറ്റു.
യാത്രക്കാരുടെയും തൊഴിലാളികളുടെയും സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നതിനും നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനും ബന്ധപ്പെട്ട സുരക്ഷാ അധികാരികളുമായി പൂര്‍ണമായ സംയോജനത്തിലും തുടര്‍ച്ചയായ ഏകോപനത്തിലും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സിവില്‍ ഏവിയേഷന്‍ അറിയിച്ചു.
Content Highlight: Houthi attack on Saudi airports: Three dead.