ഹോങ് കോങ് സിക്‌സസ് 2025നുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ച് ഇന്ത്യ. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദിനേഷ് കാര്‍ത്തിക്കിനെ നായകനാക്കി ഏഴംഗ സ്‌ക്വാഡാണ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. നവംബര്‍ ഏഴിന് ആരംഭിക്കുന്ന ടൂര്‍ണമെന്റില്‍ റോബിന്‍ ഉത്തപ്പ, സ്റ്റുവര്‍ട്ട് ബിന്നിയും അടക്കമുള്ളവര്‍ ഇന്ത്യയ്ക്കായി നീലക്കുപ്പായത്തില്‍ കളത്തിലിറങ്ങും.
ദിനേഷ് കാര്‍ത്തിക് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), സ്റ്റുവര്‍ട്ട് ബിന്നി, ഭരത് ചിപ്‌ലി, അഭിമന്യു മിഥുന്‍, ഷഹബാസ് നദീം, പ്രിയങ്ക് പാഞ്ചല്‍, റോബിന്‍ ഉത്തപ്പ.
ആറ് അംഗങ്ങളാകും ഒരു ടീമിലുണ്ടാവുക. ആറ് ഓവറിന്റെ മാച്ചാണ് ടൂര്‍ണമെന്റിന്റെ പ്രത്യേകത.
നാല് പൂളുകളിലായി 12 ടീമുകളാണ് ടൂര്‍ണമെന്റില്‍ കളത്തിലിറങ്ങുന്നത്. കുവൈറ്റിനും പാകിസ്ഥാനുമൊപ്പം പൂള്‍ സി-യിലാണ് ഇന്ത്യ. റൗണ്ട് റോബിന്‍, നോക്ക്ഔട്ട് ഫോര്‍മാറ്റിലാണ് മത്സങ്ങള്‍ അരങ്ങേറുക.
പൂള്‍ എ: അഫ്ഗാനിസ്ഥാന്‍, നേപ്പാള്‍, സൗത്ത് ആഫ്രിക്ക
പൂള്‍ ബി: ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, യു.എ.ഇ
പൂള്‍ സി: ഇന്ത്യ, കുവൈറ്റ്, പാകിസ്ഥാന്‍
പൂള്‍ ഡി: ബംഗ്ലാദേശ്, ഹോങ് കോങ്, ശ്രീലങ്ക
ശ്രീലങ്കയാണ് നിലവിലെ ചാമ്പ്യന്‍മാര്‍. പാകിസ്ഥാനെ പരാജയപ്പെടുത്തിയാണ് ലങ്ക വിജയം സ്വന്തമാക്കിയത്.
ഓരോ പൂളിലെയും ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ള ടീമുകള്‍ക്കാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കാന്‍ അവസരമൊരുങ്ങുക. ക്വാര്‍ട്ടറില്‍ വിജയിക്കുന്ന ടീമുകള്‍ സെമിയിലും തുടര്‍ന്ന് കപ്പ് ഫൈനലിനും യോഗ്യത നേടും.
ക്വാര്‍ട്ടറില്‍ പരാജയപ്പെടുന്ന നാല് ടീമുകള്‍ പ്ലേറ്റ് സെമി ഫൈനല്‍ കളിക്കും. വിജയിക്കുന്ന രണ്ട് ടീമുകള്‍ പ്ലേറ്റ് ഫൈനലിനും യോഗ്യത നേടും.
ഗ്രൂപ്പ് ഘട്ടത്തില്‍ തുടക്കത്തിലേ പുറത്താകുന്ന നാല് ടീമുകള്‍ ബൗള്‍ ലീഗ് സെമിയും തുടര്‍ന്ന് ബൗള്‍ ലീഗ് ഫൈനലും കളിക്കും.
നവംബര്‍ ഏഴ്, എട്ട് തീയ്യതികളിലായി എല്ലാ ലീഗ് മത്സരങ്ങളും അവസാനിക്കും. ഒരു മത്സരം വെറും 12 ഓവര്‍ മാത്രം നീണ്ടുനില്‍ക്കുന്നതിനാല്‍ തന്നെ ഒറ്റ ദിവസം തന്നെ കൂടുതല്‍ മത്സരങ്ങളുണ്ടാകും. നവംബര്‍ എട്ടിനാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം.
എട്ട്, ഒമ്പത് ദിവസങ്ങളിലായി കപ്പ് സെമി ഫൈനല്‍, കപ്പ് ഫൈനല്‍, പ്ലേറ്റ് സെമി ഫൈനല്‍, പ്ലേറ്റ് ഫൈനല്‍, ബൗള്‍ ലീഗ് സെമി ഫൈനല്‍, ബൗള്‍ ലീഗ് ഫൈനല്‍ മത്സരങ്ങളും അരങ്ങേറും.
Content Highlight: Hong Kong Sixes: India announced squad