| Monday, 14th July 2025, 7:28 pm

ഐ.ഐ.ടി മദ്രാസ് ഡയറക്ടറുടെ ഗോമൂത്ര പരാമർശം; പ്രതികരിച്ച് ഹോട്ട്‌മെയിൽ സഹസ്ഥാപകൻ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഗോമൂത്രത്തിന് ആന്റി ബാക്ടീരിയല്‍ ആന്റി ഫംഗസ് ഗുണങ്ങളുണ്ടെന്ന ഐ.ഐ.ടി മദ്രാസ് ഡയറക്ടര്‍ വി. കാമകോടിയുടെ വീഡിയോയോട് പ്രതികരിച്ച് ഹോട്ട്‌മെയില്‍ സഹസ്ഥാപകന്‍ സബീര്‍ ഭാട്ടിയ.

ഗോമൂത്രം ആന്റി ബാക്ടീരിയല്‍ ആന്റി ഫംഗല്‍ ആണെന്നും ദഹനഗുണങ്ങള്‍ ഉള്ളതാണെന്നും അവകാശപ്പെടുന്ന ഐ.ഐ.ടി മദ്രാസ് ഡയറക്ടറുടെ വൈറല്‍ വീഡിയോ കണ്ട് ഞെട്ടിപ്പോയി. വിദ്യാസമ്പന്നരായ നേതാക്കള്‍ ഇങ്ങനെ പറയുകയാണെങ്കില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായി അവര്‍ എടുക്കുന്ന തീരുമാനങ്ങളെ എങ്ങനെ വിശ്വസിക്കാന്‍ സാധിക്കും എന്ന് അദ്ദേഹം എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.

സബീര്‍ ഭാട്ടിയയുടെ പരാമര്‍ശം ചര്‍ച്ചക്ക് വഴിയൊരുക്കി. ശാത്രവും വിശ്വാസ്യതയും തകര്‍ക്കപ്പെടുന്നതിനെപ്പറ്റിയുള്ള ആശങ്കയെ പലരും പിന്തുണച്ചു. എന്നാല്‍ അതേസമയം കാമകോടിയുടെ വീക്ഷണത്തെ പലരും അനുകൂലിച്ചിട്ടുണ്ട്.

ഗോമൂത്രം കുടിച്ച് ഒരു സന്യാസിയുടെ പനി മാറിയെന്നാണ് കാമകോടി ഒരു വീഡിയോയില്‍ പറഞ്ഞത്. ‘ഒരു സന്യാസിക്ക് പനിയുണ്ടായിരുന്നു. ഡോക്ടറിനെ വിളിക്കാന്‍ ആലോചിച്ചിരുന്നു. ഞാന്‍ ആ സന്യാസിയുടെ പേര് മറന്നു. പക്ഷെ, ഗോമൂത്രം കുടിക്കാമെന്ന് പറഞ്ഞ് കുടിക്കുകയായിരുന്നു. 15 മിനിട്ടിനുള്ളില്‍ തന്നെ ആ സന്യാസിയുടെ പനി കുറഞ്ഞു’ കാമകോടി പറഞ്ഞു.

ഈ രീതിക്ക് ശാസ്ത്രീയ പിന്തുണയുണ്ടെന്ന് പറഞ്ഞ കാമകോടിയുടെ ഇത്തരം അഭിപ്രായങ്ങള്‍ വൈദ്യശാസ്ത്രപരമായി അടിസ്ഥാനം ഇല്ലാത്തതാണെന്നും ഇത് തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വിമര്‍ശകര്‍ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ജനുവരി 15ന് പൊങ്കല്‍ ആഘോഷങ്ങളുടെ ഭാഗമായി ചെന്നൈയില്‍ നടന്ന ഗോ സംരക്ഷണ ശാല പരിപാടിയിലാണ് കാമോടി ഈ പരാമര്‍ശം നടത്തിയത്. ജൈവകൃഷിയുടെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം സംസാരിക്കുകയും കൃഷിയും സമ്പദ് വ്യവസ്ഥയും ശക്തിപ്പെടുത്തുന്നതില്‍ നാടന്‍ പശുക്കളുടെ പങ്കിനെക്കുറിച്ചും കാമകോടി സംസാരിച്ചിരുന്നു. അദ്ദേഹത്തിന്റെ പ്രസ്താവന നിരവധി വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

Content Highlight: Hotmail co-founder responds to IIT Madras director’s claim on cow urine

Latest Stories

We use cookies to give you the best possible experience. Learn more