| Sunday, 21st December 2025, 5:40 pm

ഒരുപാട് കാര്യങ്ങള്‍ പഠിപ്പിച്ച സിനിമയാണ് റേച്ചല്‍; നടിയെന്ന നിലയില്‍ ഒരുപാട് വെല്ലുവിളികള്‍ നേരിട്ടു: ഹണി റോസ്

അശ്വിന്‍ രാജേന്ദ്രന്‍

2005 ല്‍ പുറത്തിറങ്ങിയ ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് ഹണി റോസ്. ഒരിടവേളക്ക് ശേഷം ശക്തമായ സ്ത്രീ കഥാപാത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്താന്‍ തയ്യാറെടുക്കുകയാണ് താരം. ആനന്ദിനി ബാല സംവിധാനം ചെയ്യുന്ന റേച്ചലിലൂടെയാണ് ഹണി റോസ് വീണ്ടും നായികാ വേഷമണിയുന്നത്.

റേച്ചല്‍. Photo: screen grab/ Goodwill entertainments/ youtube.com

മലയാളത്തിലെ മികച്ച സംവിധായകരിലൊരാളായ എബ്രിഡ് ഷൈന്‍ നിര്‍മിക്കുന്ന റേച്ചലിന്റെ ട്രെയിലറും ഗാനരംഗങ്ങളും ഇതിനോടകം പുറത്തുവന്നിരുന്നു. ചിത്രത്തില്‍ പരുക്കന്‍ സ്ത്രീ കഥാപാത്രമായെത്തുന്ന ഹണി റോസിന്റെ ട്രെയിലറിലെ രംഗത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്.

സിനിമയില്‍ ഇറച്ചിവെട്ടുകാരിയായ റേച്ചല്‍ എന്ന കഥാപാത്രമായി വേഷമിടുന്ന ഹണി റോസിന്റെ കരിയറില്‍ ഇതിന് മുമ്പ് ചെയ്തിട്ടില്ലാത്ത തരത്തിലുള്ള കഥാപാത്രമായിരിക്കും ഇതെന്നാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിടുന്ന വിവരം. കഥാപാത്രത്തിനായി ഒരുങ്ങുമ്പോള്‍ താന്‍ നേരിട്ട വെല്ലുവിളികളെ കുറിച്ചും പുതിയതായി പഠിച്ച കാര്യങ്ങളെക്കുറിച്ചും ഹണി റോസ് ചര്‍ച്ച ചെയ്തിരുന്നു.

ചിത്രത്തിലെ ഇറച്ചിവെട്ടുകാരിയായി മാറാന്‍ വേണ്ടി യഥാര്‍ത്ഥ ഇറച്ചിവെട്ടുകാരന്റെ കീഴില്‍ പരിശീലനം നടത്തിയ അനുഭവങ്ങളും നാടന്‍ തോക്ക് ഉപയോഗിച്ചുള്ള രംഗങ്ങളും പഴയ ജീപ്പ് ഓടിക്കാന്‍ പഠിച്ചതുമടക്കം സിനിമക്ക് വേണ്ടിയെടുത്ത തയ്യാറെടുപ്പുകള്‍ ഒരുപാടാണെന്ന് താരം പറയുന്നു. തന്റെ സാധാരണ മാനറിസത്തില്‍ നിന്നും മാറി പരുക്കനായ കഥാപാത്രത്തെ അവതരിപ്പിക്കുക എന്ന വലിയ വെല്ലുവിളിയാണ് ഹണി ഏറ്റെടുത്തത്.

കൈയ്യില്‍ ഒരു വിരലില്ലാത്ത ആളാണ് ഇറച്ചിവെട്ടു പഠിപ്പിക്കാനായി താരത്തിന്റെ അടുത്തേക്ക് വന്നതെന്നും അത്രയും ഭാരമുള്ള കത്തി ഉപയോഗിച്ച് പ്രേക്ഷകരെ വിശ്വസിപ്പിക്കത്തക്ക വിധത്തില്‍ ഒരു പ്രകടനം നടത്താന്‍ ഒരുപാട് പരിശീലനം ആവശ്യമായിരുന്നുവെന്നും താരം പറയുന്നു.

റേച്ചല്‍. Photo: screen grab/ Goodwill entertainments/ youtube.com

‘ചിത്രത്തില്‍ ഒരുപാട് സ്ഥലത്ത് നാടന്‍ തോക്കുകള്‍ ഉപയോഗിക്കുന്നുണ്ട്, വലിയ ശബ്ദമാണ് ഇത് ഫയര്‍ ചെയ്യുമ്പോള്‍ ഉണ്ടാകുക. ഷൂട്ടിന്റെ സമയത്ത് തോക്ക് ഫയര്‍ ചെയ്യുമ്പോള്‍ കണ്ണടക്കാതെ ഭയം മുഖത്ത് കാണിക്കാതെ അഭിനയിക്കുക എന്നത് ആദ്യം വലിയ ബുദ്ധിമുട്ടായിരുന്നു. പിന്നീട് ഒരുപാട് തവണ പ്രാക്ടീസ് ചെയ്താണ് ഇത് ശരിയാക്കിയെടുത്തത്,’ സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞു.

ചിത്രത്തിലെ ട്രെയിലറില്‍ കണ്ട ജീപ്പ് വളരെ പഴയ മോഡലാണെന്നും പരുക്കനായ ഈ ജീപ്പ് കൈകാര്യം ചെയ്തത് ഏറെ പണിപ്പെട്ടാണെന്നും ഹണി പറഞ്ഞു. തന്റെ മാനറിസങ്ങളും അറിവില്ലായ്മയും റേച്ചല്‍ എന്ന കഥാപാത്രത്തില്‍ വരാതിരിക്കാന്‍ ഏറെ കഷ്ടപ്പെട്ടിട്ടുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.

നേരത്തേ ഡിസംബര്‍ 12 ന് റിലീസ് ചെയ്യാനിരുന്ന ചിത്രം ചില കാരണങ്ങളാല്‍ മാറ്റിവെക്കുകയായിരുന്നു. പുതിയ തിയ്യതി അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.

Content Highlight: honey rose talks about challenges she faced while acting in rachel movie

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more