| Monday, 18th June 2018, 8:31 am

കോഴിക്കോട് വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് 13 പേര്‍ക്ക് പരിക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മുഖദാറില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് 13 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും ബീച്ച് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല. കെ.എം.ആര്‍.ഫുഡ് പ്രൊഡക്ട്‌സ് എന്ന സ്ഥാപനത്തിനു പിന്‍വശത്തായി ചാപ്പയില്‍ വി.പി ഹൗസില്‍ ഇഖ്ബാല്‍ വാടകയ്ക്ക് താമസിക്കുന്ന അറയ്ക്കല്‍ തൊടുക വീടാണ് ഇന്നലെ ഉച്ചയോടെ തകര്‍ന്ന് വീണത്.

പെരുന്നാളിനോട് അനുബന്ധിച്ച് ബന്ധുക്കള്‍ ഒത്തു കൂടിയപ്പോഴാണ് അപകടം സംഭവിച്ചത്. കടാക്കിലത്ത് ഹാസിമിന്റെ ഉടമസ്ഥതയില്‍ ഉള്ളതാണ് തകര്‍ന്ന് വീട്. ഓടിട്ട വീടിന്റെ മേല്‍ക്കൂര മഴയില്‍ കുതിര്‍ന്ന് തകര്‍ന്ന് വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. ഭാഗ്യം കൊണ്ട് മാത്രമാണ് വലിയൊരു അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടതെന്ന് പരിക്കേറ്റവര്‍ പറഞ്ഞു.

അതേസമയം താമരശ്ശേരി ഉരുള്‍പ്പൊട്ടലില്‍ കാണാതായ 13 പേരുടെ മൃതദേഹം കണ്ടെത്തി. നാല് ദിവസം നീണ്ടുനിന്ന തിരച്ചിലിനൊടുവിലാണ് കാണാതായ 14 പേരില്‍ 13 പേരുടെയും മൃതദേഹം കണ്ടെത്തിയത്. ഇനി ഒരാളുടെ മൃതദേഹം കൂടി കണ്ടെത്താനായി തിരച്ചില്‍ തുടരുകയാണ്.


We use cookies to give you the best possible experience. Learn more