രാജ്‌ക്കോട്ട്: ഗുജറാത്തിലെ രാജ്‌ക്കോട്ടില്‍ ദുരഭിമാനകൊല. വ്യത്യസ്ത ജാതിയില്‍പ്പെട്ടവര്‍ വിവാഹം കഴിച്ചതിന്റെ പേരില്‍ ദളിത് യുവാവിനെ ഭാര്യാ സഹോദരനും സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തി. രാജ്‌ക്കോട്ട് ഭക്തിനഗര്‍ സര്‍ക്കിളിന് സമീപം വ്യാഴാഴ്ച്ച ഉച്ചയോടെയായിരുന്നു സംഭവം.
സഹകാര്‍ റോഡ് സ്വദേശിയും ഫാക്ടറി തൊഴിലാളിയുമായ വിമല്‍ ധര്‍മേന്ദ്ര വാനിയ (27) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ വിമലിന്റെ ഭാര്യാ സഹോദരന്‍ കമലേഷ് ഒപ്പമുണ്ടായിരുന്ന രണ്ട് പേര്‍ എന്നിവര്‍ക്കെതിരെ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇതൊരു ദുരഭിമാന കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനമെന്ന് ഗുജറാത്ത് പൊലീസ് അറിയിച്ചു.
ഏഴ് വര്‍ഷം മുമ്പാണ് വിമല്‍ മറ്റൊരു ജാതിയില്‍പ്പെട്ട ശീതളിനെ പ്രണയിച്ച് വിവാഹം കഴിച്ചത്. ഈ ബന്ധത്തെ ശീതളിന്റെ കുടുംബം ശക്തമായി എതിര്‍ത്തിരുന്നു. വിവാഹശേഷം ശീതള്‍ സ്വന്തം കുടുംബവുമായി പൂര്‍ണമായും ബന്ധം ഉപേക്ഷിച്ച നിലയിലായിരുന്നു.
എന്നാല്‍, ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കുടുംബത്തിന്റെ പ്രതികാരബുദ്ധി അടങ്ങിയിരുന്നില്ലെന്ന് ശീതള്‍ പൊലീസിന് മൊഴി നല്‍കി. പലപ്പോഴായി വഴിയില്‍വെച്ച് കാണുമ്പോള്‍ വിമലിനെ വധിക്കുമെന്ന് കമലേഷ് ഭീഷണിപ്പെടുത്താറുണ്ടായിരുന്നുവെന്നും അവര്‍ പറയുന്നു.
വ്യാഴാഴ്ച ഉച്ചയ്ക്ക് വിമല്‍ തന്റെ ഒരു സുഹൃത്തിനൊപ്പം ഭക്തിനഗര്‍ സര്‍ക്കിളില്‍ നില്‍ക്കുമ്പോഴാണ് പ്രതികള്‍ ബൈക്കിലെത്തി തര്‍ക്കമുണ്ടാക്കിയത്. വാക്കേറ്റം മൂത്തതോടെ പ്രതികള്‍ വിമലിനെ പിടിച്ചുവെക്കുകയും കമലേഷ് കയ്യിലുണ്ടായിരുന്ന മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് നെഞ്ചിലും വയറ്റിലും ക്രൂരമായി കുത്തുകയുമായിരുന്നു.
ചോരയില്‍ കുളിച്ച് റോഡില്‍ വീണ വിമലിനെ നാട്ടുകാര്‍ ഉടന്‍ തന്നെ രാജ്കോട്ട് സിവില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊലപാതകത്തിന് ശേഷം പ്രതികള്‍ ബൈക്കില്‍ രക്ഷപ്പെടുന്ന ദൃശ്യങ്ങള്‍ സമീപത്തെ സി.സി.ടി.വി ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്.
അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ ഭവേഷ് ജാദവിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികള്‍ക്കായി തിരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ്. കൊലപാതക കുറ്റം, പട്ടിക ജാതി-പട്ടിക വര്‍ഗ അതിക്രമങ്ങള്‍ തടയല്‍ എന്നീ വകുപ്പുകളും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.
Content Highlight: Honor killing in Gujarat: Dalit man stabbed to death by brother-in-law.