| Wednesday, 25th November 2026, 7:15 am

റിയാദിൽ ഹൂത്തി ആക്രമണം; തിരിച്ചടിച്ച് സൗദി

ശ്രീലക്ഷ്മി എ.വി.

റിയാദ്: യെമനിലെ ചെങ്കടൽ തുറമുഖമായ ഹൊദൈദയിൽ ആക്രമണം നടത്തി സൗദി സഖ്യസേന. റിയാദിലെ കിങ് ഖാലിദ് ടവറിന് നേരെ ഹൂത്തികൾ ആക്രമണം നടത്തിയതിന് പിന്നാലെയാണ് സൗദിയുടെ പ്രത്യാക്രണം.

ആക്രമണത്തിന് മുന്നോടിയായി ഹൊദൈദയിലെ സാധാരണക്കാരോട് അവരുടെ സുരക്ഷയ്ക്കായി ഒഴിഞ്ഞ് പോകണമെന്ന് സൗദി സഖ്യസേന ഉത്തരവിട്ടിരുന്നതായി അൽജസീറ റിപ്പോർട്ട്ചെയ്തു.

ഹൊദൈദയിൽ ആക്രമണം നടത്തിയാൽ ജിദ്ദ തുറമുഖത്തെയും ചെങ്കടലിലെ മറ്റ് സൗദി തുറമുഖങ്ങളെയും തങ്ങൾ ലക്ഷ്യമിടുമെന്ന് ഹൂത്തി സൈനിക വക്താവ് യഹ്യ സാരീ സൗദി സഖ്യസേനയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.

റിയാദിലെ കിങ് ഖാലിദ് ടവറിന് നേരെയുണ്ടായ ആക്രമണത്തിൽ 11 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ രണ്ടുപേർ ഇന്ത്യക്കാരാണ്. സൗദി സ്വദേശികളും നേപ്പാൾ, ഈജിപ്ത് സ്വദേശികളും പരിക്കേറ്റവരിലുണ്ടെന്നാണ് റിപ്പോർട്ടുകൾ. ആക്രമണത്തെ യു.എ.ഇ അപലപിച്ചു.

കിങ് ഖാലിദ് ടവറിന് നേരെയുണ്ടായത് ഭീകരാക്രമണമാണെന്നും ഇതിന് ശക്തമായി തിരിച്ചടിക്കുമെന്നും സൗദി പറഞ്ഞിരുന്നു.

അതേസമയം ഹൂത്തികളെ നേരിടാൻ അന്താരാഷ്ട്ര തലത്തിൽ ഏകോപിത ശ്രമങ്ങൾ വേണമെന്ന് യെമൻ പറഞ്ഞു.

‘ഹൂത്തികളുടെ ഭീഷണി നേരിടുന്നതിനും പ്രാദേശിക സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിനും ആഗോള സമുദ്ര വ്യാപാരം സംരക്ഷിക്കുന്നതിനുമുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ ഏകോപിപ്പിക്കണം,’ അമേരിക്കയിലെ യെമൻ എംബസി എക്സിലൂടെ പറഞ്ഞു.

Content Highlight: Houthi attack in Riyadh; Saudi retaliates

ശ്രീലക്ഷ്മി എ.വി.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more