| Friday, 11th March 2022, 12:48 pm

വര്‍ഷത്തില്‍ ഒന്നോ രണ്ടോ സിനിമ, വേണമെങ്കില്‍ നിര്‍ത്തി പോവാം; നല്ല അവസരം വരുമെന്ന പ്രതീക്ഷയില്‍ യാത്ര തുടരുന്നു: ഹണി റോസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വ്യത്യസ്തങ്ങളായ ഒട്ടേറെ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ഹണി റോസ്. പതിനഞ്ച് വര്‍ഷത്തോളമായി അഭിനയ രംഗത്തുള്ള ഹണി റോസ് ഇതിനോടകം തന്നെ പല മെഗാസ്റ്റാറുകള്‍ക്കൊപ്പവും അഭിനയിച്ചിട്ടുണ്ട്.

മലയാളത്തിന് പുറമേ അന്യഭാഷാ ചിത്രങ്ങളിലും അഭിനയിക്കാന്‍ താരത്തിനായിട്ടുണ്ട്. 2005ല്‍ പുറത്തിറങ്ങിയ ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി റോസ് സിനിമാ ജീവിതം ആരംഭിക്കുന്നത്.

തെലുങ്ക് സൂപ്പര്‍ താരം നന്ദമൂരി ബാലകൃഷ്ണന്റെ നായികയാവാന്‍ തെലുങ്ക് പഠിക്കുന്ന തിരക്കിലാണ് താരമിപ്പോള്‍. സിനിമയുടെ ചിത്രീകരണ വേളയില്‍ ഹണി റോസ് ഫ്‌ളാഷ് മൂവിസിന് നല്‍കിയ അഭിമുഖമാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.

സിനിമ ഇല്ലാതിരുന്ന സമയത്തുപോലും തനിക്ക് ഇനിയൊരിക്കലും സിനിമ ചെയ്യേണ്ട എന്ന് തോന്നിയിട്ടില്ലെന്ന് പറയുകയാണ് താരം.

‘സിനിമയില്‍ എത്തിയിട്ട് പതിനേഴ് വര്‍ഷമായി. നീണ്ട യാത്രയായത് മാറുമെന്ന് വിചാരിച്ചില്ല. എന്തൊക്കെയോ സിനിമയില്‍ നിന്ന് പഠിച്ചു, ഇപ്പോഴും പഠിക്കുന്നു. നന്നായി പോവാന്‍ കഴിയുന്നുണ്ട്. വര്‍ഷത്തില്‍ ഒന്നോ രണ്ടോ സിനിമ, അല്ലെങ്കില്‍ രണ്ടോ മൂന്നോ വര്‍ഷം കൂടുമ്പോള്‍ സിനിമ ചെയ്യുന്നു. വേണമെങ്കില്‍ നിര്‍ത്തി പോവാം.

അതിന് എപ്പോഴേ സമയം കഴിഞ്ഞു. എന്നാല്‍ സിനിമ കുറഞ്ഞപ്പോഴും ഇനി വേണ്ട എന്ന് ഒരിക്കല്‍ പോലും തോന്നിയില്ല. എന്റെമേല്‍ ഏറ്റവും കൂടുതല്‍ വിശ്വാസം എനിക്ക് തന്നെയാണ്. ഇവിടെ തന്നെ നില്‍ക്കണം, നല്ല അവസരം വരുമെന്ന പ്രതീക്ഷയില്‍ സിനിമയോടുള്ള ഇഷ്ടത്തിലും ആഗ്രഹത്തിലും യാത്ര തുടരുന്നു,’ ഹണി റോസ് പറയുന്നു.

നല്ല സിനികളും കഥാപാത്രങ്ങളും ചെയ്യണമെന്ന് തോന്നുമ്പോള്‍ രൂപത്തില്‍ മാറ്റം വരുത്താന്‍ ശ്രമിക്കാറുണ്ടെന്നും ഹണി പറഞ്ഞു.

‘പതിനഞ്ചാം വയസിലാണ് സിനിമയില്‍ വരുന്നത്. ആ സമയത്ത് സിനിമയെ ഗൗരവമായി കണ്ടില്ല. ജന്മസിദ്ധമായ കഴിവില്ല. സിനിമയോട് പാഷന്‍ തോന്നി തുടങ്ങിയപ്പോള്‍ മുതല്‍ ആത്മാര്‍ത്ഥമായ പരിശ്രമം തുടങ്ങി. വളരെ പതുക്കെയായിരുന്നു അത്. ഓരോ കഥാപാത്രത്തിലേക്കും എത്തിപ്പെടാന്‍ സമയമെടുത്തു. നല്ല സിനിമകള്‍ വരണമെന്നും ചെയ്യണമെന്നും ആഗ്രഹിച്ചു. അപ്പോള്‍ മാറ്റം വരുത്താന്‍ ശ്രമിക്കും.

കഥാപാത്രങ്ങളെ കുറേകൂടി നന്നാക്കി ഉള്‍കൊണ്ട് ചെയ്യാമായിരുന്നെന്ന തോന്നല്‍ എപ്പോഴും കാണുമല്ലോ. അത് രൂപത്തിലൂടെയും അഭിനയത്തിലൂടെയും കൊണ്ടുവരാന്‍ ശ്രമിക്കുന്നു. അത് എത്രമാത്രം വിജയിക്കുന്നുണ്ടെന്ന് അറിയില്ല. ബോയ് ഫ്രണ്ടിന് ശേഷമുള്ള സിനിമ കണ്ടവര്‍ ആളാകെ മാറിയല്ലോ എന്ന് പറഞ്ഞു.

മാറ്റം സംഭവിക്കുന്ന രൂപമാണ് എന്റേതെന്ന് തോന്നുന്നു. പിന്നെ സമയം പ്രധാനം. അപ്പോള്‍ മാറ്റം സംഭവിക്കും. ജീവിച്ചിരിക്കുന്ന സമയം വരെ സിനിമയിലുണ്ടാവാനാണ് ആഗ്രഹം, അത്രമാത്രം പാഷനാണ് സിനിമയോട്,” താരം പറയുന്നു.

മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന മോണ്‍സ്റ്ററാണ് ഹണി റോസിന്റേതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.


Content Highlights: Honey Rose shares her experience in cinema industry

Latest Stories

We use cookies to give you the best possible experience. Learn more