തിരുവനന്തപുരം: ‘ദി കേരള സ്റ്റോറി’ക്കെതിരെ ക്യാമ്പയിനുമായി എസ്.എഫ്.ഐ. ‘നല്ല ചൂട് പൊറോട്ടയും ബീഫും’ എന്ന പേരിലാണ് ക്യാമ്പയിന്‍.
നാളെ (വെള്ളി) തിരുവനന്തപുരത്തെ മാനവീയം വീഥിയില്‍ വൈകീട്ട് ആറ് മണിക്ക് പൊറോട്ടയും ബീഫും വിതരണം ചെയ്ത് പ്രതിഷേധിക്കാനാണ് എസ്.എഫ്.ഐയുടെ തീരുമാനം.
‘സംഘികള്‍ക്കും സ്വാഗതം, ഉള്ളി പ്രത്യേകം ചേര്‍ത്തുണ്ടാക്കുന്നതാണ്’ എന്ന് പരിപാടിയുടെ പോസ്റ്റര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി സഞ്ജീവ് പി.എസ് എഴുതി.
സംസ്ഥാനത്തെ മുഴുവന്‍ ക്യാമ്പസുകളിലും പ്രതിഷേധം സംഘടിപ്പിക്കാനാണ് ഇടത് വിദ്യാര്‍ത്ഥി സംഘടന തീരുമാനിച്ചിരിക്കുന്നത്.
നേരത്തെ ബീഫ് നിരോധിച്ച കേന്ദ്ര സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് കേരളത്തിലെ ക്യാമ്പസുകളില്‍ എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ ‘ബീഫ് ഫെസ്റ്റ്’ നടന്നിരുന്നു.
തൃശൂരിലെ കേരളവര്‍മ കോളേജില്‍ സംഘടിപ്പിച്ച ബീഫ് ഫെസ്റ്റ് വലിയ വിവാദമാകുകയും ചെയ്തിരുന്നു. സമാനമായ പ്രതിഷേധങ്ങള്‍ക്കാണ് എസ്.എഫ്.ഐ നാളെ മുതല്‍ തുടക്കം കുറിക്കുന്നത്.
അതേസമയം ദി കേരള സ്റ്റോറിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള ഇടത് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. വിദ്വേഷത്തിന്റെ സ്റ്റോറികള്‍ക്ക് ഈ മണ്ണില്‍ സ്ഥാനമില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ ഉള്‍പ്പെടെയുള്ള മന്ത്രിമാരും പ്രതിപക്ഷ നേതാക്കളും കേരള സ്റ്റോറിക്കെതിരെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.
കേരളത്തിനെതിരായ പ്രൊപ്പഗണ്ട സിനിമയെ കേരളം ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്നാണ് മുന്‍ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് എം.എല്‍.എയുമായ രമേശ് ചെന്നിത്തല വ്യക്തമാക്കിയത്.
നിലവില്‍ ‘ദി കേരള സ്റ്റോറി’യുടെ രണ്ടാം ഭാഗത്തിന് യു.എ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് അനുവദിച്ചിരിക്കുന്നത്. ഇതോടെ 14 വയസിനും അതിന് മുകളിലുള്ളവര്‍ക്കും ചിത്രം കാണാന്‍ സാധിക്കും.
എന്നാല്‍ സിനിമയുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ സ്വദേശിയായ ശ്രീദേവ് നമ്പൂതിരി ഹൈക്കോടതിയില്‍ ഹരജി നല്‍കി. ഇത് പരിഗണിച്ച കോടതി സെന്‍സര്‍ ബോര്‍ഡിന്റെയും നിര്‍മാതാക്കളുടെയും വിശദീകരണം തേടിയിട്ടുണ്ട്.
Content Highlight: Hot parotta and beef; SFI campaign against ‘The Kerala Story’