| Thursday, 1st September 2022, 2:53 pm

അവന്‍ ഞങ്ങളെ തല്ലിച്ചതക്കുന്നത് കാണാന്‍ തന്നെ ഒരു പ്രത്യേക രസമായിരുന്നു; അടിവാങ്ങിക്കൂട്ടിയതിനെ കുറിച്ച് ഹോങ്കോങ് ക്യാപ്റ്റന്‍

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസമായിരുന്നു ഹോങ്കോങ് ഏഷ്യാ കപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങിയത്. കരുത്തരായ ഇന്ത്യയെയായിരുന്നു ഹോങ്കോങ്ങിന് നേരിടാനുണ്ടായിരുന്നത്. മികച്ച ഗെയിം പുറത്തെടുക്കാന്‍ ഇരു ടീമുകള്‍ക്കും സാധിച്ചെങ്കിലും വിജയം ഇന്ത്യക്കൊപ്പം നിന്നു.

വിരാട് കോഹ്‌ലി തന്റെ തിരിച്ചുവരവ് നടത്തിയ മത്സരം കൂടിയായിരുന്നു അത്. ഏറെ നാളായി ഫോം ഔട്ടിന്റെ പിടിയിലായിരുന്ന കോഹ്‌ലി കഴിഞ്ഞ മത്സരത്തില്‍ അര്‍ധ സെഞ്ച്വറി തികച്ചിരുന്നു.

കോഹ്‌ലി മികച്ച പ്രകടനം നടത്തിയെങ്കിലും ഷോ സ്റ്റീലറായത് സൂര്യകുമാര്‍ യാദവായിരുന്നു. 26 പന്തില്‍ നിന്നും 68 റണ്‍സായിരുന്നു സ്‌കൈ അടിച്ചെടുത്തത്. അവസാന ഓവറില്‍ ഒന്നിന് പിറകെ ഒന്നായി നാല് സിക്‌സറടിച്ചായിരുന്നു സ്‌കൈ ഇന്ത്യന്‍ വെടിക്കെട്ടിന് വിരാമമിട്ടത്.

സിക്‌സറടിച്ച് അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ സൂര്യയുടെ അടി കണ്ട് സാക്ഷാല്‍ വിരാട് കോഹ്‌ലി പോലും നമിച്ചിരുന്നു. എന്നാല്‍ സൂര്യകുമാറിന്റെ വെടിക്കെട്ട് കണ്ട് ഫ്‌ളാറ്റായ മറ്റൊരാള്‍ കൂടി ഉണ്ടായിരുന്നു. ഹോങ്കോങ് ക്യാപ്റ്റനായ നിസാഖത് ഖാനായിരുന്നു സൂര്യകുമാറിന്റെ ഫാന്‍ ബോയ് ആയി മാറിയത്.

സൂര്യകുമാറിന്റെ ബാറ്റിങ് കാണാന്‍ ഒരു പ്രത്യേക രസമാണെന്നായിരുന്നു നിസാഖത് ഖാന്‍ പറഞ്ഞത്.

‘ബാറ്റിങ്ങില്‍ ഞങ്ങള്‍ 13ാം ഓവര്‍ വരെ മികച്ച നിലയിലായിരുന്നു. എന്നാല്‍ അതിന് ശേഷം തകര്‍ന്നടിയുകയായിരുന്നു. സൂര്യകുമാര്‍ ബാറ്റ് ചെയ്ത രീതി, അത് കാണാന്‍ തന്നെ മികച്ചതായിരുന്നു. ഡെത്ത് ബൗളിങ്ങിനെ കുറിച്ച് ഞങ്ങള്‍ ചര്‍ച്ച ചെയ്യുകയും അടുത്ത മത്സരത്തിന് മുമ്പ് തന്നെ അത് മെച്ചപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യും,’ നിസാഖത് പറഞ്ഞു.

ഹോങ്കോങ് ഇന്നിങ്‌സിന്റെ 12ാം ഓവറിലായിരുന്നു ടീമിന്റെ വിജയപ്രതീക്ഷകള്‍ ഒന്നാകെ ഇല്ലാതായത്. 35 പന്തില്‍ നിന്നും 41 റണ്‍സുമായി മികച്ച നിലയില്‍ കളിച്ച ബാബര്‍ ഹയാത് പുറത്തായതോടെ ഹോങ് കോങ് കളിയവസാനിപ്പിച്ച മട്ടായിരുന്നു.

എന്നാല്‍ തോല്‍ക്കാന്‍ തയ്യാറാവാതെ കിഞ്ചിത് ഷാ അടിച്ചു തുടങ്ങിയപ്പോള്‍ ഹോങ്കോങ് വിജയപ്രതീക്ഷ വെച്ചുപുലര്‍ത്തി. ഷായെ ഭുവനേശ്വറും പുറത്താക്കിയതോടെ ബാക്കിയെല്ലാം ചടങ്ങ് മാത്രമായി. 40 റണ്‍സിന് ഹോങ് കോങ് പരാജയം ഏറ്റുവാങ്ങി.

നേരത്തെ ടോസ് നേടി ഹോങ്കോങ് എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 13 പന്തില്‍ നിന്നും 21 റണ്‍സുമായി ക്യാപ്റ്റന്‍ രോഹിത് ശര്‍മയായിരുന്നു ആദ്യം പുറത്തായത്. ഇന്നിങ്‌സിന്റെ തുടക്കത്തില്‍ കെ.എല്‍ രാഹുല്‍ ആദ്യം ടെസ്റ്റും പിന്നീടങ്ങോട്ട് ഏകദിനവും കളിക്കുന്ന കാഴ്ചയായിരുന്നു ദുബായില്‍ കണ്ടത്. 39 പന്തില്‍ നിന്നും 36 റണ്‍സുമായി കെ.എല്‍. രാഹുലും പുറത്തായി.

വണ്‍ ഡൗണായെത്തിയ വിരാടും നാലാമനായി ഇറങ്ങിയ സൂര്യകുമാറും ഇന്ത്യന്‍ ഇന്നിങ്‌സിനെ മുന്നോട്ട് നയിച്ചു.

ഒരുസമയം 150 പോലും കടക്കില്ലെന്ന് തോന്നിയ ഇന്ത്യന്‍ ഇന്നിങ്സിനെ ഇരുവരും ചേര്‍ന്ന് 192 റണ്‍സിലെത്തിച്ചു. 68 റണ്‍സാണ് സൂര്യ അവസാന ഏഴ് ഓവറില്‍ കളിക്കാനെത്തിയ ശേഷം നേടിയത്. 26 പന്ത് മാത്രമായിരുന്നു അദ്ദേഹം നേരിട്ടത്. എന്നാല്‍ അത്രയും പന്തുകള്‍ മാത്രം മതിയായിരുന്നു അദ്ദേഹത്തിന് എതിര്‍ ടീമിനെ തകര്‍ക്കാന്‍.

ആറ് സിക്സും ആറ് ഫോറുമാണ് സൂര്യയുടെ ഇന്നിങ്സിലുണ്ടായിരുന്നത്. അവസാന ഓവറില്‍ മാത്രം നാല് സിക്സറടക്കം 26 റണ്‍സാണ് അദ്ദേഹം അടിച്ചുകൂട്ടിയത്. മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ചും അദ്ദേഹമായിരുന്നു.

കഴിഞ്ഞ മത്സരത്തിലെ വിജയത്തോടെ ഇന്ത്യ സൂപ്പര്‍ ഫോറില്‍ പ്രവേശിച്ചിരിക്കുകയാണ്. അടുത്ത ദിവസം നടക്കുന്ന പാകിസ്ഥാന്‍ – ഹോങ്കോങ് മത്സരത്തിലെ വിജയികള്‍ ഇന്ത്യക്കൊപ്പം സൂപ്പര്‍ ഫോറില്‍ പ്രവേശിക്കും.

Content Highlight: Hong Kong captain about Suryakumar Yadav

Latest Stories

We use cookies to give you the best possible experience. Learn more