| Monday, 1st December 2025, 4:49 pm

ഇപ്പോഴും സ്ട്രഗിളിങ് ഫേസിലൂടെയാണ് കടന്നുപോകുന്നത്; സൈബര്‍ ഇടങ്ങളിലെ സുരക്ഷക്ക് കര്‍ശനമായ നിയമങ്ങളുണ്ടാകണം: ഹണി റോസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒരു സ്‌ക്രീനിന് പിന്നിലിരുന്ന് മറ്റൊരാളുടെ സ്വാതന്ത്ര്യത്തെയും സ്വകാര്യതെയും ഹനിക്കുന്നത് ശരിയല്ലെന്ന് നടി ഹണിറോസ്. യാത്രകള്‍ ചെയ്യുന്ന, വിവിധ നാടുകളിലെ സംസ്‌കാരം സ്വന്തമാക്കുന്ന മനുഷ്യരുള്ള നാടാണ് കേരളമെന്നും അവിടെയാണ്, വസ്ത്രധാരണത്തിന്റെ പേരില്‍ പോലും പലരും പലപ്പോഴും കളിയാക്കലുകള്‍ കേള്‍ക്കേണ്ടി വരുന്നതെന്നും നടി പറഞ്ഞു. മലയാള മനോരമ ദിനപത്രത്തിനോട് സംസാരിക്കുകയായിരുന്നു ഹണിറോസ്.

‘മറ്റൊരാള്‍ക്ക് നമ്മുടെ ശരീരത്തെക്കുറിച്ച് മോശമായി സംസാരിക്കാന്‍ അവകാശമോ അധികാരമോ ഇല്ല. സൈബര്‍ ഇടങ്ങളില്‍ സുരക്ഷ ഉറപ്പാക്കണമെങ്കില്‍ കര്‍ശനമായ നിയമങ്ങളുണ്ടാകണം. ഒപ്പം ജനങ്ങളും ബോധവാന്മാരാകണം,’ഹണി റോസ് പറയുന്നു.

പ്രതീക്ഷിക്കാതെയാണ് താന്‍ സിനിമയിലെത്തിപ്പെട്ടതെന്നും പിന്നീട് സിനിമ സ്വപ്നവും കരിയറും പാഷനുമായി മാറിയെന്നും നടി പറഞ്ഞു. സിനിമയിലേക്കുള്ള വാതില്‍ തുറന്നത് തന്നെയായിരുന്നു ഏറ്റവും വലിയ ഭാഗ്യമെന്നും സിനിമയും അഭിനയവുമെല്ലാം പഠിച്ചത് സിനിമയിലൂടെത്തന്നെയാണെന്നും ഹണി റോസ് പറഞ്ഞു. ആദ്യ ചിത്രമായ ബോയ്ഫ്രണ്ടിന് ശേഷമാണ് തമിഴിലെത്തിയെന്നും നടി കൂട്ടിച്ചേര്‍ത്തു.

‘അധികം വൈകാതെ തെലുങ്കിലേക്കും പിന്നീട് കന്നഡയിലേക്കുമെത്തി. ജയപരാജയങ്ങള്‍ നിറഞ്ഞ കരിയറായിരുന്നു. എനിക്ക് ശരിയെന്ന് തോന്നിയ സിനിമകളാണ് ഞാന്‍ ചെയ്തിട്ടുള്ളത്. ചിലത് വര്‍ക്കായി. ചിലപ്പോള്‍ പരാജയപ്പെട്ടു. ഇപ്പോഴും ഒരു സ്ട്രഗിളിങ് ഫേസിലൂടെയാണ് കടന്നുപോകുന്നത്. ഒരു അഭിനേതാവെന്ന നിലയില്‍ പ്രേക്ഷകര്‍ അംഗീകരിക്കുന്ന സിനിമകള്‍ ചെയ്യണമെന്നാണ് ആഗ്രഹം,’ഹണിറോസ് പറയുന്നു.

റേച്ചലാണ് ഹണിറോസിന്റേതായി വരാന്‍ പോകുന്ന ചിത്രം. നവാഗതയായ ആനന്ദിനി ബാല സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബര്‍ 12നാണ് തിയേറ്ററുകളിലെത്തുന്നത്.

Content highlight:  Honey Rose says Strict laws are needed to ensure security in cyberspace

We use cookies to give you the best possible experience. Learn more