| Monday, 10th March 2025, 7:06 pm

തെലങ്കാനയിലെ ദുരഭിമാനക്കൊല; രണ്ടാം പ്രതിക്ക് വധശിക്ഷ, മറ്റ് ആറ് പ്രതികള്‍ക്ക് ജീവപര്യന്തം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: തെലങ്കാനയില്‍ ദളിത് യുവാവിന്റെ ദുരഭിമാനകൊലയില്‍ രണ്ടാം പ്രതിക്ക് വധശിക്ഷ. കേസിലെ മറ്റ് പ്രതികളെ ജീവപര്യന്തം തടവിനും വിധിച്ചു.

എസ്.സി-എസ്.ടി സെക്കന്റ് അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. കേസില്‍ വിചാരണ ആരംഭിച്ച് ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസില്‍ വിധി വരുന്നത്.

രണ്ടാം പ്രതിയും ബീഹാര്‍ സ്വദേശിയുമായ സുഭാഷ് ശര്‍മയെയാണ് വധശിക്ഷക്ക് വിധിച്ചത്. ഇയാളുടെ നേതൃത്വത്തിലാണ് കൊലപതാകം നടന്നത്. അസ്ഗര്‍ അലി (മൂന്നാം പ്രതി), അബ്ദുള്‍ ബാരി (നാലാം പ്രതി), എം.എ. കരീം (അഞ്ചാം പ്രതി), ശ്രാവണ്‍ കുമാര്‍ (ആറാം പ്രതി), ശിവ (ഏഴാം പ്രതി), നിസാം (എട്ടാം പ്രതി) എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.

2018 സെപ്റ്റംബറില്‍ മിര്യാലഗുഡ പട്ടണത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രണയ് കുമാര്‍ എന്ന യുവാവിനെയാണ് വാടകഗുണ്ടകള്‍ കൊലപ്പെടുത്തിയത്.

പങ്കാളിയായ അമൃത വര്‍ഷിണിയുടെ മുന്നില്‍ വെച്ചാണ് കൊലപാതകം നടന്നത്. വിചാരണക്കിടെ യുവതിയുടെ പിതാവും കൊലപാതകത്തിന്റെ ആസൂത്രകനുമായ മാരുതി റാവു 2020 മാര്‍ച്ചില്‍ ആത്മഹത്യ ചെയ്തിരുന്നു.

അന്യജാതിക്കാരനായ ഒരാളെ മകള്‍ കല്യാണം കഴിച്ചതില്‍ പ്രകോപിതനായാണ് ഇയാള്‍ കൊലപാതകം നടത്തിയത്. പ്രണയ് കുമാര്‍ ദളിത് ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട യുവാവായിരുന്നു. ഗര്‍ഭിണിയായിരുന്ന അമൃത വര്‍ഷിണിയെ ആശുപത്രിയില്‍ കാണിച്ചതിന് ശേഷം തിരിച്ചുവരുന്നതിനിടെയാണ് യുവാവിനെ പ്രതികള്‍ വെട്ടിക്കൊലപ്പെടുത്തിയത്.

ഫോറന്‍സിക് തെളിവുകള്‍, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്, സാക്ഷി മൊഴികള്‍ എന്നിവ പരിശോധിച്ച ശേഷമാണ് ദുരഭിമാന കൊലയില്‍ കോടതി വിധി പുറപ്പെടുവിച്ചത്.

1,600 പേജുള്ള കുറ്റപത്രമാണ് പ്രതികള്‍ക്കെതിരെ അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയില്‍ സമര്‍പ്പിച്ചത്. വിചാരണയില്‍ 102 പേരുടെ സാക്ഷി മൊഴികള്‍ രേഖപ്പെടുത്തിയിരുന്നു.

Content Highlight: Honor killing in Telangana; Second accused gets death sentence, six others get life imprisonment

We use cookies to give you the best possible experience. Learn more