| Tuesday, 3rd November 2026, 5:05 pm

ഹൊറര്‍ മൂഡുമായി ബെത്‌ലഹേം കുടുംബ യൂണിറ്റ്, ബി.ജി.എം മാറ്റിയപ്പോള്‍ പടത്തിന്റെ മൂഡ് തന്നെ മാറി; വൈറലായി ട്രെയ്‌ലര്‍

അമര്‍നാഥ് എം.

ഓണം റിലീസായി തിയേറ്ററുകളിലെത്തി മോളിവുഡിലെ ചരിത്രവിജയമായി മാറിയ ചിത്രമാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്. ഒ.ടി.ടിയിലെത്തിയ ശേഷവും മികച്ച സ്വീകരണം കിട്ടിയ ബെത്‌ലഹേമിന്റെ അലയൊലികള്‍ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ അവസാനിച്ചിട്ടില്ല. ഫീല്‍ ഗുഡ് സിനിമയായ ബെത്‌ലഹേം കുടുംബ യൂണിറ്റിന്റെ ഹൊറര്‍ വേര്‍ഷനാണ് ഇപ്പോള്‍ സിനിമാപേജുകളില്‍ വൈറലായിരിക്കുന്നത്.

പ്രധാന സീനുകളെയെല്ലാം കൃത്യമായി അടുക്കിവെച്ച് ഹൊറര്‍ മൂഡുള്ള ബി.ജി.എം നല്‍കിയ ട്രെയ്‌ലര്‍ എല്ലാവരെയും ഒരുപോലെ ഞെട്ടിച്ചു. ആഷ്‌ലിയുടെ പഴയ വീട് കാണിച്ചുകൊണ്ടാണ് ട്രെയ്‌ലര്‍ ആരംഭിക്കുന്നത്. ‘മൊത്തത്തിലൊരു ഡാര്‍ക്ക് സെറ്റപ്പാണല്ലോ’ എന്ന ജസ്റ്റിന്റെ ഡയലോഗും തുടക്കത്തില്‍ കേള്‍ക്കാനാകും.

ആഷ്‌ലി എന്ന കഥാപാത്രം ഇടക്കിടക്ക് ഞെട്ടുന്നത്, ഗ്ലിക്‌സണെ കാറിടിക്കാന്‍ പോകുന്നത്, ഹരി ചാക്യാര്‍ വിചിത്രമായി പെരുമാറുന്നത് തുടങ്ങിയ സീനുകള്‍ ഇടവിട്ട് കാണിച്ചുകൊണ്ട് മിസ്റ്ററി മൂഡ് നല്‍കാന്‍ എഡിറ്റര്‍ക്ക് സാധിച്ചിട്ടുണ്ട്. വീഡിയോ കാണുന്നവരെ ആദ്യാവസാനം എന്‍ഗേജ് ചെയ്ത് നിര്‍ത്തുന്ന വീഡിയോയാണ് പലരുടെയും ചര്‍ച്ചാവിഷയം.

ആഷ്‌ലിക്ക് മാനസിക പ്രശ്‌നങ്ങള്‍ വരുന്നതും അത് ശരിയാക്കാന്‍ ചുറ്റുമുള്ളവര്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാനാകും. ആഷ്‌ലിയുടെ ദേഹത്ത് ബാധ കയറിയിട്ടുണ്ടോ എന്ന് പോലും വീഡിയോ കാണുമ്പോള്‍ പലര്‍ക്കും തോന്നും. ആരാണ് ഈ വീഡിയോ എഡിറ്റ് ചെയ്തതെന്ന കാര്യത്തില്‍ വ്യക്തതയില്ല. എക്‌സിലെ പല പേജുകളിലും വീഡിയോ ഇതിനോടകം വൈറലായി.

ശ്യാം മോഹന്‍ അവതരിപ്പിച്ച ഹരി ചാക്യാറിന്റെ ക്ലൈമാക്‌സ് സീനുകളില്‍ പോലും ഹൊറര്‍ ഇംപാക്ട് കൊണ്ടുവന്നിട്ടുണ്ട്. ഗിരീഷ് എ.ഡിക്ക് പകരം രാഹുല്‍ സദാശിവന്‍ ബെത്‌ലഹേം കുടുംബ യൂണിറ്റ് സംവിധാനം ചെയ്തിരുന്നെങ്കില്‍ ഇങ്ങനെയുണ്ടാകുമെന്നാണ് കമന്റുകള്‍. എഡിറ്റ് ചെയ്തയാളെ പ്രശംസ കൊണ്ട് മൂടുകയാണ് സിനിമാപേജുകള്‍.

‘ഫീല്‍ ഗുഡ് സിനിമയെ ബി.ജി.എം കൊണ്ട് വേറൊരു മൂഡിലെത്തിക്കാം എന്ന് തെളിയിച്ചു’, ‘ചെയ്തവന്റെ തല എന്തായാലും കിടിലന്‍’, ‘രാഹുല്‍ സദാശിവന്‍ കണ്ടാല്‍ എഡിറ്ററെ കൊത്തിക്കൊണ്ട് പോകും’ എന്നിങ്ങനെയാണ് വീഡിയോക്ക് ലഭിക്കുന്ന കമന്റുകള്‍. ബെത്‌ലഹേം കുടുംബ യൂണിറ്റിന്റെ എഡിറ്റുകള്‍ ഇനിയും സോഷ്യല്‍ മീഡിയ ഭരിക്കുമെന്ന് ഉറപ്പാണ്.

Content Highlight: Horror version trailer of Bethlehem Kudumba Unit movie viral in social media

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more