| Saturday, 6th December 2025, 8:05 pm

വിനയന്‍ സാര്‍ സംസാരത്തിനിടെ ആലങ്കാരികമായി സൂചിപ്പിച്ചൊരു കാര്യം, അതിനെ ആ അര്‍ത്ഥത്തിലേ എടുത്തിട്ടുള്ളൂ: ഹണി റോസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അടുത്തിടെ റേച്ചല്‍ സിനിമയുടെ പ്രസ് മീറ്റില്‍ ഹണി റോസിനെ കുറിച്ച് സംവിധായകന്‍ വിനയന്‍ പറഞ്ഞത് സോഷ്യല്‍ മീഡിയയില് ചര്‍ച്ചായായിരുന്നു. ഉദ്ഘാടന ചടങ്ങുകളിലൂടെ വലിയ തുക സമ്പാദിക്കുന്ന നടിയാണ് ഹണി റോസ് എന്നായിരുന്നു വിനയന്‍ പറഞ്ഞത്.

ഇപ്പോള്‍ ഈ അഭിപ്രായത്തോട് പ്രതികരിക്കുകയാണ് ഹണി റോസ്. പ്രചാരണ പരിപാടികളിലേക്ക് വലിയ സന്തോഷത്തോടെയാണ് താന്‍ ചെല്ലാറുള്ളതെന്നും പണം വാങ്ങിയും വാങ്ങാതെയും പോകാറുണ്ടെന്നും ഹണി റോസ് പറയുന്നു.

ഹണി റോസ് Photo: Honey Rose/ facebook. com

‘അതൊരു വരുമാനമാര്‍ഗമാണെന്ന് പറയുന്നതില്‍ യാതൊരു മടിയുമില്ല. വിനയന്‍ സാര്‍ അദ്ദേഹത്തിന്റെയൊരു സംസാരത്തിനിടെ ആലങ്കാരികമായി സൂചിപ്പിച്ചൊരു കാര്യം മാത്രമാണിത്. അതിനെ അതേ അര്‍ത്ഥത്തിലെ കാണുന്നുള്ളു,’ ഹണിറോസ് പറയുന്നു.

കുഞ്ഞു നാളുമുതല്‍ എല്ലാ കാര്യത്തിനും തനിക്കൊപ്പം ചേര്‍ന്ന് നില്‍ക്കുന്നത് അച്ഛനും അമ്മയുമാണെന്നും അത്രയേറെ കരുതലോടെയും സ്‌നേഹത്തോടെയുമാണ് അവര്‍ തന്നെ ചേര്‍ത്തു നിര്‍ത്തുന്നതെന്നും ഹണി റോസ് പറഞ്ഞു. ഒറ്റക്കുട്ടിയായി വളര്‍ന്നതിനാല്‍ അവരുടെ സ്‌നേഹം പങ്കിട്ടു പോകാതെ ആവോളം കിട്ടിയെന്നത് വലിയ ഭാഗ്യമാണെന്നും നടി പറഞ്ഞു.

‘വിവാദങ്ങളും സോഷ്യല്‍ മീഡിയയില്‍ പേര് മുന്‍നിര്‍ത്തിയുള്ള ചര്‍ച്ചകള്‍ തലപൊക്കുമ്പോഴും അവര്‍ക്ക് വലിയ പ്രശ്നമാണ്. അച്ഛനെയും അമ്മയെയും, എന്നെ ചേര്‍ത്ത് നിര്‍ത്തുന്നവരെയും മുറിവേല്‍പ്പിക്കാന്‍ സോഷ്യല്‍ മീഡിയയിലെ ചില പരാമര്‍ശങ്ങള്‍ക്ക് കഴിഞ്ഞേക്കും. എന്നാല്‍, അവയെയെല്ലാം തള്ളിക്കളയാന്‍ പാകപ്പെട്ട മനസാണ് എന്റേത്,’ ഹണി റോസ് പറഞ്ഞു.

ആനന്ദിനി ബാലയുടെ സംവിധാനത്തില്‍ ഹണി റോസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന റേച്ചല്‍ ഡിസംബര്‍ 12നാണ് തിയേറ്ററുകളിലെത്തുന്നത്. ചിത്രത്തില്‍ റോഷന്‍ ബഷീര്‍, ബാബുരാജ്, ജാഫര്‍ ഇടുക്കി തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Content Highlight: Honey Rose on the words spoken by director Vinayan

We use cookies to give you the best possible experience. Learn more