| Tuesday, 1st April 2025, 2:36 pm

ഏപ്രില്‍ രണ്ടിന് മുമ്പായി ഇന്ത്യ തീരുവ കുറയ്ക്കുമെന്നാണ് പ്രതീക്ഷ: ട്രംപ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: ഇന്ത്യ താരിഫ് കുറയ്ക്കുമെന്ന് വീണ്ടും ആത്മവിശ്വാസം പ്രകടിപ്പിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഏപ്രില്‍ രണ്ടിന് മുമ്പായി ഈ വിഷയത്തില്‍ ഇന്ത്യ തീരുമാനമെടുക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ഓവല്‍ ഓഫീസില്‍വെച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏപ്രില്‍ രണ്ട് മുതല്‍ അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് അധിക നികുതി ചുമത്തുന്ന രാജ്യങ്ങള്‍ക്ക് യു.എസ് തീരുവ അധികമാക്കുമെന്ന് ട്രംപ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പുറമെ ഇന്ത്യയെ അധിക നികുതി ചുമത്തുന്ന രാജ്യങ്ങളുടെ പട്ടികയില്‍ യു.എസ് ഉള്‍പ്പെടുത്തി. ഉയര്‍ന്ന നിരക്കുകള്‍ ചുമത്തി വിപണിയില്‍ അമേരിക്കയ്ക്ക് നഷ്ടമുണ്ടാക്കുന്ന രാജ്യങ്ങളാണ് ഈ പട്ടികയില്‍ ഉള്ളത്.

പല രാജ്യങ്ങളും അവരുടെ താരിഫ് കുറയ്ക്കുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായി പറഞ്ഞ ട്രംപ് അതിന്റെ കാരണമായി ചൂണ്ടിക്കാട്ടിയത് വര്‍ഷങ്ങളായി അവര്‍ അമേരിക്കയുടെമേല്‍ അമിത താരിഫ് ചുമത്തുന്നു എന്നതാണ്. ‘കുറച്ചു മുന്‍പ് ഇന്ത്യ അവരുടെ താരിഫ് കുറയ്ക്കുമെന്ന് ഞാന്‍ കേട്ടു. എന്തുകൊണ്ടാണ് ആരും ഇത് മുമ്പ് ചെയ്യാതിരുന്നത്,’ ട്രംപ് ചോദിച്ചു.

ഏപ്രില്‍ രണ്ട് മുതല്‍, അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ഉയര്‍ന്ന തീരുവ ചുമത്തുന്ന രാജ്യങ്ങളില്‍ നിന്നുള്ള വിവിധ ഇറക്കുമതികള്‍ക്ക് ഉയര്‍ന്ന താരിഫ് ചുമത്തുമെന്ന് യു.എസ് അറിയിച്ചിരുന്നു. കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് പുറമെ ഫാര്‍മസ്യൂട്ടിക്കല്‍സ്, ഓട്ടോമൊബൈല്‍സ് ഉത്പന്നങ്ങള്‍ക്കും നികുതി വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ട്. താരിഫ് 25 ശതമാനമോ അതില്‍ അധികമോ ആകാനാണ് സാധ്യത. ഇതിലൂടെ അമേരിക്കന്‍ വ്യവസായങ്ങളെ സംരക്ഷിക്കാനും അധിക വരുമാനം നേടാന്‍ കഴിയുമെന്നും ട്രംപ് കരുതുന്നു.

അമേരിക്കന്‍ കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് ഇന്ത്യ 100 ശതമാനം തീരുവ ചുമത്തുന്നത് അന്യായമാണെന്ന് വൈറ്റ് ഹൗസ് കുറച്ച് ദിവസം മുമ്പ് ചൂണ്ടിക്കാട്ടിയിരുന്നു. ഇത് അമേരിക്കന്‍ കയറ്റുമതിക്ക് ഇന്ത്യന്‍ വിപണിയില്‍ മത്സരിക്കുന്നത് അസാധ്യമാക്കുന്നുവെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് പറഞ്ഞു.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ലോകത്തെ എല്ലാ രാജ്യങ്ങള്‍ക്കും അമേരിക്കയിലേക്കുള്ള അലുമിനിയം, സ്റ്റീല്‍ ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് 25% താരിഫ് ചുമത്തിയിരുന്നു ട്രംപ്.

Content Highlight: Hope India will reduce tariffs before April 2: Trump

We use cookies to give you the best possible experience. Learn more