| Thursday, 12th November 2026, 7:22 am

ഹോര്‍മുസ് ഇനി ഒരിക്കലും യുദ്ധത്തിന് മുമ്പുള്ള അവസ്ഥയിലേക്ക് തിരിച്ച് പോകില്ല: ഇറാന്‍

റെന്വര്‍ പി

ടെഹ്‌റാന്‍: ഇറാനെതിരായ യുഎസ്-ഇസ്രായേല്‍ യുദ്ധത്തിന് മുമ്പുണ്ടായിരുന്ന അവസ്ഥയിലേക്ക് ഹോര്‍മുസ് കടലിടുക്ക് ഇനി ഒരിക്കലും തിരിച്ചു പോകില്ലെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കറും മുഖ്യ ചര്‍ച്ചാ പ്രതിനിധിയുമായ മുഹമ്മദ് ബാഗര്‍ ഘാലിബാഫ്. ബുധനാഴ്ച അല്‍ ജസീറയില്‍ പ്രസിദ്ധീകരിച്ച ഒരു അഭിമുഖത്തിലാണ് ഘാലിബാഫ് ഈ കാര്യം വ്യക്തമാക്കിയത്.

ഹോര്‍മുസിന്റെ മേല്‍നോട്ടം വഹിക്കുന്നതിനായി ഇറാനും ഒമാനും തമ്മില്‍ ധാരണയിലെത്തിയതായും ഘാലിബാഫ് അറിയിച്ചു. ഹോര്‍മുസില്‍ അന്താരാഷ്ട്ര ജലപാത ഇല്ലെന്നും അതിനാല്‍ ഐക്യരാഷ്ട്രസഭയുടെ 1982ലെ സമുദ്ര നിയമ കണ്‍വെന്‍ഷന്‍ ഈ കടലിടുക്കിന് ബാധകമാവില്ല. ഹോര്‍മുസുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളായ ഇറാന്റെയും ഒമാന്റെയും നിയമങ്ങള്‍ അനുസരിച്ചാവും കടിലിടുക്കിലെ നിയന്ത്രണങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എട്ടു മാസമായി തുടരുന്ന സംഘര്‍ഷം അവസാനിപ്പിക്കുന്നതിനായി ഇറാന്‍ യു.എസിനോട് എട്ട് നിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഹോര്‍മുസ് നിയന്ത്രണത്തിന് ഒമാനുമായി ധാരണയിലെത്തിയത്. സമാധാന ചര്‍ച്ചകള്‍ക്കായുള്ള ഏഴ് നിബന്ധനകള്‍ ഉള്‍ക്കൊള്ളുന്ന മറുപടി, ഖത്തര്‍ വഴിയുള്ള മധ്യസ്ഥതയിലൂടെ അമേരിക്കയ്ക്ക് കൈമാറിയതായി ഘാലിബാഫ് അറിയിച്ചു. യു.എസിന്റെ ഔദ്യോഗിക പ്രതികരണത്തിനായ കാത്തിരിക്കുകയാണ്. ഇനി പന്ത് അമേരിക്കയുടെ കോര്‍ട്ടിലാണെന്നും ഘാലിബാഫ് പറഞ്ഞു.

യു.എസ് ഏര്‍പ്പെടുത്തിയ നാവിക ഉപരോധവും ഉപരോധങ്ങളും നീക്കുക, മരവിപ്പിച്ച ഇറാനിയന്‍ ഫണ്ടുകള്‍ വിട്ടുനല്‍കുക, എല്ലാ പോര്‍മുഖത്തെയും പോരാട്ടം അവസാനിപ്പിക്കുക, യുദ്ധം അവസാനിച്ചതായി വ്യക്തമായ പ്രഖ്യാപനം നടത്തുക എന്നിവ അടക്കമുള്ള നിബന്ധനകളാണ് ഇറാന്‍ മുന്നോട്ട് വെച്ചത്. ജൂണില്‍ വെടിനിര്‍ത്തലിനായി ഒപ്പുവച്ച ഇടക്കാല കരാറായ ഇസ്‌ലാമാബാദ് ധാരണാപത്രത്തിന്റെ ഭാഗമാണ് ഈ ആവശ്യങ്ങളെന്നും, അമേരിക്കയുമായി ചര്‍ച്ചകളിലേക്ക് കടക്കുന്നതിന് മുമ്പ് ഇവ നടപ്പിലാക്കേണ്ടത് അനിവാര്യമാണെന്നും ഘാലിബാഫ് അഭിമുഖത്തില്‍ പറഞ്ഞു. ഒരു കരാറിലെത്തുന്നതിന് തടസമായി നില്‍ക്കുന്നത് അമേരിക്കയോടുള്ള ഞങ്ങളുടെ വിശ്വാസക്കുറവാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇറാനെതിരെ യു.എസ് പുതിയ ആക്രമണങ്ങള്‍ നടത്തിയാല്‍പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മറ്റൊരു പരാജയം നേരിടേണ്ടി വരുമെന്നും, ജനുവരിയില്‍ അധികാരമേല്‍ക്കുന്ന പുതിയ കോണ്‍ഗ്രസില്‍ നിന്ന് രാഷ്ട്രീയ സമ്മര്‍ദ്ദം നേരിടേണ്ടി വരുമെന്നും ഇറാന്‍ മുഖ്യ ചര്‍ച്ചാ പ്രതിനിധി മുന്നറിയിപ്പ് നല്‍കി. യുദ്ധവുമില്ല സമാധാനവുമില്ല എന്ന അവസ്ഥയില്‍ നിന്ന് മുന്നോട്ട് പോകാന്‍ ഇറാന്‍ ദൃഢനിശ്ചയം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേമസയം, യു.എസ്- ഇറാന്‍ യുദ്ധത്തിന് മുമ്പുള്ള അളവിലേക്ക് എണ്ണ ഉത്പാദനം വര്‍ധിപ്പിക്കാന്‍ സൗദി അറേബ്യക്ക് സാധിച്ചതായി എണ്ണ ഉദ്പാദ രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് അറിയിച്ചു. ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതിക്കാരായ സൗദി അറേബ്യ ഒക്ടോബറില്‍ പ്രതിദിനം 10.563 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ ഉല്‍പ്പാദിപ്പിച്ചതായി ബുധനാഴ്ച പുറത്തിറക്കിയ ഒപെക് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സെപ്റ്റംബറിലെ ഉല്‍പ്പാദനത്തേക്കാള്‍ 20 ലക്ഷം ബാരല്‍ അധികമാണിത്.

ഫെബ്രുവരി അവസാനത്തില്‍ അമേരിക്കയും ഇസ്രായേലും ഇറാനെതിരെ യുദ്ധം ആരംഭിച്ച സമയത്ത് സൗദി അറേബ്യ പ്രതിദിനം 10.882 ദശലക്ഷം ബാരല്‍ എണ്ണ ഉല്‍പ്പാദിപ്പിച്ചിരുന്നു. അതിനുശേഷമുള്ള ഏറ്റവും ഉയര്‍ന്ന അളവാണ് ഇപ്പോള്‍ രേഖപ്പെടുത്തിയത്.

സൗദി അറേബ്യയും റഷ്യയും എണ്ണ ഉല്‍പ്പാദനം വര്‍ദ്ധിപ്പിച്ചത്, ഒപെക് അംഗരാജ്യങ്ങളും റഷ്യ ഉള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങളും ചേര്‍ന്ന ‘ഒപെക് പ്ലസ്’ ഗ്രൂപ്പിന്റെ മൊത്തം ഉല്‍പ്പാദനം ഉയരാന്‍ സഹായിച്ചു. ഒക്ടോബറില്‍ ഒപെക് പ്ലസ് രാജ്യങ്ങള്‍ 41.23 ദശലക്ഷം ബാരല്‍ എണ്ണ ഉല്‍പ്പാദിപ്പിച്ചെന്ന് സംഘടനയുടെ പ്രതിമാസ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഇറാനെതിരെ അമേരിക്കയും ഇസ്രഈലും ആക്രമണം നടത്തുന്നതിന് മുന്നോടിയായി, ഫെബ്രുവരിയില്‍ തന്നെ സൗദി എണ്ണ ഉല്‍പ്പാദനം ഗണ്യമായി വര്‍ദ്ധിപ്പിച്ചിരുന്നു. ഇതാണ് ഇപ്പോള്‍ യുദ്ധത്തിന് മുമ്പുള്ളതിനോട് അടുത്ത നിലയിലെത്തിയിരിക്കുന്നത്.

Content Highlight: Hormuz Strait will ‘never return’ to pre-war status: Iran top negotiator Ghalibaf

 

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

Latest Stories

We use cookies to give you the best possible experience. Learn more