| Sunday, 22nd November 2026, 8:09 am

ഇറാന്റെ ആവശ്യങ്ങൾ അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് അടച്ചിടും: അബ്ബാസ് അരാഗ്ചി

ശ്രീലക്ഷ്മി എ.വി.

ടെഹ്‌റാൻ: ഇറാന്റെ ആവശ്യങ്ങൾ അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് കടലിടുക്ക് അടച്ചിടുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി.

അന്താരാഷ്ട്ര നിയമ പ്രകാരം ഇറാന്റെ ന്യായമായ വ്യവസ്ഥകൾ അമേരിക്ക അംഗീകരിച്ചാൽ ഹോർമുസ് കടലിടുക്ക് തുറക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ലെന്ന് അരാഗ്ചി പറഞ്ഞു.

യു.എസ് തങ്ങളുടെ തെറ്റുകൾ അംഗീകരിക്കാതെ നിലവിലെ സഹചര്യങ്ങൾക്ക് ഒരു പരിഹാരവും കാണാൻ കഴിയില്ലെന്ന് അരാഗ്ചി പറഞ്ഞു. സ്വയം പ്രതിരോധിക്കാനും ചർച്ചകൾ തുടരാനും ഇറാൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒമാനിലെ ദേശീയ ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരസ്പര ബഹുമാനം, താത്പര്യം, സഹകരണം എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ് ഇറാനും ഒമാനും തമ്മിലുള്ള ബന്ധമെന്നും അദ്ദേഹം പറഞ്ഞു.

ഇറാനിൽ ഏർപ്പെടുത്തിയ അമേരിക്കൻ നാവികസേനയുടെ ഉപരോധം പൂർണമായും നിയമവിരുദ്ധമാണെന്ന് ചടങ്ങിനിടെ അരാഗ്ചി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

തുറമുഖങ്ങൾക്കെതിരായ യു.എസ് ഉപരോധങ്ങളെ തകർക്കാനും എണ്ണ കയറ്റുമതി ചെയ്യുന്നതിനും സാധ്യമായ എല്ലാ ശ്രമങ്ങളും ഇറാൻ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഫെബ്രുവരി 28നാണ് അമേരിക്കയും ഇസ്രഈലും ഇറാനെതിരെ ആക്രമണം ആരംഭിച്ചത്. ഇസ്രഈലിനെയും അറബ് രാജ്യങ്ങളിലെ യു.എസ് സൈനിക താവളങ്ങളെയും ആക്രമിച്ചുകൊണ്ടായിരുന്നു ഇറാന്റെ പ്രത്യാക്രമണം.

Content Highlight: Hormuz will remain closed until the US accepts Iran’s demands: Abbas Araghchi

ശ്രീലക്ഷ്മി എ.വി.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more